രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്തു കേസിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുൻപ് തന്നെ എം.ശിവശങ്കരനെ സർവ്വീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വർണ്ണക്കടത്തു പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തു കൊണ്ടു വരുന്നത്; ഇനി ഈ കേസിലെ പ്രതി സ്വപ്നാ സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയിൽ തിരിച്ചെടുത്താൽ എല്ലാം ശുഭമാകും ; സംസ്ഥാന സർക്കാരിന് വേണമെങ്കിൽ ശിവശങ്കരന്റെ സസ്‌പെൻഷൻ നീട്ടാമായിരുന്നു; ആരോപണവുമായി രമേശ് ചെന്നിത്തല

രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്തു കേസിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുൻപ് തന്നെ എം.ശിവശങ്കരനെ സർവ്വീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വർണ്ണക്കടത്തു പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തു കൊണ്ടു വരുന്നതെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്തു കേസിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുൻപ് തന്നെ എം.ശിവശങ്കരനെ സർവ്വീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വർണ്ണക്കടത്തു പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തു കൊണ്ടു വരുന്നതു.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരൻ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഇപ്പോഴും പ്രതിയാണ്. ലൈഫ് തട്ടിപ്പ് കേസിലാകട്ടെ അന്വേഷണം പൂർത്തിയിയിട്ടുമില്ല. അങ്ങനെ പ്രതിയായി നിൽക്കുന്ന ഒരാളെയാണ് തിടുക്കത്തിൽ ചീഫ് സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് ഒരു റിപ്പോർട്ട് എഴുതി വാങ്ങിച്ചിട്ട് സർവ്വീസിൽ തിരിച്ചെടുക്കുന്നത്.
കോടതി ഈ കേസുകൾ പരിഗണിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ. കോടതി തീർപ്പ് കല്പിക്കുന്നതിന് മുൻപ് തന്നെ സർക്കാർ പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. ഇത് വഴി എന്തു സന്ദേശമാണ് നൽകുന്നത്? രാജ്യദ്രോഹപരമായ കള്ളക്കടത്തു നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സർക്കാർ ഒപ്പമുണ്ടെന്നല്ലേ? കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നല്ലേ?
സംസ്ഥാന സർക്കാരിന് വേണമെങ്കിൽ ശിവശങ്കരന്റെ സസ്‌പെൻഷൻ നീട്ടാമായിരുന്നു. നിയമപരമായി സർക്കാരിന് അതിനുള്ള അധികാരമുണ്ട്. എന്നാൽ കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ വ്യഗ്രത ഈ കേസിലെ കള്ളക്കളികളിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മറ്റും പേരുകളും പല തവണ ഉയർന്നു വന്നിരുന്നതാണ്.
പ്രതികളുടെ മൊഴിയിൽ അത് സംബന്ധിച്ച് പരാമർശങ്ങളുമുണ്ട്. അങ്ങനെ നോക്കുമ്പോൾ കൂട്ടു പ്രതിയെ സംരക്ഷിക്കാനുള്ള തത്രപ്പാടാണ് സർക്കാർ ഇവിടെ കാട്ടിയിരിക്കുന്നത്. ഇനി ഈ കേസിലെ പ്രതി സ്വപ്നാ സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയിൽ തിരിച്ചെടുത്താൽ എല്ലാം ശുഭമാകു൦.
https://www.facebook.com/Malayalivartha