ഇനി ബോധവല്ക്കരണം ഇല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ, നിയന്ത്രണം ലംഘിച്ചാല് അറസ്റ്റ്, പിഴ, വിശദ ഉത്തരവ് ഇന്നിറങ്ങും

കോവിഡ് നിയന്ത്രണം ലംഘിക്കുന്നവര്ക്ക് ബോധവല്ക്കരണം ഇനിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കേരള പൊതുജനാരോഗ്യ നിയമം, പകര്ച്ചവ്യാധി നിരോധന നിയമം, ഐപിസി 269 (പകര്ച്ചവ്യാധി ഉണ്ടാക്കുന്ന തരത്തില് പ്രവര്ത്തിക്കുക) എന്നിവ പ്രകാരം അറസ്റ്റ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്യും. 5000 രൂപ വരെ പിഴ ലഭിക്കാം. അടച്ചില്ലെങ്കില് തടവു ശിക്ഷ അനുഭവിക്കണം. വിശദ ഉത്തരവ് ഇന്നിറങ്ങും.
സമൂഹവ്യാപന ഭീഷണിയുള്ള തിരുവനന്തപുരം, പാലക്കാട്, തൃശൂര്, മലപ്പുറം, കണ്ണൂര്, കാസര്കോട് ജില്ലകളില് അതിജാഗ്രതാ നിര്ദേശം നല്കി. ഏതാണ്ട് 61,000 വരുന്ന പൊലീസ് സേനയുടെ 90% പേരെയും കോവിഡ് പ്രതിരോധത്തിനായി നിയോഗിച്ചു.
പ്രവാസികള് വിമാനത്താവളത്തില് നിന്നു നേരെ വീട്ടിലേക്കു പോയി ക്വാറന്റീനില് കഴിയുന്നതായി പൊലീസ് ഉറപ്പാക്കും. കണ്ടെയ്ന്മെന്റ് സോണുകളിലും ക്വാറന്റീനിലുള്ളവരെയും കര്ശനമായി നിരീക്ഷിക്കും. കൂടുതല് ആളെ കയറ്റുന്ന വാഹനങ്ങള് പിടിച്ചെടുക്കും.
ലോക്ഡൗണ് ഇളവുകള് വന്നതോടെ സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ആളുകള് പൊതു സ്ഥലത്തിറങ്ങുന്നതിനാല് അപകടകരമായ സ്ഥിതിയിലേക്കാണു കാര്യങ്ങള് നീങ്ങുന്നത്. പ്രധാന റോഡുകളില് ബാരിക്കേഡ് സ്ഥാപിക്കും. കണ്ടെയ്ന്മെന്റ് സോണില്നിന്ന് ആരെയും പുറത്തേക്കും പുറത്തുള്ളവരെ അകത്തേക്കും പോകാന് അനുവദിക്കില്ല.
അതിഥിത്തൊഴിലാളികളെ അതിര്ത്തിയില് തടയുന്ന പ്രവണത ഒഴിവാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്ക്ക് നിര്ദേശം നല്കി. മടങ്ങി വരുന്ന തൊഴിലാളികളെ സംസ്ഥാനത്തു പ്രവേശിക്കുമ്പോള് തന്നെ ക്വാറന്റീന് കേന്ദ്രത്തിലേക്കു മാറ്റണമെന്നും നിര്ദേശിച്ചു. പലരും ഇളവുകള് ദുരുപയോഗിക്കുന്നു. അതിനാല് വ്യാപാര സ്ഥാപനങ്ങളില് അടക്കം നിയന്ത്രണങ്ങള് കര്ശനമായി നടപ്പാക്കും.
https://www.facebook.com/Malayalivartha

























