വടക്കാഞ്ചേരി മുള്ളൂര്‍ക്കരയിലെ വാഴക്കോട് പാറമടയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒരു മരണം... അഞ്ചുപേര്‍ക്കു പരുക്ക് , നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍, ഭൂചലനമെന്നുകരുതി നാട്ടുകാര്‍ വീടുവിട്ടു പുറത്തേക്കോടി

വടക്കാഞ്ചേരി മുള്ളൂര്‍ക്കരയിലെ വാഴക്കോട് പാറമടയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒരു മരണം... അഞ്ചുപേര്‍ക്കു പരുക്ക് , നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍, ഭൂചലനമെന്നുകരുതി നാട്ടുകാര്‍ വീടുവിട്ടു പുറത്തേക്കോടി.
വടക്കാഞ്ചേരി വാഴക്കോട് വളവ് മൂലയില്‍ ഹസനാരുടെ മകനും പാറമട ഉടമയുടെ സഹോദരനുമായ അബ്ദുള്‍ നൗഷാദാ(45)ണു മരിച്ചത്. പരുക്കേറ്റ കോലോത്തുകുളം അലിക്കുഞ്ഞിന്റെ നില ഗുരുതരമാണ്.
തൊഴിലാളികളായ ഉമ്മര്‍, അസീസ് അബൂബക്കര്‍, രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവരെ പരുക്കുകളോടെ തൃശൂര്‍ ദയ, അശ്വിനി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴേമുക്കാലോടെയായിരുന്നു അപകടം നടന്നത്. മുള്ളൂര്‍ക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച്. അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണു പാറമട. സമീപത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുണ്ട്. ആറ്റൂര്‍, പെട്ടിക്കാട്ടിരി, ചീക്കം, താഴപ്ര, ഉദുവടി പ്രദേശങ്ങളില്‍ വന്‍ പ്രകമ്പനമുണ്ടായി. ഭൂചലനമെന്നുകരുതി നാട്ടുകാര്‍ വീടുവിട്ടു പുറത്തേക്കോടി.
പരാതി ലഭിച്ചതിനെത്തുടര്‍ന്നു രണ്ടുവര്‍ഷംമുമ്പ് തൃശൂര്‍ സബ് കലക്ടര്‍ രേണുരാജ് സ്റ്റോപ്പ് മെമ്മോ കൊടുത്ത പാറമടയാണിത്. അതിനുശേഷം അനധികൃതമായി പ്രര്‍ത്തിച്ചിരുന്നതായി സമീപവാസികള്‍ പറയുന്നു. ആറുമാസമായി പൂര്‍ണമായും പ്രവര്‍ത്തനം നിലച്ചിരുന്നെന്നും പറയുന്നു. ഇവിടെ എങ്ങനെയാണു സ്ഫോടനം നടന്നതെന്നു വ്യക്തമല്ല.
മണ്ണില്‍ കുഴിച്ചിട്ടിരുന്ന തോട്ട പൊട്ടിയതാണെന്നു പറയുന്നവരുണ്ട്. എന്നാല്‍ തീ പടര്‍ന്നതെങ്ങനെയെന്നതു സംശയാസ്പദമാണ്. സമീപത്തെ ചെറിയ കുളത്തില്‍ ഏതാനും പേര്‍ മീന്‍പിടിക്കാന്‍ എത്തിയിരുന്നു. മീന്‍പിടിത്തം രാത്രിയില്‍ നടക്കുമോ എന്ന കാര്യത്തില്‍ ഉത്തരമില്ലെന്നും വിശദാന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
"
https://www.facebook.com/Malayalivartha

























