ഇനി കോടതിയില്‍ കാണാം... നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവെക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ ഉടന്‍തന്നെ സുപ്രീംകോടതിയില്‍; സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന നിലപാടില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ മറ്റൊരു തലത്തിലേക്ക് എത്തുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവെക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ ഉടന്‍തന്നെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും.
നിയമസഭ വിശദമായ ചര്‍ച്ചകള്‍ നടത്തിയ പാസാക്കിയ എട്ടു ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. സമാനമായ വിഷയത്തില്‍ തെലങ്കാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ഗവര്‍ണറില്‍നിന്ന് അനുകൂല നടപടിയുണ്ടായിരുന്നു. സര്‍വകലാശാലാ ബില്ലില്‍ ഒപ്പുവെക്കാതെ വൈകിപ്പിക്കുന്ന ബംഗാള്‍ ഗവര്‍ണറുടെ നടപടിയില്‍ അടുത്തിടെ സുപ്രീംകോടതി അതൃപ്തിയറിയിച്ചിരുന്നു.
ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടുന്നതിന്റെ സമയക്രമം ഭരണഘടനയില്‍ പറയുന്നില്ലെങ്കിലും അനിശ്ചിതകാലത്തേക്ക് തീരുമാനം നീട്ടിക്കൊണ്ടു പോകണമെന്നല്ല അതിനര്‍ഥമെന്നും അടുത്തിടെ സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണിവ.
പത്ത് ബില്ലുകളിലാണ് തെലങ്കാന ഗവര്‍ണര്‍ ഒപ്പിടാതിരുന്നത്. എന്നാല്‍ കേസ് രണ്ടാമത് പരിഗണനയ്‌ക്കെത്തിയപ്പോഴേക്കും മൂന്നു ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കുകയും മൂന്നെണ്ണം രാഷ്ട്രപതിക്കയക്കുകയും ബാക്കിയുള്ളവയില്‍ വിശദീകരണം ചോദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് മടക്കുകയും ചെയ്തു.
അതേസമയം, സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന നിലപാടാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നത്. സുപ്രീംകോടതിയില്‍ പോകുന്നതോടെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശയക്കുഴപ്പം മാറുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്.
ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്‍, സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ തുടങ്ങി എട്ട് ബില്ലുകളിലാണ് തീരുമാനമെടുക്കാത്തത്. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്ന വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനെ സുപ്രീംകോടിയില്‍ ഹാജരാക്കാനാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
അതിനിടെ നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ ഒപ്പിടാത്തതില്‍ സുപ്രീംകോടതിയില്‍ നിന്ന് തനിക്കെതിരെ വിധി സമ്പാദിച്ചു വരാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. ഭരണപരമായ കാര്യങ്ങള്‍ രാജ്ഭവനിലെത്തി വിശദീകരിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടിയെയും വിമര്‍ശിച്ചു. സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിച്ചാല്‍ സുപ്രീംകോടതിയെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തും. കുറ്റിച്ചലില്‍ സ്വകാര്യച്ചടങ്ങില്‍ പങ്കെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാജ്ഭവനില്‍ എത്തുന്ന മന്ത്രിമാര്‍ തന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്നില്ല. താന്‍ റബര്‍ സ്റ്റാമ്പ് അല്ല. ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല. ബില്ലുകള്‍ ഒപ്പിടാത്ത പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതിയുടെ വിമര്‍ശനങ്ങളില്‍ പ്രതികരിക്കുന്നില്ല.
അതിനിടെ ഓണപ്പാട്ടിന്റെ വരികള്‍ക്ക് വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം വച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുറ്റിച്ചലിലെ സ്വകാര്യ സ്‌പെഷല്‍ സ്‌കൂളില്‍ ഇന്നലെ ഉച്ചയോടെ സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍, കുട്ടികള്‍ അവതരിപ്പിച്ച നൃത്തം കണ്ടു വേദിയിലേക്കെത്തി അവര്‍ക്കൊപ്പം ചുവടു വയ്ക്കുകയായിരുന്നു. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളീയ വേഷത്തിലെത്തിയ ഗവര്‍ണര്‍ കുട്ടികള്‍ക്കൊപ്പം ചുവടുവച്ചു.
https://www.facebook.com/Malayalivartha
























