കോവിഡ് : പിഎസ്സി നിയമനങ്ങളെ ബാധിക്കുന്നു, റാങ്ക് പട്ടികകള് കാലഹരണപ്പെടുന്നു

കോവിഡ് മൂലം പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്നതു വൈകുന്നതും ദിവസേന റാങ്ക് പട്ടികകള് കാലഹരണപ്പെടുകയും ചെയ്യുന്നത് പിഎസ്സി നിയമനങ്ങളെ ബാധിക്കുന്ന സ്ഥിതിയായി. പിഎസ്സി ഇരുനൂറോളം തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും പരീക്ഷ നടത്താന് സാധിക്കാത്ത സാഹചര്യമാണ്.
റാങ്ക്പട്ടിക കാലഹരണപ്പെട്ടാല് നീട്ടാനാകില്ലെന്നാണു നിയമം. അതിനാല് അതിനു മുമ്പ് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്ഥികള് ആവര്ത്തിച്ച് ആവശ്യപ്പെട്ടിട്ടും, കാലഹരണപ്പെടുന്നതിനു മുന്പു നീട്ടാന് പറ്റില്ലെന്ന നിലപാടിലാണ് അധികൃതര്. സര്ക്കാര് തീരുമാനിച്ചാലേ പിഎസ്സിക്കു നീട്ടാനാകൂ.
സിവില് എക്സൈസ് ഓഫിസര്, ഹൈസ്കൂള് - കോളജ് അധ്യാപക തസ്തികകള് ഉള്പ്പെടെ ലോക്ഡൗണ് മൂലം 3 മാസത്തേക്ക് കാലാവധി നീട്ടിയ റാങ്ക് പട്ടികകള് കഴിഞ്ഞ 19-ന് കാലഹരണപ്പെട്ടു. നൂറോളം റാങ്ക് പട്ടികകളാണു റദ്ദായത്. അസി. സര്ജന്റെ റാങ്ക് പട്ടിക നാളെയും സിവില് പൊലീസ് ഓഫിസര് പട്ടികകള് 30-നും കാലഹരണപ്പെടും. സിവില് പൊലീസ് ഓഫിസര് റാങ്ക് പട്ടികകളില് നിന്നുള്ള നിയമന നടപടിയെ കോപ്പിയടി വിവാദം ബാധിച്ചിരുന്നു. ഇതേ രീതിയില് 6 മാസം കൂടി പോയാല് പല തസ്തികകളിലും നിയമനം നടത്താന് റാങ്ക് പട്ടിക ഇല്ലാത്ത അവസ്ഥയാകും.
കോവിഡ് മൂലം സെക്രട്ടേറിയറ്റില് ജീവനക്കാരില്ലെന്ന മറുപടിയാണ് നിയമനം സംബന്ധിച്ച് പിഎസ്സി, സര്ക്കാരിനോടു വിശദീകരണം ചോദിച്ചാലും ലഭിക്കുന്നത്. ചില തസ്തികകളില് പരീക്ഷ കഴിഞ്ഞെങ്കിലും രേഖകളുടെ പരിശോധന, ഇന്റര്വ്യൂ, കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ് തുടങ്ങിയവ മുടങ്ങിയതിനാല് പട്ടിക വന്നിട്ടില്ല. മാസങ്ങളായി മുടങ്ങിക്കിടന്ന ഇന്റര്വ്യൂവും രേഖകളുടെ പരിശോധനയും പുനരാരംഭിക്കാന് തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മൂലം കായികക്ഷമതാ പരീക്ഷയും അളവെടുപ്പും നടത്തുന്നതിനുള്ള സ്ഥലസൗകര്യം ലഭ്യമല്ല.
https://www.facebook.com/Malayalivartha

























