അമ്മ മകനെ പീഡിപ്പിച്ചെന്ന കടയ്ക്കാവൂര്‍ പോക്‌സോ കേസ്: പിതാവിന്റെ ഗൂഢാലോചനയില്‍ കെട്ടിച്ചമച്ച വ്യാജ കേസെന്ന് റെഫര്‍ റിപ്പോര്‍ട്ട്

നിരപരാധിയായ മാതാവ് നസിയക്ക് ജാമ്യം നിഷേധിക്കപ്പെട്ട് ഒന്നര മാസക്കാലം തടവറക്കുള്ളില്‍ കഴിയേണ്ടിവന്നു, കടക്കാവൂര്‍ പോലീസ് ജാമ്യത്തെ എതിര്‍ത്ത് ആദ്യം റിപ്പോര്‍ട്ട് നല്‍കി, വ്യാജ പരാതിയെന്ന പോലീസ് റിപ്പോര്‍ട്ടില്ലാത്തതിനാല്‍ ജാമ്യവേളയില്‍ നിജസ്ഥിതിയിലേക്ക് ആഴ്ന്നിറങ്ങാനാവില്ലെന്ന് പോക്‌സോ കോടതി
അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ കടയ്ക്കാവൂര്‍ പോലീസെടുത്ത കേസില്‍ പ്രതിയായ മാതാവ് നിരപരാധിയെന്ന് പ്രത്യേക അന്വേഷണസംഘം.
മാതാവും പിതാവും തമ്മില്‍ ആറ്റിങ്ങല്‍ കുടുംബക്കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും നടന്ന വ്യവഹാരങ്ങളില്‍ പിതാവിനനുകൂലമായി കോടതി വിധിയുണ്ടാക്കാന്‍ പിതാവിന്റെ ഗൂഢാലോചനയില്‍ ഉരുത്തിരിഞ്ഞ വ്യാജ കേസാണെന്ന് കാട്ടി അന്വേഷണ സംഘം റഫര്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി.
തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 172 പ്രകാരം കേസ് എഴുതിത്തള്ളാന്‍ അനുമതി തേടി അന്തിമ റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വ്യാജ പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പിതാവുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ നടപടി തുടങ്ങിയതായും അന്വേഷണ സംഘം ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
2019 ഡിസംബര്‍ 28 മുതല്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന മാതാവായ വക്കം സ്വദേശിനി നസിയയ്ക്ക് ആദ്യം ജാമ്യം നിഷേധിച്ചിരുന്നു. തിരുവനന്തപുരം പോക്‌സോ കോടതി ചുമതലയുള്ള ജഡ്ജി സി.ജെ. ഡെന്നിയാണ് ജാമ്യഹര്‍ജി തള്ളിയത്.
അന്വേഷണം ശൈശവ ഘട്ടത്തിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള കടക്കാവൂര്‍ പോലീസ് റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ വാദവും അംഗീകരിച്ച കോടതി ജാമ്യഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്ന് ഒന്നര മാസക്കാലം കല്‍തുറുങ്കില്‍ കഴിഞ്ഞ ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
വ്യാജ പരാതിയാണെന്ന് പോലീസിന് റിപ്പോര്‍ട്ട് തരാന്‍ സാധിക്കാത്തതിനാല്‍ ജാമ്യം പരിഗണിക്കുന്ന ഈ ഘട്ടത്തില്‍ നിജസ്ഥിതിയിലേക്കോ പരാതിയുടെ കൃത്യതയിലേക്കോ ആഴത്തിലിറങ്ങാന്‍ കോടതിക്കാവില്ല. കുറ്റാരോപണത്തിന്റെ സ്വഭാവം , ശിക്ഷയുടെ കാഠിന്യം , പിന്‍ താങ്ങുന്ന തെളിവുകള്‍ , പരാതിക്കാരനെ ഭീഷണിപ്പെടുത്തുമോ , തെളിവുകള്‍ നശിപ്പിക്കുമോ , സാക്ഷികളെ സ്വാധീനിക്കുമോ എന്നീ കാര്യങ്ങളും പ്രതിക്കെതിരായ കുറ്റാരോപണത്തില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടോ എന്ന കാര്യത്തില്‍ കോടതിയുടെ സംതൃപ്തി എന്നീ കാര്യങ്ങള്‍ മാത്രമേ ജാമ്യം പരിഗണിക്കുന്ന വേളയില്‍ കോടതി നോക്കേണ്ടതുള്ളുവെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി.
അതേ സമയം തനിക്കും 4 മക്കള്‍ക്കും ജീവനാംശച്ചെലവ് കിട്ടുന്നതിനും കുട്ടികളെ വിട്ടുകിട്ടുന്നതിനുമായി യുവതിയും ഭര്‍ത്താവും തമ്മില്‍ ആറ്റിങ്ങല്‍ കുടുംബകോടതിയില്‍ കേസ് നിലവിലുണ്ടെന്നും ഭര്‍ത്താവ് മറ്റൊരു യുവതിയുമായി താമസമാണെന്നും അവരെ വിവാഹം കഴിക്കാന്‍ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് വരുത്തി യുവതിയില്‍ നിന്നും വിവാഹമോചനം നേടാനായി കടക്കാവൂര്‍ എസ് ഐക്കും സിഐക്കും ഡിവൈഎസ്പിക്കും കൈക്കൂലി പണം നല്‍കി മെനഞ്ഞെടുത്ത കള്ളക്കേസാണിതെന്നും യുവതി വാദിച്ചു.
കുട്ടികളെ വിട്ടുകിട്ടാന്‍ 2019 നവംബര്‍ 25നാണ് താന്‍ ഒ പി (ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്) നമ്പര്‍ 1768/2019 കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് എം സി 495/2019 നമ്പരായി ജീവനാംശ ചെലവിനായും കേസ് ഫയല്‍ ചെയ്തു.
ആ സമയം തന്റെ അറിവോ സമ്മതമോ കൂടാതെ 3 കുട്ടികളെ ഭര്‍ത്താവ് വിദേശത്ത് കൊണ്ടുപോയി. തുടര്‍ന്ന് 3 കുട്ടികളെയും തിര്യെ കൊണ്ടുവന്നു. അതിനാലാണ് യുവതി കേസ് ഫയല്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞുഞുള്ള തീയതിയായ 2019 ഡിസംബര്‍ 10 വരെ താന്‍ മകനെ പീഡിപ്പിച്ചതായി വ്യാജ പരാതി നല്‍കിയതെന്നും യുവതി വാദിച്ചു.
കടക്കാവൂര്‍ പോലീസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല.
"
https://www.facebook.com/Malayalivartha

























