അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ ഇടതുസംഘടനാ നേതാവിനെതിരെ പൊലീസ് കേസെടുത്തു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പൊലീസ് കേസെടുത്തു. ഇടതുസംഘടനാ നേതാവും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരേയാണ് പൂജപ്പുര പാെലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. പരാതിക്കു പിന്നാലെ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ച തെറ്റിനു നിരുപാധികം മാപ്പപേക്ഷിക്കുന്നൂവെന്നുമാണ് നന്ദകുമാര്‍ പറയുന്നത്.
പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച് അച്ചു ഉമ്മന്‍ സൈബര്‍ പൊലീസ്, പൂജപ്പുര പൊലീസ്, വനിതാ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. മുമ്പ് ഉറവിടം വ്യക്തമല്ലാത്ത കുപ്രചാരണമായിരുന്നുവെങ്കില്‍ പിന്നീട് സി.പി.എമ്മിന്റെ സൈബര്‍ പോരാളികളായ പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ മുഖേന വ്യക്തിഹത്യ നടത്തുകയാണ്.സ്ത്രീത്വത്തെയും തന്റെ ജോലിയെയും അപമാനിക്കുകയും, നിന്ദ്യമായ രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയുമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha

























