ലൈസന്‍സ് പുതുക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടിയ സംഭവത്തില്‍ തോക്ക് ഉടമ അറസ്റ്റിലായി, ലൈസന്‍സും പോയി!

കോട്ടയം താലൂക്ക് ഓഫിസില്‍ തോക്കിന്റെ ലൈസന്‍സ് പുതുക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടിയ സംഭവത്തില്‍ തോക്ക് ഉടമയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഈസ്റ്റ് പൊലീസ് എസ്‌ഐ ശ്രീജിത്തും സംഘവും, തോക്കുടമ തെള്ളകം മാടപ്പാട്ട് ബോബന്‍ തോമസുമായി ഭരണങ്ങാനത്തെ ആര്‍മറിയില്‍ എത്തി ബോബന്‍ അവിടെ സറണ്ടര്‍ ചെയ്തിരുന്ന തോക്കും തിരകളും കണ്ടെടുത്തു. ബോബന്‍ തോമസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
തഹസില്‍ദാര്‍ പി.ജെ.രാജേന്ദ്രബാബുവിന്റെ മൊഴി പ്രകാരമാണ് നടപടി. പിടിച്ചെടുത്ത തോക്ക് ബാലിസ്റ്റിക് വിഭാഗത്തില്‍ അയച്ചു പരിശോധനാ റിപ്പോര്‍ട്ട് വാങ്ങി കോടതിയില്‍ സമര്‍പ്പിക്കും. ലൈസന്‍സ് റദ്ദാക്കാന്‍ എഡിഎമ്മിനു റിപ്പോര്‍ട്ട് നല്‍കി. നിറതോക്ക് അശ്രദ്ധമായും മനുഷ്യജീവന് അപകടകരമായും ഉപയോഗിച്ചെന്നാണ് കേസ്.
കഴിഞ്ഞ ദിവസം താലൂക്ക് ഓഫിസില്‍ തഹസില്‍ദാര്‍ പി.ജി.രാജേന്ദ്രബാബുവിന്റെ മുറിക്കു പുറത്തു വച്ചാണു തോക്ക് പൊട്ടിയത്. ഏറെക്കാലമായി ഈ പിസ്റ്റള്‍ എടുത്തിരുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ തോക്ക് സറണ്ടര്‍ ചെയ്യണമെന്നതിനാലാണ് പുതുക്കുന്നതിനു അപേക്ഷ സമര്‍പ്പിച്ചത്. തഹസില്‍ദാര്‍ ഓഫിസില്‍ പരിശോധനയ്ക്കു വേണ്ടി എത്തിച്ചപ്പോഴാണ് വെടിപൊട്ടിയത്. തിരയിടുന്ന അറയില്‍ വെടിയുണ്ട ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു വെടിയുണ്ട തോക്കിന്റെ ചേംബറില്‍ കിടന്നത് അറിഞ്ഞില്ലെന്നാണ് ബോബന്‍ തോമസ് പറയുന്നത്.
https://www.facebook.com/Malayalivartha























