നൊന്തുപെറ്റ മകനെ കത്തികൊണ്ട് കഴുത്തിൽ ആഞ്ഞുകുത്തുമ്പോഴും മനസ് പതറിയില്ല... കരഞ്ഞു കൊണ്ട് ഓടിയെത്തിയ പിഞ്ചു കുഞ്ഞിനെ മുറ്റത്തേയ്ക്ക് വലിച്ചറിയുമ്പോഴും കൈ വിറച്ചില്ല... ക്രൂരതകൾക്ക് ശേഷം മകന് കൊല്ലപ്പെട്ടെന്നോ മകള്ക്ക് പരിക്ക് പറ്റിയെന്നതോ അറിയാതെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ യുവതി... മണ്ണാര്ക്കാട് മാനസിക പ്രശ്നമുള്ള 'അമ്മ'യുടെ പ്രവര്ത്തികള് പുറം ലോകം അറിഞ്ഞത് നടുക്കത്തോടെ...

ഏഴുവയസ്സുകാരനെ അമ്മ വകവരുത്തി. ഇതിനു പുറമെ, ഒമ്ബത് മാസം പ്രായമായ പെണ്കുഞ്ഞിനെ മുറ്റത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു.
മണ്ണാര്ക്കാട് ഭീമനാട് ആണ് ഞെട്ടിപ്പിക്കുന്ന സംഭവം. മുഹമ്മദ് ഇര്ഫാന് എന്ന കുട്ടിയാണ് അമ്മയുടെ കൈകളാല് മരണപ്പെട്ടത്. വ്യാഴാഴ്ച പുലര്ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പുലര്ച്ചെ ഇര്ഫാന്റെ ഒമ്ബത് മാസം പ്രായമുള്ള ഇളയ സഹോദരിയുടെ കരച്ചില് കേട്ടാണ് അയല്ക്കാര് സംഭവമറിയുന്നത്.
വീടിന്റെ മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് ഉച്ചത്തില് കരയുകയായിരുന്നു. തുടര്ന്ന് അയല്ക്കാര് വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഏഴ് വയസ്സുകാരനെ രക്തത്തില് കുളിച്ച് കിടക്കുന്ന നിലയില് കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിനാണ് കത്തിക്ക് കുത്തേറ്റത്. അമ്മയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില് താമസിച്ചിരുന്നത്. ഇവരുടെ ഭര്ത്താവ് ആലുവയില് ജോലിസ്ഥലത്താണ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം വിശദമായ പരിശോധന നടത്തിവരികയാണ്. പ്രാഥമിക നടപടികള്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. അതേസമയം, യുവതിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് അധികൃതര് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ച് വര്ഷമായി ഇവര് പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നു.
ഇതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. മകനെ കുത്തിക്കൊന്ന ശേഷം ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞിനെ യുവതി വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞാണ് സൂചന. വീഴ്ചയില് കുഞ്ഞിന് സാരമായ പരിക്കേറ്റിട്ടുണ്ട്.
സംഭവമറിഞ്ഞ് നാട്ടുകാരും പോലീസും എത്തിയപ്പോള് ഇവര് വീടിന്റെ വരാന്തയില് തന്നെയുണ്ടായിരുന്നു. മകന് കൊല്ലപ്പെട്ടെന്നോ മകള്ക്ക് പരിക്ക് പറ്റിയെന്നതോ അറിഞ്ഞിരുന്നില്ല. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് യുവതി വീട്ടിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























