മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരെ കത്തി വീശി ഭീഷണിപ്പെടുത്തിയ കേസ്... ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷും കൂട്ടാളികളുമടക്കം 4 പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ് , ഒക്ടോബര്‍ 21 ന് ഹാജരാക്കണം

മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാരെ കത്തി വീശി ഭീഷണിപ്പെടുത്തിയ കേസില്‍ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷും കൂട്ടാളികളുമടക്കം 4 പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.
പുത്തന്‍പാലം രാജേഷ് , കൂട്ടാളികളായ പട്ടി സാബു എന്ന സാബു , സലിം മകന്‍ ഷാജി , മനു എന്ന മനോജ് കുമാര്‍ എന്നിവരെയാണ് ഹാജരാക്കേണ്ടത്. പ്രതികളെ ഒക്ടോബര്‍ 21 ന് ഹാജരാക്കാന്‍ സിറ്റി മെഡിക്കല്‍ കോളജ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് അഡീ.സി ജെ എം എല്‍സാ കാതറിന്‍ ജോര്‍ജ് നിര്‍ദേശം നല്‍കി.
അടിയന്തിര ഘട്ടത്തില്‍ ആംബുലന്‍സ് പുറത്തെടുക്കേണ്ടതിനാല്‍ ആംബുലന്‍സ് പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് കാര്‍ നീക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടതാണ് ഗുണ്ടകളെ പ്രകോപിപ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 294 ബി (അസഭ്യം വിളിക്കല്‍) , 323 ( ദേഹോപദ്രവമേല്‍പ്പിക്കല്‍) , 506 (2) ( ഭീഷണിപ്പെടുത്തി മരണഭയമുണ്ടാക്കല്‍) , ആയുധ നിയമത്തിലെ 27 ( മാരകായുധം കൈവശം വച്ച് ഉപയോഗിക്കല്‍) എന്നീ കുറ്റങ്ങള്‍ക്ക് കലണ്ടര്‍ കേസെടുത്താണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. 2023 ജനുവരി 11ന് രാത്രിയിലാണ് സംഭവം നടന്നത്. പോലീസ് കുറ്റപത്രത്തില്‍ പറയുന്നതനുസരിച്ച്, രാജേഷ് ടൊയോട്ട ഫോര്‍ച്യൂണര്‍ കാറില്‍ വന്ന് ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സിന് മുന്നില്‍ വാഹനം നിര്‍ത്തി. ആംബലുന്‍സ് പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് രാജേഷിന്റെ വാഹനം ഇട്ടത് ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം.
ഇതില്‍ പ്രകോപിതനായ രാജേഷ് കാറില്‍ നിന്ന് കത്തിയുമായി കൂട്ടാളികളോടൊപ്പം പുറത്തിറങ്ങി. രാജേഷ് ആംബുലന്‍സ് ഡ്രൈവര്‍മാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി മരണഭയമുണ്ടാക്കുകയും അസഭ്യം വിളിക്കുകയും മര്‍ദ്ദിച്ച് ദേഹോപദ്രവമേല്‍പ്പിക്കുകയും പ്രശ്‌നത്തില്‍ ഇടപെട്ടവരെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഡ്രൈവര്‍മാര്‍ സ്റ്റേഷനില്‍ അറിയിച്ചത് പ്രകാരം രാജേഷിന്റെ വാഹനനമ്പര്‍ വയര്‍ലെസ് സെറ്റിലൂടെ പൊലീസ് സമീപ സ്റ്റേഷനുകളിലും മറ്റും കൈമാറി.
അരിസ്റ്റോ ജംഗ്ഷനിലുണ്ടായിരുന്ന പൊലീസുകാരന്‍ ഓട്ടോയില്‍ കയറി രാജേഷിന്റെ വാഹനത്തെ പിന്തുടര്‍ന്ന് മാഞ്ഞാലിക്കുളത്ത് വെച്ച് തടഞ്ഞു. പിന്നാലെ രാജേഷും ഒപ്പമുണ്ടായിരുന്നവരും കാറില്‍ നിന്നിറങ്ങി ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. കാറും ഡ്രൈവര്‍ ഷാജിയെയും മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വാഹനത്തിന്റെ നമ്പര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ്.
https://www.facebook.com/Malayalivartha



























