ഡിജിപിയുടെ പേരില്‍ വാട്‌സാപ്പിലൂടെ പണം തട്ടിപ്പ്... നൈജീരിയന്‍ സ്വദേശി റോമാനസ് ചിബ്യൂസിന്റെ ജാമ്യം കോടതി റദ്ദാക്കി, പ്രതിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റു വാറണ്ടും ജാമ്യ ബോണ്ടുതുക കണ്ടു കെട്ടാന്‍ ജപ്തി വാറണ്ടും ജാമ്യക്കാര്‍ക്ക് നോട്ടീസും, പ്രതിയെ നവംബര്‍ 30 നകം സിറ്റി സൈബര്‍ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കണം

സംസ്ഥാന ഡിജിപിയുടെ പേരില്‍ വ്യാജ വാട്‌സാപ് അക്കൗണ്ട് ഉണ്ടാക്കി മലയാളികളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ നൈജീരിയന്‍ സ്വദേശി റോമാനസ് ചിബ്യൂസിന്റെ (29) ജാമ്യം കോടതി റദ്ദാക്കി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.
പ്രതിക്ക് 2023 ഏപ്രില്‍ മാസം നല്‍കിയ ജാമ്യമാണ് കോടതി റദ്ദാക്കിയത്. പ്രതിയെ അറസ്റ്റു ചെയ്യാന്‍ അറസ്റ്റു വാറണ്ടും ജാമ്യ ബോണ്ടു തുക കണ്ടു കെട്ടാന്‍ ജപ്തി വാറണ്ടും ജാമ്യക്കാര്‍ക്ക് നോട്ടീസും നടപ്പിലാക്കാന്‍ കോടതി ഉത്തരവിട്ടു. പ്രതിയെ നവംബര്‍ 30 നകം സിറ്റി സൈബര്‍ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കാനും എസിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് ഉത്തരവിട്ടു.
കോടതി പ്രതിക്ക് ജാമ്യം നല്‍കിയ വേളയില്‍ നിഷ്‌കര്‍ശിച്ച ജാമ്യവ്യവസ്ഥ പ്രതി ലംഘിച്ചതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടക്കണമെന്നാവശ്യപ്പെട്ട് സിറ്റി സൈബര്‍ ക്രൈം പോലീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഹര്‍ജിയില്‍ ആക്ഷേപമുണ്ടെങ്കില്‍ 2023 ജൂണ്‍ 12 ന് ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് 2023 മെയ് 19 ന് പ്രതിയുടെ ഡല്‍ഹി വിലാസത്തില്‍ നോട്ടീസയച്ചിരുന്നു. എന്നാല്‍ നോട്ടീസില്‍ പറയുന്ന ഡല്‍ഹി ഉത്തംനഗറിലെ മേല്‍വിലാസമോ പേരുകാരനെയോ കണ്ടെത്താനാവുന്നില്ലെന്ന പോസ്റ്റല്‍ അധികൃതരുടെ റിപ്പോര്‍ട്ട് സഹിതം നോട്ടീസ് കോടതിക്ക് തിര്യ സമര്‍പ്പിച്ചു. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചതായി നിരീക്ഷിച്ച കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റു വാറണ്ടും ജാമ്യ ബോണ്ടുതുക കണ്ടു കെട്ടാന്‍ ജപ്തി വാറണ്ടും ജാമ്യക്കാര്‍ക്ക് നോട്ടീസും പുറപ്പെടുവിച്ചു.
കുറ്റപത്രം സമര്‍പ്പിക്കും വരെ ആഴ്ചയില്‍ ഒരിക്കല്‍ വീതം എല്ലാ ആഴ്ചയും സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്ന കോടതിയുടെ ജാമ്യവ്യവസ്ഥ 3 ആഴ്ച പ്രതി ലംഘിച്ചുവെന്നാണ് സൈബര്‍ പോലീസ് ഹര്‍ജി.
2022 മാര്‍ച്ച് 12 നാണ് ഡല്‍ഹിയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി ദ്വാരക ജില്ലയിലെ ഉത്തംനഗര്‍ കേന്ദീകരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന റൊമാനസിനെ അറസ്റ്റ് ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം ഉത്തംനഗറിലെ കെട്ടിടത്തില്‍ എത്തിയതോടെ ആഫ്രിക്കന്‍ വംശജരുടെ ശക്തമായ എതിര്‍പ്പ് ഉണ്ടായി.
ഉത്തംനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പൊലീസ് എത്തിയാണ് ഇയാളെ പുറത്ത് എത്തിച്ചത്.തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അസി. കമ്മിഷണര്‍ ടി. ശ്യാംലാല്‍ , ഇന്‍സ്‌പെക്ടര്‍ പി.ബി. വിനോദ്കുമാര്‍, എസ്‌ഐ ബിജുലാല്‍, എഎസ്‌ഐമാരായ സുനില്‍ കുമാര്‍, ഷിബു, സിപിഓമാരായ വിജേഷ്, സോനുരാജ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
ഇയാളില്‍ നിന്നും എടിഎം കാര്‍ഡുകള്‍, പാസ്‌പോര്‍ട്ടുകള്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തു. ഇയാള്‍ ഉപയോഗിച്ച വാട്‌സാപ് അക്കൗണ്ടുകള്‍ അനലൈസ് ചെയ്ത് നടത്തിയ സൈബര്‍ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha
























