തലസ്ഥാനം തെരഞ്ഞെടുപ്പ് ചൂടില്‍, വിധിയെഴുതാല്‍ ഇനി നാല് നാള്‍ മാത്രം

തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി വെറും നാല് നാള്‍ മാത്രം. വിജയം ആരെ തുണയ്ക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. എല്ലാപാര്‍ട്ടികളും വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. ചുരുക്കം പറഞ്ഞാല്‍ ആര് ജയിക്കുമെന്ന് ഊഹിക്കാന്‍ പറ്റാത്ത തെരഞ്ഞെടുപ്പാണിത്. ബീഫ് നിരോധിക്കണമെന്ന മുഖ്യപ്രശ്‌നമാണ് ബിജെപി മുന്നില്‍ വയ്ക്കുന്നതെങ്കില്‍ അഴിമതി തുടച്ച് നീക്കുക, മാലിന്യപ്രശ്‌നം, ഗതാഗത കുരുക്ക്, പൊളിഞ്ഞ നിലയിലെ റോഡുകള്‍ ഇതൊക്കെയാണ് ഇടതുമുന്നണിയും വലതുമുന്നണിയും തിരഞ്ഞെടുപ്പിന് മുന്നില്‍ ചൂണ്ടിക്കാട്ടുന്ന പ്രധാനപ്രശ്‌നങ്ങള്‍. തലസ്ഥാനത്ത് ശരിക്കും ചൂടുപിടിച്ച പ്രചാരണപരിപാടിയാണ് നടക്കുന്നത്. എല്ലാപാര്‍ട്ടികളും മത്സരിച്ചുള്ള പ്രചാരണവേളയിലാണിപ്പോള്‍. പ്രതീക്ഷകൈവിടാതെ സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടി പായുകയാണ്. സ്ഥാനാര്‍ത്ഥികള്‍ എത്ര ആവേശത്തോടെ ഓടിയാലും ജനങ്ങള്‍ക്കറിയാം ആര്‍ക്ക് വോട്ട് ചെയ്യണം എന്ന കാര്യം.
2010ല്‍ നേരിയ മാര്‍ജിനിലാണ് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തിയതെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് അട്ടിമറി ജയം നേടി. ഇത്തവണ ഇരുമുന്നണികളും ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. സംസ്ഥാനത്ത് ബിജെപി ഏറ്റവും അധികം പ്രതീക്ഷ വയ്ക്കുന്നതും തിരുവനന്തപുരത്താണ്. 2010ല്‍ തലസ്ഥാന നഗരഭരണം ഇടതു മുന്നണി നിലനിര്‍ത്തിയത് നേരിയ വ്യത്യാസത്തില്‍.
ആകെയുള്ള 100 വാര്‍ഡില്‍ എല്‍ഡിഎഫിന് 51 സീറ്റ്. യുഡിഎഫ് 42 ഉം ബിജെപി ആറും സീറ്റ് സ്വന്തമാക്കി. ഒരു സീറ്റില്‍ സ്വതന്ത്രന്‍. ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവില്‍ ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ജില്ലാ പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം ആദ്യമായ് അമരത്ത് യുഡിഎഫ്. ആകെയുള്ള 26 ഡിവിഷനില്‍ യുഡിഎഫ് 14 ഇടത്തും എല്‍ഡിഎഫ് 12 ഇടത്തും ജയിച്ചു. മുന്‍സിപ്പാലിറ്റികളില്‍ ഇടതു വലതുമുന്നണികള്‍ ഒപ്പത്തിനൊപ്പം. ആകെ നാലു മുന്‍സിപ്പാലിറ്റികള്‍. നെയ്യാറ്റിന്‍കരയും വര്‍ക്കലയും യുഡിഎഫിന്.
