കേരള സ്കൂള് ഫോര് ബ്ലൈന്ഡിലെ അധ്യാപകന്റെ പഠനസഹായി കാഴ്ചയില്ലാത്തവര്ക്കായി അറിവിന്റെ 'മിഴി' തുറന്നു!

ഓണ്ലൈന് ക്ലാസ് കേള്ക്കുന്ന കാഴ്ചയില്ലാത്ത വിദ്യാര്ഥി കാര്യങ്ങള് എങ്ങനെ മനസ്സിലാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഓണ്ലൈന് ക്ളാസ്സിലെ അധ്യാപിക നൂറിന്റെ ഒരു കറന്സി നോട്ടും പത്തിന്റെ നോട്ടും എടുത്ത് രണ്ടും കൂട്ടിയാല് 110 കിട്ടും എന്നു പഠിപ്പിക്കുമ്പോള് സാധാരണ വിദ്യാര്ഥിക്ക് എളുപ്പം മനസ്സിലാകും.
വള്ളിക്കാപ്പറ്റയിലെ കേരള സ്കൂള് ഫോര് ബ്ലൈന്ഡിലെ അധ്യാപകന് എ.കെ.നാസര്, ഇത്തരം കാഴ്ചകളൊക്കെ ശബ്ദവും സ്പര്ശവുമായി കുട്ടികളിലെത്തിക്കാനൊരു മറുവിദ്യ പറയുന്നു. രക്ഷിതാക്കളോട് ഒരു മാലമുത്ത് എടുത്ത് ഇത് 100 ആണെന്നും കാര്ഡ് ബോര്ഡ് കഷണം എടുത്ത് ഇത് 10 ആണെന്നും സങ്കല്പ്പിക്കാന് കുട്ടികളോടു പറയാന് നിര്ദേശിക്കുന്നു. തുടര്ന്ന് രണ്ടും കൂട്ടിയാല് 110 കിട്ടും എന്നു പഠിപ്പിക്കുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണ്ലൈന് ക്ലാസുകള് വീണ്ടും മറ്റൊരു രൂപത്തിലേക്ക് മാറ്റിയാണ് അധ്യാപകര് ഇവിടെ പരിചയപ്പെടുത്തുന്നത്. പഠനപ്രവര്ത്തനങ്ങളും നല്കും. അവ വോയ്സ് ക്ലിപ്പുകള് ആയും വിഡിയോ ആയും തിരിച്ച് അയയ്ക്കാന് പറയും. അങ്ങനെ വിദ്യാര്ഥികള് അയച്ചുകൊടുത്ത ക്ലിപ്പുകള് ചേര്ത്ത് അവര് ഒരു ഡിജിറ്റല് മാഗസിനും തയാറാക്കി. - 'മിഴി'. രക്ഷിതാക്കളും വിദ്യാര്ഥികളും ഉള്പ്പെട്ട വാട്സാപ് ഗ്രൂപ്പുകള് ആണ് ഇതിനായി ഉപയോഗിക്കുന്നത്.
ഓരോ വിഷയങ്ങള്ക്കും നല്കിയ ലിങ്കുകള് വഴിയാണ് മാഗസിന് അനുഭവിക്കാനാകുന്നത്. പ്രധാനാധ്യാപകന് എ.കെ.യാസിര്, മലയാളം ക്ലബ്ലിന്റെ ചുമതലയുള്ള എ.കെ.നാസര് എന്നിവരുടെ നേതൃത്വത്തിലാണ് മാഗസിന് തയാറാക്കിയത്. അധ്യാപകന് എ.സൂരജാണ് ഡിസൈന് ചെയ്തത്. ഡിജിറ്റല് മാഗസിന്റെ പ്രകാശനം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫിസില് കെ.എസ്.ഷാജന് നിര്വഹിച്ചു. എ.കെ.യാസിര് അധ്യക്ഷനായി. യു.കെ.അബൂബക്കര് പ്രസംഗിച്ചു.
പഠനവിഷയങ്ങള്ക്കു പുറമേ ബ്രെയില്, ഓറിയന്റേഷന് ആന്ഡ് മൊബിലിറ്റി, ക്രാഫ്റ്റ്, സംഗീതം, നിത്യജീവിത നൈപുണ്യം തുടങ്ങി തങ്ങളുടെ വിദ്യാര്ഥികള്ക്ക് പ്രത്യേകം ആവശ്യമുള്ള വിഷയങ്ങളും മാഗസിനില് ചേര്ത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























