മുള്ളൂര്‍ക്കര ക്വാറിയിലെ സ്‌ഫോടനം; മരിച്ചത് ഉടമകളിലൊരാളായ അബ്ദുല്‍ റഷീദ്; പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം!! പൊട്ടിത്തെറിച്ചത് മാസങ്ങളായി അടഞ്ഞുകിടന്ന ക്വാറിയില്‍ ഭൂമിക്കടിയില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍; ഭൂചലനമാണെന്നു കരുതി ജനം പരിഭ്രാന്തരായി, സമീപ മേഖലകളിലെ ഒട്ടേറെ വീടുകളുടെ ഭിത്തികളില്‍ വിള്ളൽ ഉണ്ടായി

വടക്കാഞ്ചേരി മുള്ളൂര്‍ക്കര വാഴക്കോട്ടെ കരിങ്കല്‍ ക്വാറിയില്‍ ഇന്നലെ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത് ക്വാറി ഉടമകളിലൊരാളായ അബ്ദുല്‍ റഷീദ് (45). മുള്ളൂര്‍ക്കര വാഴക്കോട് വളവ് മൂലയില്‍ ഹസനാരുടെ മകനാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ അടക്കം അഞ്ച് പേര്‍ക്കു പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
മുള്ളൂര്‍ക്കര വാഴക്കോട് വളവ് മൂലയില്‍ ഹസനാരുടെ മകന്‍ അബ്ദുല്‍ റഷീദ് (45) ആണു മരിച്ചത്. സഹോദരന്‍ മൂലയില്‍ അബ്ദുല്‍ അസീസ് (47), മുള്ളൂര്‍ക്കര കുറ്റിയമച്ചിക്കല്‍ അബൂബക്കര്‍ (45), കിരണ്ടുപറമ്പിൽ ഉമ്മര്‍ (40), കോലോത്തുകുളം അലിക്കുഞ്ഞ് (35), ഇതരസംസ്ഥാന തൊഴിലാളിയായ ഛോട്ട (24) എന്നിവര്‍ക്കാണു പരുക്കേറ്റത്. അലിക്കുഞ്ഞിനെ അശ്വനി ആശുപത്രിയിലും മറ്റുള്ള 4 പേരെ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മാസങ്ങളായി അടഞ്ഞുകിടന്ന ക്വാറിയില്‍ ഭൂമിക്കടിയില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ഇതിനോടു ചേര്‍ന്നുള്ള മീന്‍വളര്‍ത്തല്‍ കേന്ദ്രത്തില്‍ മീന്‍പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു അബ്ദുള്‍ റഷീദ് എന്നാണ് പറയുന്നത്.
മുള്ളൂര്‍ക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എം.എച്ച്. അബ്ദുല്‍ സലാമിന്റെ സഹോദരന്മാരാണു റഷീദും അസീസും. ഇവരുടെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി. ഇന്നലെ രാത്രി 7.40ന് ആയിരുന്നു നാടിനെ ഞെട്ടിച്ച സ്‌ഫോടനം. ആറ് മാസമായി ക്വാറി പ്രവര്‍ത്തിച്ചിരുന്നില്ല.
ക്വാറി പ്രവര്‍ത്തനം നിര്‍ത്തിയ സമയത്തു ബാക്കിയുണ്ടായിരുന്ന വെടിമരുന്നും സ്‌ഫോടക സാമഗ്രികളും ഇവിടെ മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ഇവ നീക്കാന്‍ ക്വാറിയുടെ ലൈസന്‍സ് ഉടമയായ അസീസിനൊപ്പം റഷീദ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായെന്നാണു പ്രാഥമിക നിഗമനം.
സ്‌ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു. വെടിമരുന്ന് അടക്കം സ്‌ഫോടക വസ്തുക്കള്‍ കുഴിച്ചിട്ട സ്ഥലത്തു 2 മീറ്റര്‍ ആഴത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു. ഭൂചലനമാണെന്നു കരുതി ജനം പരിഭ്രാന്തരായി. സമീപ മേഖലകളിലെ ഒട്ടേറെ വീടുകളുടെ ഭിത്തികളില്‍ വിള്ളലുണ്ടായി.
https://www.facebook.com/Malayalivartha

























