അഞ്ച് വര്‍ഷം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം, മരണത്തില്‍ ദുരൂഹതയെന്ന് ബന്ധു

തൃക്കുന്നപ്പുഴ പാനൂര്‍ പൂത്തറയില്‍ മുഹമ്മദ് മുസ്തഫ (34) അഞ്ച് വര്‍ഷം മുന്‍പ് മരിച്ച സംഭവത്തില്‍ ദുരൂഹത ഉള്ളതിനാല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് മുസ്തഫയുടെ ഭാര്യ സുമയ്യയുടെ ബന്ധു കൊക്കാടംതറയില്‍ ഇര്‍ഷാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
ഹൃദയാഘാതം മൂലമാണ് 2015 നവംബര്‍ 15-ന് മുഹമ്മദ് മുസ്തഫ മരിച്ചത് എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ തൃക്കുന്നപ്പുഴ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭാര്യ സുമയ്യയുടെ മൊഴി അടുത്തിടെ എടുത്തപ്പോള്‍ തൂങ്ങി മരിച്ചതാണെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ചെങ്ങന്നൂര്‍ ആര്‍ഡിഒ ജി.ഉഷാകുമാരിയുടെ നേതൃത്വത്തിലായിരുന്നു ഹൈക്കോടതി നിര്‍ദേശാനുസരണമുള്ള പോസ്റ്റ്‌മോര്‍ട്ടം. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രഫസറും ഡപ്യൂട്ടി പൊലീസ് സര്‍ജനുമായ ഡോ.ബി.കൃഷ്ണന്റെ നേതൃത്വത്തില്‍ ഡോ.നിതിന്‍ മാത്യു, ഡോ.ദീപ്തി എന്നിവരാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇന്നലെ 10.30-ന് തുടങ്ങിയ പോസ്റ്റ്‌മോര്‍ട്ടം 1.30-ന് പൂര്‍ത്തിയായി.
ഡിഎന്‍എ ഉള്‍പ്പെടെ വിവിധ പരിശോധനകള്‍ക്കായി മുടി, പല്ല്, അസ്ഥികള്‍ തുടങ്ങിയവയുടെ സാംപിള്‍ ശേഖരിച്ചു. പരിശോധനകളുടെ റിപ്പോര്‍ട്ട് ലഭിക്കാന്‍ ഒരു മാസം വേണ്ടി വരും. കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ ഡി.സി.ദിലീപ് കുമാര്‍, വിരലടയാള വിദഗ്ധന്‍ ജി.അജിത്ത്, സയന്റിഫിക് വിദഗ്ധ ചിത്ര, തൃക്കുന്നപ്പുഴ സിഐ ടി.ദിലീഷ്,എസ്‌ഐ കെ.ബി.ആനന്ദബാബു എന്നിവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha


























