സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ 3 ജില്ലകളിൽ യെല്ലോ അലർട്ട്...എറണാകുളം , ഇടുക്കി, മലപ്പുറം ജില്ലക്കാർ സൂക്ഷിക്കുക...മലയോര മേഖലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യത...മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി...അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം...

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം , ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയോര മേഖലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.അതേസമയം മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് തീരദേശവാസികളും മത്സ്യത്തൊഴിലാളികളും സുരക്ഷിതരായിരിക്കാൻ ജാഗ്രതാ നിർദ്ദേശവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്‌ക്കുക.1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.ഇന്നലെ വൈകിട്ടു 3.15 മുതൽ 4.15 വരെ വണ്ടൂരിൽ പെയ്തത് 121 എംഎം മഴ. വൈകിട്ട് 7 വരെ കണക്കെടുത്തപ്പോൾ 155 എംഎം മഴ കിട്ടിയതായി വണ്ടൂർ കൊട്ടൻപാറയിൽ റെയിൽ ട്രാക്കേഴ്സ് കൂട്ടായ്മ സ്ഥാപിച്ച മഴമാപിനിയിൽ രേഖപ്പെടുത്തി.
ഈ വർഷം ജില്ലയുടെ കിഴക്കൻ മേഖലയിലും പാലക്കാട് അതിർത്തിയിലും പെയ്തതിൽ ഏറ്റവും കൂടിയ അളവാണിത്. മണ്ണാർക്കാട് കോട്ടേപ്പാടത്ത് വൈകിട്ടു 4.45 മുതൽ 5.45 വരെ 102 എംഎം മഴയും കിട്ടി. വണ്ടൂരിൽ പെയ്തതു ലഘു മേഘവിസ്ഫോടനത്തിനു തുല്യമായ തീവ്രമഴയാണെന്നു റെയിൽ ട്രാക്കേഴ്സ് കൂട്ടായ്മയിലെ വിദഗ്ധർ പറയുന്നു. ശക്തമായ മിന്നലും ഉണ്ടായി.കഴിഞ്ഞ വർഷം ഇതേ സമയത്തു വണ്ടൂരിൽ 105 എംഎം മഴ ലഭിച്ചിരുന്നു. തുലാം വർഷത്തിനു മുന്നോടിയായി ലഭിച്ച ശക്തമായ മഴയാണിത്. എന്നാൽ കഴിഞ്ഞ മൂന്നു മാസങ്ങളിൽ മുൻ വർഷത്തേക്കാൾ മഴ കുറഞ്ഞു.കഴിഞ്ഞ വർഷം ജൂണിൽ 342 എംഎം മഴ ലഭിച്ചത് ഇക്കുറി 216 മില്ലി മീറ്ററും ജൂലൈയിൽ 1072 എംഎം മഴ ലഭിച്ചത് 965 മില്ലിമീറ്ററും ഓഗസ്റ്റിൽ 656 എംഎം മഴ ലഭിച്ചതു 50 മില്ലിമീറ്ററും ആയി ചുരുങ്ങി.ഇന്നലെ വൈകിട്ടു 3 നു തുടങ്ങിയ മഴ 6.30 വരെ നീണ്ടു. മഞ്ചേരി റോഡ് നവീകരിച്ച ഭാഗങ്ങളിലും താഴെ കോഴിപ്പറമ്പിലും വെള്ളക്കെട്ടുണ്ടായി.
നിലമ്പൂർ റോഡിന്റെ തുടക്കത്തിൽ പതിവായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗം തോടുപോലെയായി.ഓട്ടോറിക്ഷകൾ നിർത്തിയിടുന്ന ഭാഗങ്ങളിലെല്ലാം വെള്ളം കയറി. മാർക്കറ്റ് റോഡിൽ ശക്തമായി കുത്തിയൊഴുകി 2 കടകളിൽ വെള്ളം കയറി. സ്കൂൾ വിട്ട സമയമായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ വലഞ്ഞു.തുലാമഴയുടെ മുന്നോടിയായുള്ള മഴയാണ് ഇന്നലെ ലഭിച്ചതെന്നാണ് സൂചന. തെക്കുപടിഞ്ഞാറൻ മൺസൂൺ (ഇടവപ്പാതി) പിൻമാറി വടക്കു കിഴക്കൻ മൺസൂണിന് വഴിയൊരുക്കുന്ന വേളയാണിത്.തുലാമഴ ഒരാഴ്ചക്കകം എത്തുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇത്തവണ നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. നവംബർ പകുതി വരെ ഭേദപ്പെട്ട മഴ കിട്ടിയേക്കുമെന്നാണ് പ്രവചനം. മിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറുക. ടെറസിലോ മറ്റോ കുട്ടികൾ കളിക്കുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. മിന്നലുള്ളപ്പോൾ തുണികളെടുക്കാനും മറ്റും തുറസായ സ്ഥലത്തേക്കോ ടെറസിലേക്കോ പോകുന്നത് ഒഴിവാക്കുക. തുറസായ സ്ഥലത്തോ വൃക്ഷങ്ങളുടെ ചുവട്ടിലോ നിൽക്കരുത്.
വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുത ബന്ധം വിച്ഛേദിക്കുക വാഹനത്തിനകത്ത് ഇരിക്കുന്നത് സുരക്ഷിതമാണ്. കൈകാലുകൾ പുറത്തിടാതിരിക്കുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുക. മിന്നൽ സൂചന വന്നാൽ സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടിയ ശേഷം മിന്നൽ കഴിഞ്ഞു മാത്രം യാത്ര തുടരുക. മിന്നൽ സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. മീൻപിടിക്കുകയോ ജലാശയത്തിലിറങ്ങുകയോ ചെയ്യരുത്.
https://www.facebook.com/Malayalivartha
























