വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കുന്നതിന് അനുമതി; കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കരയിലിറങ്ങാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കുന്നതിന് അനുമതി. ലോകത്തെ ഏറ്റവും മികച്ച ക്രെയ്ന്‍ നിര്‍മാതാക്കളായ ഷാന്‍ഗായ് പിയുടെ കപ്പലായ ഷെന്‍ ഹുവ 15ലെ മുഴുവന്‍ ജീവനക്കാര്‍ക്കും കരയിലിറങ്ങുന്നതിനും അനുമതി ലഭിച്ചു. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിന് ആഘോഷപൂര്‍വമായി സ്വീകരണം നല്‍കിയെങ്കിലും നാലു ദിവസമായിട്ടും ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍ നിന്ന് തുറമുഖത്തെ ബര്‍ത്തിലേയ്ക്ക് ഇറങ്ങാനുള്ള അനുമതി നല്‍കിയിരുന്നില്ല. ഇത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കെയാണ് അനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചത്.
കപ്പലിലെ രണ്ടു പേര്‍ക്കാണ് ആദ്യം എഫ് ആര്‍ ആര്‍ ഒ അനുമതി ലഭിച്ചത്. പിന്നീട് കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അനുമതി നല്‍കിയതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. ചില സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മുംബയില്‍ നിന്നുള്ള കമ്പനിയുടെ വിദഗ്ദ്ധര്‍ ഉടനെയെത്തും. കാലാവസ്ഥ കൂടി അനുകൂലമായാല്‍ വിഴിഞ്ഞത്ത് കപ്പലില്‍ നിന്ന് ക്രെയിന്‍ ബര്‍ത്തില്‍ ഇറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കപ്പലിലെ ജീവനക്കാരുടെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. നിലവില്‍ വിഴിഞ്ഞത്ത് കടല്‍ പ്രക്ഷുബ്ദമാണ്. അതിനാല്‍ തന്നെ കാലാവസ്ഥ അനുകൂലമായാലെ ക്രെയിന്‍ ഇറക്കുന്ന നടപടി ആരംഭിക്കാനാകു.
കഴിഞ്ഞ 12-ാം തീയതിയാണ് വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടത്. ചൈനീസ് കപ്പല്‍ ഷെന്‍ ഹുവ 15നെ വാട്ടര്‍ സല്യൂട്ടോടെയാണ് കേരളം സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പല്‍. 15-ാം തീയതിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം നടന്നത്.തിങ്കളാഴ്ച മുതല്‍ കപ്പലില്‍ നിന്ന് ക്രെയിനുകള്‍ ഇറക്കാനുള്ള ജോലി തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായതിനാലാണ് ക്രെയിന്‍ ഇറക്കുന്നത് വൈകുന്നത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ കപ്പലിലെ ജീവനക്കാര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാത്തതായിരുന്നു യഥാര്‍ത്ഥ കാരണമെന്നാണ് സൂചന. കപ്പലില്‍ 12 ചൈനീസ് ജീവനക്കാരാണ് ഉള്ളത്. ഇവരുടെ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സംബന്ധിച്ച് കപ്പല്‍ എത്തിയപ്പോള്‍ തന്നെ പ്രശ്‌നം ഉയര്‍ന്നിരുന്നു. ക്രെയിന്‍ ഇറക്കാന്‍ ജീവനകര്‍ക്ക് ബര്‍ത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് തുറമുഖ മന്ത്രി അന്ന് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.
https://www.facebook.com/Malayalivartha



























