7 മാസത്തിനിടെ 4 മരണത്തിനിടയാക്കിയ മൈലപ്പള്ളിക്കടവിലെ 'സെല്ഫി മരം' വെട്ടി

കോട്ടയം ജില്ലയില് പൂവത്തുംമൂട് മഞ്ചാടിക്കവലയില് തൂക്കുപാലത്തിനു സമീപം മൈലപ്പള്ളിക്കടവ് കാഴ്ചയില് അതിസുന്ദരമാണെങ്കിലും എന്നും അപകടകാരിയായിരുന്നു. മൈലപ്പള്ളിക്കടവില് എത്തുന്നവര് ആറ്റിലേക്ക് ചാഞ്ഞു നിന്നിരുന്ന ഒരു ആറ്റുവഞ്ഞി മരത്തില് കയറി സെല്ഫി എടുക്കുന്നതും ആറ്റിലേക്ക് ചാടുന്നതുമെല്ലാം പതിവായിരുന്നെന്നു നാട്ടുകാര് പറയുന്നു.
ആ ആറ്റുവഞ്ഞി മരം നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനും ചേര്ന്ന് വെട്ടിമാറ്റി. ആറ്റില് അപകടക്കെണിയുള്ള മൈലപ്പള്ളിക്കടവില് അപായ സൂചനാ ബോര്ഡും വച്ചു.
7 മാസങ്ങള്ക്കുള്ളില് 4 മരണം നടന്ന മൈലപ്പള്ളിക്കടവില് അപായസൂചന ബോര്ഡ് ഇല്ലായിരുന്നു. മേയ് 15-ന് പുതുപ്പള്ളി കാലായില്പറമ്പില് ഗൗതം ലൈവി (21) ഇവിടെ ഒഴുക്കില്പെട്ടു മരിച്ചിരുന്നു. വിജയപുരം പഞ്ചായത്തിന്റെ ഇടപെടലിനെത്തുടര്ന്നാണ് കഴിഞ്ഞ ദിവസം ഇവിടെ ബോര്ഡ് സ്ഥാപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, വാര്ഡ് അംഗം ലളിത സുരേഷ് ബാബു, സുരേഷ് ബാബു, സജി മൈലപ്പള്ളി എന്നിവര് സ്ഥലം സന്ദര്ശിച്ച തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ-യോട് പ്രശ്നങ്ങള് അറിയിച്ചു.
https://www.facebook.com/Malayalivartha

























