പാലക്കാട് പൊല്‍പ്പുളളിയില്‍ വീട്ടിലെ കിടപ്പു മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തീപിടുത്തം...തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്

പാലക്കാട് പൊല്‍പ്പുളളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു മുറി കത്തി; യുവാവ് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാത്രി 7 മണിയോടെ പൊല്‍പ്പുള്ളി വേര്‍കോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപകടം സംഭവിച്ചത്.
ദിവസങ്ങള്‍ക്കു മുന്‍പു സുഹൃത്ത് വാങ്ങിയ മൊബൈല്‍ ഫോണ്‍ ഷാജുവിന് ഉപയോഗിക്കാന്‍ കൊടുത്തിരുന്നു.ഷാജു പനിയായി കിടപ്പിലായിരുന്നു. മകന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മുറിയിലെത്തിയ ശബ്ദം കേട്ട് ഉണര്‍ന്ന ഷാജു മകനു പിന്നാലെ വാതിലടച്ചു പുറത്തേക്കുപോയി. അല്‍പസമയത്തിനു ശേഷം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതില്‍ തുറന്നുനോക്കിയപ്പോഴാണു മുറിയിലാകെ തീപടര്‍ന്നതു കണ്ടത്.
ഇലക്ട്രിഷ്യനായ ഷാജു ഉടന്‍തന്നെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചു. തുടര്‍ന്നു മോട്ടോര്‍ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തു തീയണയ്ക്കുകയായിരുന്നു.
പൊട്ടിത്തെറിച്ച ഫോണ്‍ കിടക്കയിലേക്കു വീണതോടെയാണു തീപടര്‍ന്നത്. കിടക്ക, കട്ടില്‍, ഹോം തിയറ്റര്‍, അലമാര, ടിവി, പഴ്‌സിലുണ്ടായിരുന്ന പാന്‍ കാര്‍ഡ്, ലൈസന്‍സ്, 5500 രൂപ എന്നിവ കത്തിനശിച്ചതായി ഷാജു.
https://www.facebook.com/Malayalivartha
























