കരകുളം ഭുവനചന്ദ്രന്‍ എന്ന പുരന്ദരന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസ് ... മൂങ്ങ അഭിലാഷടക്കം 6 പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തി

നെടുമങ്ങാട് കരകുളം ഭുവനചന്ദ്രന്‍ എന്ന പുരന്ദരന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ അനവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മൂങ്ങ അഭിലാഷടക്കം 6 പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തി. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തിയത്.
പുള്ളിക്കോണം തറട്ട സ്വദേശികളായ മൂങ്ങ അഭിലാഷ് എന്ന അഭിലാഷ് (34) , വിമല്‍കുമാര്‍, (29), സുജിത് , സിങ്കം എന്ന ധനേഷ് കുമാര്‍ , രാജേഷ് കുമാര്‍ (27) , വിഷ്ണു (27) എന്നിവരാണ് 1 മുതല്‍ 6 വരെയുള്ള പ്രതികള്‍.
അഭിലാഷിന്റെ വീട് ബിജുവിന്റെ സംഘാംഗങ്ങള്‍ ആക്രമിച്ചതിന്റെ പ്രതികാരമായി ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
2015 ജനുവരി 29 നാണ് ബിജുവിനെ അക്രമികള്‍ കൊലപ്പെടുത്തിയത്.
അനധികൃത നിലം നികത്തലും മണല്‍ക്കടത്തും നടത്തുന്നവരില്‍ നിന്ന് ഹഫ്ത പിരിച്ചായിരുന്നു കൊല്ലപ്പെട്ട ബിജു പണം കണ്ടെത്തിയത്. ഇതിനായി തങ്ങളെ പ്രേരിപ്പിച്ച് സമ്മര്‍ദത്തിലാക്കിയിരുന്നതായാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞതായ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്. ഹഫ്ത പിരിച്ചു നല്‍കാന്‍ അഭിലാഷ് വിസമ്മതിച്ചതോടെ ജനുവരി 28 ന് അഭിലാഷിനെ ഭീഷണിപ്പെടുത്താന്‍ ബിജു തന്റെ ആളുകളെ അഭിലാഷിന്റെ വീട്ടിലേക്ക് അയച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അഭിലാഷിന്റെ അമ്മയ്ക്ക് പരിക്കേറ്റു. ഇതാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്നും ഇതിന് പ്രതികാരമായാണ് ജനുവരി 29 ന് പുലര്‍ച്ചെ ബിജുവിന്റെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തിയതെന്നുമാണ് കേസ്.
ആക്രമണസമയത്ത് ബിജുവിന്റെ കൂട്ടാളികളായ ജംബു സുരേഷിനും ചന്ദ്രനും മാരകമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ സുരേഷും ചന്ദ്രനും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു.
2015 ഫെബ്രുവരി 4 ന് നെടുമങ്ങാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.സൈബുദീന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് സബ് ഡിവിഷനു കീഴിലുള്ള പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുള്ള പ്രതികളെല്ലാം ഒരു കാലത്ത് ബിജുവിന്റെ കൂട്ടാളികളായിരുന്നു.
അതേ സമയം കരകുളം ആറാം കല്ലില്‍ ജംഗ്ഷനില്‍വച്ച് 2011ല്‍ ശ്യാം, പ്രവീണ്‍ എന്നിവരെ കൊലപ്പെടുത്തിയ ഇരട്ടക്കൊല കേസിലെ പ്രതികളായ പ്രിന്‍സ്, മണിച്ചന്‍ എന്നിവര്‍ക്ക് എതിരായി കോടതിയില്‍ വിചാരണ സമയം മൊഴി നല്‍കിയാല്‍ കൊല്ലുമെന്ന് സാക്ഷിയായ ആറാംകല്ല് സ്വദേശി സുധീഷിനെ ഭീഷണിപ്പെടുത്തിയതിന് അഭിലാഷിനെതിരെ കേസുണ്ട്. 'കണ്ടത് പറഞ്ഞാല്‍ നിന്നെയും കൊല്ലും ' എന്നായിരുന്നു ഭീഷണി.
https://www.facebook.com/Malayalivartha
























