തലസ്ഥാന മെഡിക്കല്‍ കോളേജിലെ എംബിബിഎസ് പ്രവേശന തട്ടിപ്പ് ...കൗമാരക്കാരായ പന്ത്രണ്ടാം ക്ലാസില്‍ തോറ്റ ഗോപികാ നായരും സുഹൃത്തായ 17കാരനും പ്രതികള്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് സമന്‍സ് നല്‍കാത്തതിന് മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതി മെമ്മോ നല്‍കി, ഒക്ടോബര്‍ 31 ന് സി ഐ നേരിട്ട് ഹാജരായി വിശദീകരണം ബോധിപ്പിക്കാന്‍ ഉത്തരവ്

തലസ്ഥാന മെഡിക്കല്‍ കോളേജില്‍ നടന്ന എം ബി ബി എസ് പ്രവേശന തട്ടിപ്പ് കേസില്‍ ഹാജരാകാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നല്‍കേണ്ട സമന്‍സ് നല്‍കാത്തതിന് ഇപ്പോഴത്തെ (നിലവിലെ) സിറ്റി മെഡിക്കല്‍ കോളേജ് പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതി മെമ്മോ നല്‍കി.
വിചാരണ കോടതിയായ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. രേഖകള്‍ സഹിതം സെപ്റ്റംബര്‍ 7 ന് ഹാജരായി മൊഴി നല്‍കാനായി പ്രിന്‍സിപ്പലിന് നല്‍കാന്‍ നിര്‍ദേശിച്ച് 2023 ആഗസ്റ്റ് 11 നല്‍കിയ സമന്‍സുത്തരവ് പ്രിന്‍സിപ്പലിന് നല്‍കി കോടതി ഉത്തരവ് നടപ്പിലാക്കുകയോ നടപ്പിലാക്കാത്തതിന് കാരണം കാണിച്ചുള്ള റിപ്പോര്‍ട്ട് സഹിതം സമന്‍സ് സെപ്റ്റംബര്‍ 7 ന് കേസ് പരിഗണിച്ചപ്പോള്‍ സി ഐ ഹാജരാക്കിയില്ല. തുടര്‍ന്ന് ഒക്ടോബര്‍ 7 ന് വീണ്ടും കേസ് വിളിച്ചപ്പോഴും സിഐ ഹാജരാക്കിയില്ല. തുടര്‍ന്നാണ് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങിയത്. കോടതി ഉത്തരവ് പാലിക്കാത്തതിന് സി ഐ ക്കെതിരെ എം.സി. കേസ് നടപടിയെടുക്കുന്നതിന് മുന്നോടിയായിട്ടാണ് സി ഐ ഒക്ടോബര്‍ 31 ന് നേരിട്ട് ഹാജരായി വിശദീകരണം ബോധിപ്പിക്കാന്‍ എസിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് ഉത്തരവിട്ടിരിക്കുന്നത്.
പ്രിന്‍സിപ്പലിന് സമന്‍സ് നല്‍കുകയോ നല്‍കാത്തതിന് കാരണം വിശദീകരിച്ച് റിപ്പോര്‍ട്ട് സഹിതം സമന്‍സ് ഉത്തരവ് സെപ്റ്റംബര്‍ 7 , ഒക്ടോബര്‍ 7 എന്നീ തീയതികളില്‍ കേസ് വിളിച്ചിട്ടും കോടതിയില്‍ സമര്‍പ്പിക്കാതെ കേരളാ പോലീസ് നിയമം , ക്രിമിനല്‍ നടപടിക്രമം എന്നിവ ലംഘിച്ച് കൃത്യവിലോപവും അലംഭാവവും നിഷ്‌ക്രിയത്വവും കാട്ടിയതിന് സിഐക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണം വല്ലതുമുണ്ടെങ്കില്‍ നേരിട്ടു ഹാജരായി ബോധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് കോടതി മെമ്മോ നല്‍കിയത്. പ്രതിയായ ഗോപിക കോളേജില്‍ പണമടച്ചത് രേഖപ്പെടുത്തിയ ക്യാഷ് ബുക്ക് , അലുമ്‌നി അസോസിയേഷന്‍ റെക്കോര്‍ഡ് , പി റ്റി എ റെക്കോര്‍ഡ് എന്നിവയുടെ കസ്റ്റോഡിയന്‍ പ്രിന്‍സിപ്പാളാണെന്ന് സാക്ഷികളായ അക്കൗണ്ടന്റും കാഷ്യറും കോടതിയില്‍ ഹാജരായി ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കോളേജ് പ്രിന്‍സിപ്പാള്‍ രേഖകള്‍ സഹിതം ഹാജരായി മൊഴി നല്‍കാനുള്ള സമന്‍സുത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് കോടതി ഉത്തരവിട്ടത്.
