വിദേശത്തുനിന്ന് കോവിഡ് പരിശോധനാ സര്ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവര്ക്ക് വിമാനത്താവളത്തില് ആന്റിബോഡി പരിശോധന നിര്ബന്ധം

കോവിഡ് പരിശോധനാ സര്ട്ടിഫിക്കറ്റ് ഇല്ലാതെ വിദേശത്തുനിന്ന് എത്തുന്നവര് വിമാനത്താവളങ്ങളില് ആന്റിബോഡി പരിശോധനയ്ക്കു വിധേയരാകണമെന്ന് സര്ക്കാര്. ഖത്തറില്നിന്ന് ഇഹ്തിറാസ് ഗ്രീന് സ്റ്റാറ്റസ് ഉള്ളവര്ക്കുമാത്രമായിരിക്കും യാത്രാനുമതി; ഇവരും കേരളത്തില് പരിശോധനയ്ക്കു വിധേയരാകണം.
വിമാനമാര്ഗം പുറത്തേക്ക് യാത്രചെയ്യുന്നവരെയെല്ലാം യുഎഇയില് ആന്റിബോഡി ടെസ്റ്റിനു വിധേയമാക്കുന്നതിനാല് അവിടെനിന്നുള്ളവര്ക്ക് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാണ്. യാത്ര പുറപ്പെടുന്നതിനു മുന്പുള്ള 72 മണിക്കൂറിനിടെ നടത്തിയ പരിശോധനയായിരിക്കണം.
എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത വെബ്സൈറ്റില് റജിസ്റ്റര് ചെയ്യണം. ആന്റിബോഡി പരിശോധനയില് പോസിറ്റീവ് ആണെങ്കില് പിസിആര്, ജീന് എക്സ്പ്രസ്, ട്രൂനാറ്റ് എന്നിവയില് ഒരു പരിശോധന. എല്ലാ യാത്രക്കാര്ക്കും 14 ദിവസം നിര്ബന്ധിത ക്വാറന്റീന്, നിബന്ധനകള് ലംഘിക്കുന്നവര്ക്കെതിരെ ദുരന്തനിവാരണ നിയമം, പകര്ച്ചവ്യാധി തടയല് നിയമം എന്നിവ പ്രകാരം നടപടിയെടുക്കും. ഇവയാണ് മറ്റു നിര്ദേശങ്ങള്.
ചാര്ട്ടേഡ് വിമാനങ്ങള്ക്ക് എതിര്പ്പില്ലാ രേഖ (എന്ഒസി) ലഭിക്കുന്നതിനായി ചില നിബന്ധനകള് ഏര്പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. അപേക്ഷകള് കുറഞ്ഞത് 7 ദിവസം മുന്പ് നോര്ക്കയില് ലഭിക്കണം. ഇന്നലെ 72 വിമാനങ്ങള്ക്ക് അനുമതി നല്കി. ഇവയില് 14,058 യാത്രക്കാര് എത്തും. വിമാനങ്ങളില് 71 എണ്ണവും ഗള്ഫ് രാജ്യങ്ങളില് നിന്നാണ്. ഇതുവരെ 543 വിമാനങ്ങളും 3 കപ്പലുകളും കേരളത്തില് എത്തി. വിമാനങ്ങളില് 335 എണ്ണവും ചാര്ട്ടേഡാണ്.
മറ്റു സംസ്ഥാനങ്ങളില്നിന്നു വിവാഹ ആവശ്യത്തിന് എത്തുന്നവര്ക്ക് ഇളവ് അനുവദിച്ച് ഉത്തരവായി. കോവിഡ് ജാഗ്രതാ പോര്ട്ടലില് റജിസ്റ്റര് ചെയ്യുന്നതിനോടൊപ്പം വിവാഹ കാര്ഡും അപ്ലോഡ് ചെയ്യണം. അനുവാദമില്ലാതെ മറ്റു സ്ഥലങ്ങള് സന്ദര്ശിക്കരുത്. വരനും വധുവിനും ഒപ്പമെത്തുന്ന ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും (പരമാവധി 5 പേര്) ക്വാറന്റീന് വേണ്ട. 7 ദിവസം സംസ്ഥാനത്തു താമസിക്കാം.
മറ്റു സംസ്ഥാനങ്ങളില്നിന്ന് എത്തുന്ന വിദ്യാര്ഥികള്ക്കും ബിസിനസുകാര്ക്കും സര്ക്കാര് ഉദ്യോഗസ്ഥര്ക്കും ക്വാറന്റീനില് ഇളവുകള് അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha

























