അമിതവേഗത ജീവനെടുത്തു..... പേരൂര്‍ക്കട വഴയിലയില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തില്‍ ഇടിച്ച് കുഴിയിലേക്ക് മറിഞ്ഞ് യാത്രികരായ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമിതവേഗത ജീവനെടുത്തു. പേരൂര്‍ക്കട വഴയിലയില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തില്‍ ഇടിച്ച് കുഴിയിലേക്ക് മറിഞ്ഞ് യാത്രികരായ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം.
പേരൂര്‍ക്കട കരൂര്‍ക്കോണം ദയാ നഗര്‍ കുളവരമ്പത്ത് വീട്ടില്‍ ഷിബുവിന്റെയും ബിന്ദുവിന്റെയും മകന്‍ പേരൂര്‍ക്കട കണ്‍കോര്‍ഡിയ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എസ്.ബി. സിദ്ധാര്‍ത്ഥ് (16), പേരൂര്‍ക്കട ഊളമ്പാറ അഭയ നഗര്‍ 164-എ കല്ലംപൊറ്റ പുത്തന്‍വീട്ടില്‍ ഷിബു- സിമി ദമ്പതികളുടെ മകന്‍ നാലാഞ്ചിറ സെന്റ്ജോണ്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വിനീഷ് (16), വഴയില പുരവൂര്‍ക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന വിനോദ് ഷൈനി ദമ്പതികളുടെ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ടെഫിന്‍ (16) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലോടെ പേരൂര്‍ക്കട-നെടുമങ്ങാട് റോഡില്‍ വഴയില പാലം ജംഗ്ഷന് സമീപമായിരുന്നു സംഭവം. കൂട്ടുകാരനായ ആദര്‍ശിന്റെ ബൈക്കില്‍ സിദ്ധാര്‍ത്ഥും വിനീഷും പുരവൂര്‍ക്കോണത്തെ വീട്ടിലെത്തി ടെഫിനെയും കൂട്ടി പേരൂര്‍ക്കടയിലേക്ക് വരുമ്പോഴായിരുന്നു അപകടംനടന്നത് . അമിത വേഗത്തിലായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാട് നിറഞ്ഞ ഭാഗത്തെ മരത്തിലിടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. മൂവരും കുഴിയിലേക്ക് തെറിച്ചു വീണു. നാട്ടുകാര്‍ ഇവരെ ഉടന്‍ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അരുവിക്കര പൊലീസെത്തി മൃതദേഹങ്ങള്‍ മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സിദ്ധാര്‍ത്ഥിന്റെ സഹോദരന്‍ : എസ്.ബി. ആരോമല്‍. വിനിഷിന്റെ സഹോദരന്‍ : അജീഷ്, ടെഫിന്റെ സഹോദരി : ടെഫിന.
"
https://www.facebook.com/Malayalivartha