ഇലക്ഷൻ ഫണ്ടിൽ നിന്നും അരക്കോടിയുടെ വെട്ടിപ്പ് ; ഡെപ്യൂട്ടി കളക്ടറടക്കം 4 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ വിജിലൻസ് കോടതി ഉത്തരവ് ; അഴിമതി നടത്തിയത് ഇലക്ഷൻ വീഡിയോ ചിത്രീകരണ ബിൽ തുക മാറിയെടുത്തതിന്റെ മറവിൽ

പാർലമെൻറ് ഇലക്ഷൻ ഫണ്ടിൽ നിന്നും അരക്കോടി രൂപ വെട്ടിച്ചെടുത്ത് സ്വകാര്യ സ്ഥാപനത്തിന് നൽകിയ കേസിൽ ജില്ലാ കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടറടക്കം 4 പ്രതികൾ ഹാജരാകാൻ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി ഉത്തരവിട്ടു. അഴിമതി കേസ് വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിന് ആഗസ്റ്റ് 3 ന് പ്രതികൾ ഹാജരാകാനാണ് വിജിലൻസ് കോടതി ഉത്തരവ്. അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങൾ സെഷൻസ് കേസ് വിചാരണയുടെ പരിധിയിൽ വരുന്നതിനാലും രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാലും പ്രോസിക്യൂഷൻ കേസ് രേഖകളായ വിജിലൻസ് കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തുന്നത്. പ്രഥമ ദൃഷ്ട്യാ പ്രതികൾ കുറ്റം ചെയ്തതിന് അടിസ്ഥാനമുണ്ടെന്ന അനുമാനത്തിലാണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം സെഷൻസ് കേസിൽ പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തുന്നത്.
തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റിലെ ഇലക്ഷൻ സെൽ ഡെപ്യൂട്ടി കളക്ടർ ആർ.ബിജു , ഇലക്ഷൻ സെൽ ജൂനിയർ സൂപ്രണ്ട് എസ്.രമേശ് , ഇലക്ഷൻ സെൽ സീനിയർ ക്ലാർക്ക് എസ്.എസ്.സന്തോഷ് കുമാർ , കൈതമുക്കിൽ സെലി ട്രോണിക്സ് എന്ന പേരിൽ വീഡിയോ ചിത്രീകരണ സ്റ്റുഡിയോ നടത്തുന്ന വി. രവീന്ദ്ര കുമാർ എന്നിവരാണ് കേസിലെ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ.
2014 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2014 മാർച്ച് 5 ന് പാർലമെന്റ് ഇലക്ഷൻ പ്രഖ്യാപിച്ചതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ചെലവുകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും 14 വിവിധ ഹെഡ് ഓഫ് അക്കൗണ്ട് മുഖാന്തിരം എ എം എസ് എന്ന സോഫ്റ്റ് വെയർ വഴി തിരുവനന്തപുരം ജില്ലക്ക് 11, 21,94, 301 രൂപ അനുവദിച്ചു കിട്ടിയിരുന്നു. ഈ 11 കോടി 21 ലക്ഷം രൂപയിൽ നിന്നും ജില്ലയിലെ 4 വിവിധ താലൂക്കുകളിലെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി 12 വിവിധ ഹെഡ് ഓഫ് അക്കൗണ്ട് വഴി 4,73,52,025 രൂപ അതേ സോഫ്റ്റ് വെയർ വഴി വിതരണം ചെയ്ത ശേഷം തിരുവനന്തപുരം ഇലക്ഷൻ സെല്ലിലെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ലഭിച്ച 6, 62, 88, 437 രൂപയിൽ നിന്നുമാണ് പ്രതികൾ അരക്കോടിയുടെ തിരിമറി നടത്തിയതെന്ന് വിജിലൻസ് ഡി വൈ എസ് പി എ.അബ്ദുൾ വഹാബ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഇതിലേക്കായി ഒന്നു മുതൽ മൂന്നു വരെ പ്രതികൾ ഇലക്ഷൻ സെല്ലുമായി ബന്ധപ്പെട്ട വൗച്ചറുകൾ , രസീതുകൾ , ബിൽ ബുക്ക് , റീ - കൺസിലിയേഷൻ രജിസ്റ്റർ എന്നിവ മാറ്റി പൂഴ്ത്തി വെച്ചതിലൂടെ ഇലക്ഷൻ സെല്ലിലെ അപ്രോപ്രിയേഷൻ കൺട്രോൾ രജിസ്റ്ററിൽ തുക കുറവു വരുത്തി സർക്കാരിന് അന്യായ നഷ്ടവും പ്രതികൾക്ക് അന്യായ ലാഭവും ഉണ്ടാക്കി നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു.
ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെ ഇലക്ഷൻ സംബന്ധമായ വീഡിയോ ചിത്രീകരണം നടത്തുന്നതിലേക്ക് വേണ്ടി 2014 മാർച്ച് 4 ന് ദിന പത്രത്തിൽ ടെണ്ടർ വിജ്ഞാപനം നൽകി. അതനുസരിച്ച് ലഭിച്ച 8 ക്വട്ടേഷനുകളിൽ നിന്നും യൂണിറ്റൊന്നിന് 2,874 രൂപ ക്വാട്ട് ചെയ്ത സെലിട്രോണിക്സ് സ്ഥാപന ഉടമക്ക് 5,000 രൂപയുടെ നിരതദ്രവ്യം സ്വീകരിക്കാതെ മാർച്ച് 6 ന് ടെണ്ടർ അനുവദിച്ചു നൽകി. തുടർന്ന് സ്ഥാപന ഉടമ വീഡിയോ ചിത്രീകരണം പൂർത്തീകരിച്ച ശേഷം ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാക്കിയ 87 ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെയും വീഡിയോ റെക്കോഡ് ചെയ്ത 857 ഡി വി ഡികളുടെയും അടിസ്ഥാനത്തിൽ ഉടമയ്ക്ക് നിയമാനുസരണം ലഭിക്കേണ്ട 1,140 യൂണിറ്റിനുള്ള തുകയായ 32, 76 , 360 രൂപക്ക് പകരം 3,051 യൂണിറ്റിനുള്ള തുകയായ 85, 65, 037 രൂപ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 2014 ജൂൺ 13 ന് ഉടമയ്ക്ക് അവിഹിതമായി അനുവദിച്ച് കൊടുത്തു. ആയതിൽ വച്ച് സർക്കാർ ഖജനാവിന് 52, 88, 677 രൂപയുടെ അന്യായ നഷ്ടം സംഭവിപ്പിച്ചു. ഉദ്യോഗസ്ഥരായ പ്രതികൾ സ്ഥാപന ഉടമയുമായി ചേർന്ന് ഗൂഢാലോചന നടത്തി തങ്ങളുടെ ഔദ്യോഗിക ദുരുപയോഗം ചെയ്ത് വിശ്വാസ വഞ്ചന നടത്തി ഉടമയ്ക്ക് അവിഹിതമായി സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുത്ത് ശിക്ഷാർഹമായ കുറ്റം ചെയ്തുവെന്നാണ് കേസ്.
കുടപ്പനക്കുന്ന് സബ് ട്രഷറി യിലെ ബിൽ ഫയലുകൾ , തിരഞ്ഞെടുപ്പ് തുക വിതരണ - ചെലവഴിക്കൽ നിയന്ത്രണ രജിസ്റ്റർ , പ്രതികൾ ഓഡിറ്റ് ടീമിന് നൽകിയ തെറ്റായ തുക വിഹിത പത്രിക , കേരള സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് , വർക്കല , ആറ്റിങ്ങൽ , ചിറയിൻകീഴ് , നെടുമങ്ങാട് , വാമനപുരം , കഴക്കൂട്ടം , വട്ടിയൂർക്കാവ് , തിരുവനന്തപുരം , നേമം , അരുവിക്കര , പാറശ്ശാല , കോവളം , നെയ്യാറ്റിൻകര , കാട്ടാക്കട എന്നീ 14 നിയമസഭ മണ്ഡലങ്ങളിൽ നിന്നും വിജിലൻസ് ശേഖരിച്ച 857 ഡി വി ഡികൾ സി - ഡിറ്റിന്റെ ശാസ്ത്രീയ പരിശോധനക്ക് ശേഷം ലഭ്യമാക്കിയ സി-ഡിറ്റ് വിദഗ്ധന്റെ സാങ്കേതിക റിപ്പോർട്ട് , ഇലക്ഷൻ സെല്ലിലെ ബിൽ പ്രൊസീഡിംഗ്സ് ഫയൽ അടക്കം 32 പ്രാമാണിക തെളിവുകളും വായ് മൊഴി തെളിവുകളും കുറ്റപത്രത്തോടൊപ്പം വിജിലൻസ് ഹാജരാക്കിയിട്ടുണ്ട്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 (1) (സി) , (ഡി), 13 (2) ( സർക്കാർ ജീവനക്കാരായ പൊതുസേവകർ തങ്ങളുടെ ഓദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷിയായ സ്വകാര്യ വ്യക്തിക്ക് അവിഹിതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കി നൽകി സർക്കാർ ഖജനാവിന് അന്യായ നഷ്ടം സംഭവിപ്പിക്കൽ ) , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 409 ( പൊതുസേവകർ ചെയ്യുന്ന കുറ്റകരമായ ട്രസ്റ്റ് ലംഘനം ) , 120 - ബി ( കുറ്റകരമായ ഗൂഢാലോചന ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha

