വിചാരണ പുരോഗമിക്കവേ സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിയായ മുട്ടത്തറ സ്വദേശിനി ഗോപിക നായരെ (19/2014) യാണ് കോടതി വിചാരണ ചെയ്യുന്നത്. പന്ത്രണ്ടാം ക്ലാസില്‍ തോറ്റ ഗോപിക കൊഞ്ചിറ വിള സ്വദേശിയായ പ്ലസ് റ്റു തോറ്റ 17 കാരന്‍ സുഹൃത്തുമായി ചേര്‍ന്ന് പേഴ്സണല്‍ കംപ്യൂട്ടറും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ച് പ്ലസ് റ്റു ജയിച്ച മറ്റൊരു വിദ്യാര്‍ത്ഥിയുടെ ഒറിജിനല്‍ രേഖകള്‍ കളര്‍ സ്‌കാന്‍ ചെയ്ത് വ്യാജരേഖകള്‍ ചമച്ച് മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയെങ്കിലും യോഗ്യത നേടാനാകാത്തതിനാല്‍ പ്രവേശന പരീക്ഷയില്‍ 357-ാം റാങ്ക് നേടിയ തിരുവല്ലം സ്വദേശിനിയായ മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ യോഗ്യതാ പത്രമടക്കമുള്ള ഒറിജിനല്‍ രേഖകള്‍ കളര്‍ സ്‌കാന്‍ ചെയ്തും അലോട്ട്മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോയും പേരും റോള്‍ നമ്പറും മാറ്റി വ്യാജരേഖയുണ്ടാക്കിയും മെഡിക്കല്‍ കോളേജില്‍ ഫീസടച്ച് അഡ്മിഷന്‍ നേടി പി റ്റി എ ഫണ്ടും അടച്ച് അധികൃതരെ കബളിപ്പിച്ച് ഒരു മാസത്തോളമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് ഒന്നാം സെമസ്റ്റര്‍ ക്ലാസില്‍ പങ്കെടുത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനെ വഞ്ചിച്ചുവെന്നാണ് കേസ്. നാലാഴ്ചയോളം ക്ലാസില്‍ പങ്കെടുത്ത ശേഷം, ഹാജര്‍ പട്ടികയില്‍ തന്റെ പേര് ഇല്ലെന്ന പരാതിയുമായി ഗോപിക ഫാക്കല്‍റ്റിയെ സമീപിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഉടന്‍ തന്നെ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും എംബിബിഎസ് റാങ്ക് ലിസ്റ്റില്‍ ഗോപികയുടെ പേരില്ലെന്ന് കണ്ടെത്തുകയും ചെയ്തു. മെഡിക്കല്‍ എന്‍ട്രന്‍സ് ഫീസ് രസീത് ഉള്‍പ്പെടെ എല്ലാ പ്രവേശന രേഖകളും ഗോപിക കോളേജ് അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഈ രേഖകളെല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തു വന്നത്.
2014 സെപ്റ്റംബര്‍ 24 , 25 തീയതികളിലായാണ് കേസിനാസ്പദമായ കുറ്റകൃത്യം കണ്ടെത്തുന്നത്.
ഗോപികയേയും വ്യാജരേഖ ചമയ്ക്കാന്‍ സഹായിച്ചതിന് ആറ്റുകാല്‍ കൊഞ്ചിറവിള സ്വദേശി ഗോപികയുടെ സുഹൃത്തായ 17കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ പേഴ്സണല്‍ കംപ്യൂട്ടറും വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പന്ത്രണ്ടാം ക്ലാസില്‍ തോറ്റ പെണ്‍കുട്ടി എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ ആവശ്യമായ രേഖകള്‍ വ്യാജമായി ചമച്ചിരുന്നതായി അന്നത്തെ മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും നിലവില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ അസി. കമ്മീഷണറുമായ ഷീന്‍ തറയില്‍ 2014 ല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദിവസക്കൂലിക്കാരാണ്. തട്ടിപ്പിനെക്കുറിച്ച് അവര്‍ക്ക് യാതൊരറിവും ഇല്ല. 2013 ല്‍ താന്‍ പന്ത്രണ്ടാം ക്ലാസ് വിജയിച്ചതായി പെണ്‍കുട്ടി മാതാപിതാക്കളെ ബോധ്യപ്പെടുത്തിയതായും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.
എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ ഫീസ് അടക്കുന്നതിനായി പെണ്‍കുട്ടി ഒരു വര്‍ഷത്തോളം ഇവരില്‍ നിന്ന് പണം വാങ്ങാറുണ്ടായിരുന്നു. തുടര്‍ന്ന് വ്യാജരേഖകള്‍ ഉപയോഗിച്ച് പ്രവേശന പരീക്ഷ എഴുതിയെങ്കിലും യോഗ്യത നേടാനായില്ല. ഇതിന് ശേഷമാണ് എം ബി ബി എസ് പ്രവേശനത്തിന് സുഹൃത്തുമായി ചേര്‍ന്ന് വ്യാജരേഖ ചമച്ചത്.
മറ്റൊരു വിദ്യാര്‍ത്ഥിയുടെ ഒറിജിനല്‍ രേഖകള്‍ കളര്‍ സ്‌കാന്‍ ചെയ്തതിന് ശേഷമാണ് ഗോപികയ്ക്ക് ഇത് ചെയ്യാന്‍ കഴിഞ്ഞതെന്നും അത് അവള്‍ റഫറന്‍സിനായി സുരക്ഷിതമാക്കിയെന്ന എന്‍ട്രന്‍സ് കമ്മീഷണറേറ്റിലെ ഓഫീസറുടെ മൊഴിയും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.
ഗോപികാ നായരെയാണ് എ സിജെഎം കോടതി വിചാരണ ചെയ്യുന്നത്. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കുറ്റവാളിയായ 17 കാരന്റെ വിചാരണ പൂജപ്പുര ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ചെയര്‍മാനായ രണ്ടാം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ നടന്നു വരികയാണ്.
വ്യാജരേഖ ചമയ്ക്കല്‍ , ചതിക്കലിനായുള്ള വ്യാജ നിര്‍മ്മാണം , അവ അസ്സല്‍ രേഖ പോലെ ഉപയോഗിക്കല്‍ , വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍ , 17കാരനുമായി ചേര്‍ന്ന് കൃത്യത്തിന് പരസ്പരം ഉത്സാഹികളായും സഹായികളായും നിന്ന് പ്രവര്‍ത്തിച്ചുള്ള കൂട്ടായ്മ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഗോപിക നായരെ വിചാരണ ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























