മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍.... . ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി, പ്രിയ നേതാവിന്റെ നൂറാം പിറന്നാള്‍ ഉത്സവമാക്കി മാറ്റാനൊരുങ്ങി ജന്മനാട്...

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്.
മകന്‍ വിഎ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് നിലവില്‍ വിഎസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വിഎസ് അറിയുന്നുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍ .
നേരിയ പക്ഷാഘാതത്തെ തുടര്‍ന്നാണ് വിഎസ് പൊതു വേദിയില്‍ നിന്ന് അകന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമത്തിലായെങ്കിലും വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തില്‍ ആരോഗ്യകാര്യങ്ങളില്‍ ഇപ്പോഴും അതീവ ശ്രദ്ധയാണ് വിഎസ് പുലര്‍ത്തുന്നത്.
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി . കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങള്‍ അദ്ദേഹം നയിച്ചു.
ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ വളരെ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്.
"
https://www.facebook.com/Malayalivartha



























