ആ ചിരി മാത്രം മതി... ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെത്തിയ എംഎ യൂസഫലിയുടെ കാരുണ്യത്താല്‍ നിരവധി പേര്‍ക്ക് ആശ്വാസം; ബാങ്ക് ജപ്തി ഭീഷണി നേരിട്ട ആമിനയെ കൈയ്യയച്ച് സഹായിച്ച് യൂസഫലി; കിടപ്പാടം തിരിച്ചു കിട്ടി ആമിനയും കുടുംബവും

ദൈവം പല രൂപത്തില്‍ വരാറുണ്ട്. ആ ഒരു വരവായിരുന്നു പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയുടെ വരവ്. എല്ലാം നഷ്ടപ്പെട്ട് തങ്ങള്‍ക്ക് പത്തോ പതിനായിരമോ കിട്ടുമെന്ന് കണ്ടാണ് ആമിന യൂസഫലിയുടെ മുമ്പിലെത്തിയത്. എന്നാല്‍ യൂസഫലിയാകട്ടെ ഞെട്ടിപ്പിച്ചു കളഞ്ഞു. ജപ്തി ചെയ്യൂലട്ടോ... എന്റെ ആള്‍ വരും. എന്ന് ഉറപ്പ് നല്‍കി.
വളരെ വിനയാനന്വീതനായുള്ള യൂസഫലിയുടെ വാക്കുകള്‍ ആ ഉമ്മയുടെ മനം നിറഞ്ഞു. അതോടൊപ്പം യൂസഫലിയുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. പലരും തങ്ങളുടെ പേജില്‍ യൂസഫലിയുടെ ഈ വാക്കുകള്‍ പങ്കുവച്ചിട്ടുണ്ട്.
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു. ആമിനയ്ക്ക് ജപ്തി ഒഴിവായി. ബാങ്ക് ജപ്തി നോട്ടിസ് നല്‍കിയ കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ദമ്പതികള്‍. 'പടച്ചോന്‍ ആണ് എനിക്കു യൂസഫലി സാറിനെ കാണിച്ചു തന്നത്' ഇടറിയ ശബ്ദത്തോടെ വിതുമ്പിയ ആമിനയെ ഭര്‍ത്താവ് സെയ്ത് മുഹമ്മദ് ചേര്‍ത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
6 വര്‍ഷം മുന്‍പ് ഇളയ മകളുടെ വിവാഹം നടത്താനാണ് ഇവര്‍ വീടിരുന്ന 9 സെന്റ് ഈടു വച്ചു കീച്ചേരി സഹകരണ ബാങ്കില്‍ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്. തുച്ഛമായ വരുമാനത്തില്‍ നിന്നു മിച്ചം പിടിച്ചു വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചെങ്കിലും സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ എല്ലാം മുടങ്ങി. ഇതോടെ പലിശയും കൂട്ടുപലിശയുമായി തിരിച്ചടയ്ക്കാനാകാത്ത വിധം വായ്പത്തുക വര്‍ധിച്ചു. തിരിച്ചടവു മുടങ്ങി ബാങ്കില്‍ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. ജീവിതം ചോദ്യചിഹ്നമായി നിന്നപ്പോഴാണ് ആമിനയ്ക്കു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയെ കാണാന്‍ അവസരം ലഭിച്ചത്.
സെയ്ത് മുഹമ്മദിന്റെ ചികിത്സയ്ക്കായി ലേക്‌ഷോര്‍ ആശുപത്രിയില്‍ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിലെത്തിയതാണ് ഇരുവരും. ഹെലികോപ്റ്റര്‍ അപകടം ഉണ്ടായപ്പോള്‍ തന്നെ സഹായിച്ചവരെ കാണാന്‍ ഞായറാഴ്ച എം.എ. യൂസഫലി എത്തിയതറിഞ്ഞാണ് മകളുടെ വീട്ടില്‍ നിന്ന് ആമിന അവിടേക്ക് ചെന്നത്. മടങ്ങിപ്പോകാനായി കാറിലേക്കു കയറുമ്പോഴാണ് ആമിന തന്റെ വിഷമം യൂസഫലിയെ അറിയിച്ചത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം ജപ്തി ചെയ്യില്ലെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പു നല്‍കി.
കഴിഞ്ഞ ദിവസം തന്നെ ലുലു ഗ്രൂപ്പ് അധികൃതര്‍ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കം 3,81,160 രൂപ അടച്ചു വായ്പ തീര്‍ത്തു. ശേഷം ആമിനയുടെ വീട്ടിലെത്തിയ അധികൃതര്‍ 50,000 രൂപയും ബാങ്കില്‍ പണം അടച്ചതിന്റെ രസീതും കൈമാറി. അതാണ് യൂസഫലി.
നന്മ നിറഞ്ഞ മനസ്സുകള്‍ക്കു നന്ദി പറയാന്‍ കൈ നിറയെ സമ്മാനങ്ങളുമായി എം.എ. യൂസഫലി കഴിഞ്ഞ ദിവസമാണ് എത്തിയത്. ഹെലികോപ്റ്റര്‍ അപകടം നടന്നപ്പോള്‍ തന്നെ സഹായിക്കാന്‍ ഓടിയെത്തിയ പനങ്ങാട്ടെ നാട്ടുകാരോടു നന്ദി പറയാനാണു യൂസഫലി എത്തിയത്. ചുമട്ടുതൊഴിലാളിയായ മാടവന കുറ്റിക്കാട് വീട്ടില്‍ രാജേഷ് ഖന്നയെയും ഭാര്യ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ എ.വി. ബിജിയെയും യൂസഫലി ചേര്‍ത്തു പിടിച്ചു.
രാജേഷിനു രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും മകന്‍ ഒരു വയസ്സുള്ള ദേവദര്‍ശനു മിഠായിപ്പൊതികളും യൂസഫലി സമ്മാനിച്ചു. രാജേഷിന്റെ പിതൃ സഹോദരന്റെ മകള്‍ വിദ്യയുടെ വിവാഹത്തിനു സ്വര്‍ണമാല സമ്മാനമായി നല്‍കാനും ജീവനക്കാരോടു നിര്‍ദേശിച്ചു. അപകടം നടന്ന സ്ഥലവും യൂസഫലി സന്ദര്‍ശിച്ചു. ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ പീറ്റര്‍ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
അവിടെ നിന്നു മടങ്ങുന്നതിനിടയില്‍ കാഞ്ഞിരമറ്റം സ്വദേശി ആമിന കയ്യിലെ തുണ്ടുകടലാസില്‍ കുറിച്ച സങ്കടവുമായി കാണാനെത്തിയത്. 'ജപ്തിയുണ്ടാകില്ലട്ടോ, പോരേ' എന്ന് പറഞ്ഞത്. യൂസഫലീ നിങ്ങളെ മറക്കില്ലൊരിക്കലും.
"
https://www.facebook.com/Malayalivartha