ഉമ്മന്‍ ചാണ്ടി നരേന്ദ്ര മോഡിക്കെഴുതിയ കത്ത് പുറത്ത്

കേരള ഹൗസില്‍ ഡല്‍ഹി പോലീസ് നടത്തിയ റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി. ഡല്‍ഹി പോലീസിന്റെ നടപടി എല്ലാ സാമാന്യ തത്വങ്ങളെയും തള്ളിക്കൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെഡറല്‍ സംവിധാനത്തിന് പോലും ആഘാതമേല്‍പ്പിക്കുന്ന വിധത്തില്‍ പെരുമാറിയത്. നിയമത്തിന്റെ ലംഘനമാണ് അവിടെ നടന്നിരിക്കുന്നത്.
പോലീസിന്റെ പരിശോധനയില്‍ ഒരു കുറ്റവും അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രാജ്യത്തെ നിയമം എല്ലാവര്‍ക്കും ബാധകമാകണം. അത് കേരളം പൂര്‍ണ്ണമായും പാലിക്കും. ഗോ മാംസം ഡല്‍ഹിയില്‍ നിരോധിച്ചിട്ടുണ്ട്. കേരള ഹൗസ് അത് പാലിക്കുന്നുണ്ട്. അവിടെ ഗോ മാംസം പാകം ചെയ്യുകയോ വിളമ്പുകയോ ചെയ്തിട്ടില്ല. അതേസമയം, നിരോധനമില്ലാത്ത പോത്തിറച്ചി അവിടെ വിളമ്പിയിട്ടുണ്ട്. അത് നിരോധിക്കാത്ത കാലത്തോളം ഇനിയും വിളമ്പുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കത്തിന്റെ പൂര്‍ണ രൂപം
ശ്രീ. നരേന്ദ്രമോഡിജി,
ന്യൂഡല്‍ഹിയിലെ കേരള ഹൗസ് പരിസരത്ത് 2015 ഒക്ടോബര്‍ 26 ന് നടന്ന ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങളിലേയ്ക്ക് താങ്കളുടെ ശ്രദ്ധയെ ക്ഷണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ, തിരിച്ചറിയാനായിട്ടില്ലാത്ത ഏതാനും വ്യക്തികള്‍ ഡല്‍ഹി പോലീസ് അധികാരികളുമായി കേരളാ ഹൗസില്‍ എത്തുകയും അവിടത്തെ സ്റ്റാഫ് കാന്റീനില്‍ റെയ്ഡ് നടത്തുകയും ചെയ്തു.
പശുവിറച്ചി പാകം ചെയ്തത് അവിടെ വിളമ്പുന്നുണ്ടെന്ന തെറ്റായ വിവരം ലഭിച്ചിട്ട് നടത്തിയ റെയ്ഡില്‍ ക്യാന്റീന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയുണ്ടായി. ക്യാന്റീനില്‍ വിളമ്പുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് ഡല്‍ഹി പോലീസ് അധികാരികള്‍ കേരളാ ഹൗസ് സ്റ്റാഫിനെ ചോദ്യം ചെയ്യുകയും ചെയ്തു.
കേരളാ ഹൗസിന്റെ കണ്‍ട്രോളര്‍, കേരള സര്‍ക്കാരിന്റെ റസിഡന്റ് കമ്മീഷണര്‍ എന്നിങ്ങനെയുള്ള ആരെങ്കിലും നിന്ന് മുന്‍കൂര്‍ അനുവാദം നേടുകയോ മുന്‍കൂട്ടി വിവരം അറിയിക്കുകയോ ചെയ്യാതെയാണ് ഈ റെയ്ഡ് നടത്തിയിട്ടുള്ളത്. ഇതേ കുറിച്ച് കേരള സര്‍ക്കാര്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് ഔപചാരികമായി പരാതി സമര്‍പ്പിച്ചിട്ടുണ്ട്. കേരളാ ഹൗസ് ക്യാന്റീനില്‍ വിളമ്പുന്നത് ശുദ്ധ കേരള സസ്യ-സസ്യേതര ഭക്ഷണമാണെന്നും മെനുവിലുള്ള വിഭവങ്ങളെല്ലാം തന്നെ രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള നിയമം അനുവദിക്കുന്നവയാണെന്നും താങ്കളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഈ സാഹചര്യത്തില്‍ ഡല്‍ഹി പോലീസിന്റെ നടപടി അനുവദിക്കാനാവാത്തതാണെന്നും ഡല്‍ഹി പോലീസ് അധികാരികള്‍ അവരുടെ പരിധി ലംഘിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. കേരള ഹൗസിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വരുത്തുന്നതിനു മുമ്പ് അവര്‍ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലുള്ള മുതിര്‍ന്ന പ്രതിനിധികളെ ബന്ധപ്പെട്ട് വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമായിരുന്നു.
തന്മൂലം സംസ്ഥാന സര്‍ക്കാരിന്റെ വസ്തുവിലേക്ക് കടന്നു കയറിയതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളുവാനും ഇത്തരം നടപടികള്‍ ഭാവിയില്‍ ആവര്‍ത്തിക്കയില്ലെന്ന് ഉറപ്പു വരുത്തുവാനും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കുവാന്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
വിശ്വസ്തതയോടെ,
ഉമ്മന്‍ചാണ്ടി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha