ലോകം മുഴുവൻ ഇനി ചൈന കാണും; തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗതിനിർണയ സംവിധാന ശൃംഖലയിലെ അവസാന ഉപഗ്രഹം വിക്ഷേപിച്ചു; ‘ബെയ്ദു ലക്ഷ്യം കാണുമ്പോൾ

യുഎസിന്റെ സ്വാധീനം എല്ലാ രംഗത്ത് നിന്നും കുറയ്ക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ചൈനയുടെ ആ ലക്ഷ്യത്തിന്റെ മുന്നോടിയായി മറ്റൊരു നീക്കം നടത്തിയിരിക്കുകയാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗതിനിർണയ സംവിധാന ശൃംഖലയിലെ അവസാന ഉപഗ്രഹം ചൈന വിക്ഷേപിച്ചു. ‘ബെയ്ദു’ എന്നു പേരിട്ട ഈ സംവിധാനം നിലവിൽ വരുന്നതോടെ ലോകമെങ്ങും ചൈനയുടെ മറ്റൊരു നിരീക്ഷണക്കണ്ണ് കൂടിയാണ് തുറക്കുന്നത്. യുഎസിന്റെ ജിപിഎസിന് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) കടുത്ത വെല്ലുവിളിയുയർത്തുകയാണ് ബെയ്ദു. ഇത് പ്രാബല്യത്തിൽ വരുന്നതോടെ സ്വന്തം ഗതിനിർണയ സംവിധാനമുള്ള ലോകത്തെ നാലാമത്തെ രാജ്യമായി ചൈനയും മാറും . നിലവിൽ യുഎസിനു പുറമേ റഷ്യയുടെ ജിഎൽഒഎൻഎഎസ്എസ്, യൂറോപ്യൻ യൂണിയന്റെ ഗലീലിയോ എന്നിവയാണുള്ളത്. ഇന്ത്യയും ജപ്പാനും സമാന സംവിധാനത്തിന്റെ ചെറിയ വേർഷൻ ഉപയോഗിക്കുന്നുണ്ട്.20ഓളം വർഷങ്ങളെടുത്താണ് ചൈന ബെയ്ദു വികസിപ്പിച്ചത്. ‘ലോകത്തിനും മനുഷ്യരാശിക്കും വേണ്ടിയാണ്’ ബെയ്ദുവെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം പീപ്പിൾസ് ഡെയ്ലി വിശേഷിപ്പിച്ചത്. ചൈനീസ് സൈന്യം ഉൾപ്പെടെ യുഎസിന്റെ ജിപിഎസിനെയാണ് ആശ്രയിക്കുന്നത്.
യുഎസിന്റെ സ്വാധീനം കുറയ്ക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. എന്നാൽ ബെയ്ദുവിന്റെ മാത്രം പ്രത്യേകതയായി ഒന്നും എടുത്തു പറയാനില്ലെന്നാണ് ന്യൂ സൗത്ത് വെയ്ൽസ് സർവകലാശാലയിലെ ഓസ്ട്രേലിയൻ സെന്റർ ഫോർ സ്പേസ് എൻജിനീയറിങ് റിസർച്ച് (എസിഎസ്ഇആർ) ഡയറക്ടർ ആന്ഡ്രൂ ഡെംപ്സ്റ്റർ വ്യക്തമാക്കുന്നത്. ‘കൈവശം ഇങ്ങനൊന്നുണ്ട് എന്ന് മേനി പറയാൻ മാത്രമേ ഇതുപകരിക്കൂ. ചന്ദ്രനിലേക്കു പോകുന്നതും അവിടെ പതാക സ്ഥാപിക്കുന്നതും പോലെയിരിക്കും ഇതെന്നും ഡെംപ്സ്റ്റർ പറയുന്നു. ശത്രു രാജ്യത്തിന്റെ ഗതിനിർണയ സംവിധാനങ്ങൾ സൈന്യം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ നേരിടാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ഗതിനിർണയ സംവിധാനങ്ങള്ക്കാകും എന്നതും ശ്രദ്ധേയം . സൈനിക നീക്കം കൃത്യമായി വിലയിരുത്താനും മറ്റും ഈ സംവിധാനത്തിന്റെ ഉടമസ്ഥ രാജ്യത്തിനു കഴിയും. വർഷങ്ങളായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) യുഎസിന്റെ ജിപിഎസ്സാണ് കൃത്യമായി ആശ്രയിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ബെയ്ദു വന്നതോടെ പിഎൽഎയിൽ വലിയതോതിൽ അത് ഉപയോഗിക്കപ്പെടുന്നുണ്ട്. നേരത്തേ ചൈനീസ് സൈന്യത്തിനു കിട്ടാതിരുന്ന പല ഗുണങ്ങളും ഇതുവഴി പിഎൽഎയ്ക്കു കിട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha

