ആറ്റിങ്ങലും നെടുമങ്ങാടും എല്‍ഡിഎഫിന്. 11 ബ്ലോക്ക് പഞ്ചായത്തില്‍ ആറ് എണ്ണം യുഡിഎഫ് നേടിയപ്പോള്‍ എല്‍ഡിഎഫ് അഞ്ച് ഇടത്ത് ജയിച്ചു. പാറശ്ശാലയും അതിയന്നൂരും നേമവും പോത്തന്‍കോടും വെള്ളനാടും വാമനപുരവും യുഡിഎഫ് നേടി. ഇടത് മുന്നണി ജയിച്ചത് നെടുമങ്ങാടും ചിറയന്‍കീഴും കിളിമാനൂരും വര്‍ക്കലയും പെരുങ്കടവിളയും. ആകെയുള്ള 73 ഗ്രാമപഞ്ചായത്തില്‍ 31 ഇടത്ത് യുഡിഎഫും 28 ഇടത്ത് എല്‍ഡിഎഫും ജയിച്ചു. 14 ഇടത്ത് ആര്‍ക്കും കൃത്യമായി ഭൂരിപക്ഷമില്ല. കോര്‍പ്പറേഷന്‍ പിടിക്കാനും ജില്ലാപഞ്ചായത്ത് നിലനിര്‍ത്താനും യുഡിഎഫ് ശ്രം.
കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തി കഴിഞ്ഞ തവണ കൈവിട്ട ജില്ലാപഞ്ചായത്ത് കൂടി പിടിക്കാനാണ് ഇടത് നീക്കം. കോര്‍പ്പറേഷനില്‍ നിര്‍ണ്ണായക ശക്തിയാകാനാണ് ബിജെപിയുടെ പരിശ്രമം. ഇത്തവണ ആകെ വോട്ടര്‍മാര്‍ 25, 90, 470. പുരുഷന്മാര്‍ 12, 19 , 917..സ്ത്രീകള്‍ 13 , 70 , 548.. ഭിന്നലിംഗക്കാര്‍ എട്ട്. കോര്‍പ്പറേഷനില്‍ 100 വാര്‍ഡുകള്‍. ജില്ലാ പഞ്ചായത്തില്‍ 26 ഡിവിഷനുകള്‍ നാല് മുന്‍സിപ്പാലിറ്റികളിലായി 147 വാര്‍ഡുകള്‍. 11 ബ്ലോക്ക് പഞ്ചായത്തില്‍ 155 വാര്‍ഡ്. 73 ഗ്രാമപഞ്ചായത്തില്‍ 1299 വാര്‍ഡുകള്‍ .ആകെ തിരുവനന്തപുരം ജില്ലയില്‍ 1727 വാര്‍ഡുകള്‍.
നിലവിലെ മേയര്‍ കെ ചന്ദ്രിക മല്‍സരരംഗത്തില്ല. മുന്‍ മേയര്‍ കൂടിയായ സി ജയന്‍ബാബുവിനെ ആണ് എല്‍ഡിഎഫ് ഇത്തവണ മേയര്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയിരിക്കുന്നത്. പാങ്ങോട് നിന്ന് ജയന്‍ബാബു ജനവിധി തേടുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മഹേശ്വരന്‍ നായരും ജോണ്‍സണ്‍ ജോസഫും ആണ് യുഡിഎഫിനെ നയിക്കുന്നത്. മുടവന്‍മുകളില്‍ നിന്ന് മഹേശ്വരന്‍ നായര്‍ മത്സരിക്കുമ്പോള്‍ ജോണ്‍സണ്‍ ജോസഫ് ഉള്ളൂരില്‍ നിന്നാണ് മല്‍സരിക്കുന്നത്. അശോക് കുമാറിനെ മുന്‍നിര്‍ത്തിയാണ് ബിജെപി മല്‍സരരംഗത്തുള്ളത്.
നിലവില്‍ നഗരസഭയിലെ കക്ഷിനേതാവായ അശോക് കുമാര്‍ വഞ്ചിയൂര്‍ വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്നു. ജില്ലാപഞ്ചായത്തില്‍ യുഡിഎഫിനെ നയിക്കുന്നത് നിലവിലെ പ്രസിഡണ്ട് അന്‍സജിത റസല്‍, ആനാട് ജയന്‍ എന്നിവര്‍ ചേര്‍ന്നാണ്. ചവര്‍ ഫാക്ടറിക്കെതിരായ സമരത്തിലൂടെ ശ്രദ്ധേയയായ വിളപ്പില്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ശോഭനകുമാരിയും യുഡിഎഫിന്റെ പട്ടികയിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha