വീണ്ടും ഉരുള്‍ പൊട്ടാനും നദികളില്‍ വെള്ളം പൊങ്ങാനും ഇടയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്, 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്

പുഴകളില്‍ വെള്ളം പൊങ്ങാനും വീണ്ടും ഉരുള്‍ പൊട്ടാനും ഇടയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. മലയോര മേഖലയില്‍ രാത്രി ഗതാഗതം നിരോധിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; തീരവാസികള്‍ ജാഗ്രത പുലര്‍ത്തണം. അപകടമേഖലയിലുള്ളവരെ അടിയന്തരമായി മാറ്റാന്‍ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ മഴ കുറയും. നാളെ മറ്റൊരു ന്യൂനമര്‍ദം രൂപംകൊള്ളുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് നിഗമനം.
വയനാട്, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെലോ അലര്‍ട്ടും നല്കി.
ഇടുക്കിയിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പത്തനംതിട്ടയിലെ മൂഴിയാര്‍, തൃശൂരിലെ പെരിങ്ങല്‍ക്കുത്ത് എന്നീ ചെറു ഡാമുകളില്‍ ജലനിരപ്പ് അപകടനിലയിലും മുകളിലെത്തിയതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഉള്‍പ്പെടെയുള്ള വലിയ ഡാമുകളില്‍ മുന്നറിയിപ്പില്ല.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി 4 തരം ദുരിതാശ്വാസ ക്യാംപുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും രോഗലക്ഷണമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ അപകടസാധ്യത കൂടിയവര്‍ക്കും സാധാരണക്കാര്‍ക്കും വെവ്വേറെ ക്യാംപുകളുണ്ടാകും. ജലാശയങ്ങളിലിറങ്ങരുതെന്നും പാലങ്ങളില്‍ കാഴ്ച കാണാന്‍ നില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.
ഇടുക്കി, വയനാട് ജില്ലകളിലാണ് അതിതീവ്രമഴ പെയ്തത്. ഇടുക്കിയിലെ പീരുമേട്ടില്‍ 26.1 സെന്റിമീറ്റര്‍ മഴ പെയ്തു. മറ്റു സ്ഥലങ്ങളിലിങ്ങനെ- ഇടുക്കി 22.1, മൂന്നാര്‍ 22.9, മാനന്തവാടി 21.
https://www.facebook.com/Malayalivartha
























