ആള്മറയില്ലാത്ത കിണറ്റില് വീണ പശുക്കുട്ടിയെ രക്ഷിക്കാനിറങ്ങി കിണറ്റില് കുടുങ്ങിയയാളെ അഗ്നിരക്ഷാ സേന രക്ഷിച്ചു

മലപ്പുറത്ത് കൂറ്റമ്പാറ സ്കൂള്പടിയില് കാവേരി മൈതാനത്തിനു സമീപം ഇന്നലെ മേയുന്നതിനിടെ ആള്മറയില്ലാത്ത കിണറ്റില് വീണ പശുക്കിടാവിനെ രക്ഷിക്കാന് ഇറങ്ങിയ ഉടമയും കിണറില് കുടുങ്ങി. ഒടുവില് അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
കക്കോട്ടില് നാസറിന്റെ 6 മാസമായ പശുക്കിടാവാണ് ഇന്നലെ 4.30-യോടെ35 അടി താഴ്ചയുള്ള കിണറ്റില് വീണത്. നാട്ടുകാര് കയര് കെട്ടിയിറക്കി രക്ഷിക്കാന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടര്ന്നു നാസര് കിണറ്റില് ഇറങ്ങി രക്ഷാശ്രമം നടത്തിയതും പരാജയപ്പെട്ടു. നാസറിന് കയറാനും സാധിക്കാതായതോടെ അയല്വാസികള് ഇറക്കിക്കൊടുത്ത കോണിയില് പിടിച്ചുനിന്നു.
തുടര്ന്ന് നിലമ്പൂരില്നിന്ന് സ്റ്റേഷന് ഓഫിസര് എം.അബ്ദുല് ഗഫൂറിന്റെ നേതൃത്വത്തില് അഗ്നിരക്ഷാ സേനയും സിവില് ഡിഫന്സ് ഫോഴ്സും എത്തി. റെസ്ക്യു നെറ്റിന്റെ സഹായത്തോടെ നാസറിനെ രക്ഷിച്ചു. തുടര്ന്നു റെസ്ക്യു ഓഫിസര് എ.എസ്. പ്രദീപ് കിണറ്റില് ഇറങ്ങി റെസ്ക്യു ബെല്റ്റില് ബന്ധിച്ചു കിടാവിനെയും രക്ഷപ്പെടുത്തി.
https://www.facebook.com/Malayalivartha

























