വയോധികയായ വീട്ടമ്മയെ വീട്ടിലെ കിടപ്പുമുറിയില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.... ഭര്‍ത്താവ് കൈഞരമ്പ് മുറിച്ച നിലയില്‍

വയോധികയായ വീട്ടമ്മയെ വീട്ടിലെ കിടപ്പുമുറിയില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തിരുവമ്പാടി കല്ലുപുരയ്ക്കല്‍ ലിസി (65)യാണ് മരിച്ചത്.
കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ ലിസിയുടെ ഭര്‍ത്താവ് പൊന്നപ്പന്‍ വര്‍ഗീസിനെ (75) ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊന്നപ്പന്‍ ആത്മഹത്യക്ക് ശ്രമിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവ സമയം ഇവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏക മകന്‍ വിനയ് ഭാര്യയും കുഞ്ഞുമായി ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കുള്ള ഉച്ചഭക്ഷണം ഓണ്‍ലൈനായി ബുക്ക് ചെയ്തതനുസരിച്ച് ഡെലിവറി ബോയ് സ്ഥലത്തെത്തിയെങ്കിലും ആരും വാതില്‍ തുറന്നില്ല. ഇതോടെ ഡെലിവറി ബോയ് വിനയുടെ നമ്പരില്‍ വിളിച്ചു. മകന്റെ നിര്‍ദ്ദേശമനുസരിച്ച് സമീപത്ത് താമസിക്കുന്ന ബന്ധുവായ ജോര്‍ജ്ജ് വീട്ടിലെത്തി അടുക്കളവാതിലിന്റെ ഗ്രില്ല് തുറുന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. ലിസി കിടപ്പുമുറിയിലും പൊന്നപ്പന്‍ ശുചിമുറിയിലുമാണ് കിടന്നിരുന്നത്.
ജോര്‍ജ്ജിന്റെ കടയിലെ ജീവനക്കാരനും നാട്ടുകാരും ചേര്‍ന്ന് 108 ആംബുലന്‍സ് വിളിച്ചാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ചശേഷമാണ് ലിസിയുടെ മരണം സ്ഥിരീകരിച്ചത്.
പനിയെ തുടര്‍ന്ന് ഒരാഴ്ച്ചയായി ആശുപത്രിയില്‍ കിടത്തി ചികിത്സയിലായിരുന്ന ലിസി ബുധനാഴ്ച്ചയാണ് വീട്ടിലെത്തിയത്. കുടുംബത്തിന് സാമ്പത്തിക ബാദ്ധ്യതയോ കുടുംബപ്രശ്‌നങ്ങളോ ഉള്ളതായി സൂചനയില്ല. എന്നാല്‍ അനാരോഗ്യം മൂലമുള്ള മാനസിക വിഷമം ഉണ്ടായിരുന്നുവെന്നാണ് അടുപ്പക്കാര്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha



























