സങ്കടക്കാഴ്ചയായി... നിയമസഭ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഓണാഘോഷത്തില്‍ ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ ഡെപ്യൂട്ടി ലൈബ്രറേറിയന്‍ മരിച്ചു...

നിയമസഭ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഓണാഘോഷത്തില്‍ ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ ഡെപ്യൂട്ടി ലൈബ്രറേറിയന്‍ മരിച്ചു. വയനാട് സുല്‍ത്താന്‍ബത്തേരി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്ത് വാഴയില്‍ ഹൗസില്‍ ജുനൈസ് അബ്ദുള്ള (46) ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് സംഭവം നടന്നത്.
ശങ്കരനാരായണന്‍തമ്പി ലോഞ്ചില്‍ ജുനൈസും സംഘവും ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ 3.30നാണ് കുഴഞ്ഞുവീണത്. നിയമസഭയിലെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് ഒരു മാസമായി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. രാവിലെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷമാണ് ജീവനക്കാര്‍ക്കായുള്ള മത്സരങ്ങള്‍ നടന്നത്.
പി.എം.ജി ജംഗ്ഷന് സമീപമുള്ള ഗവണ്‍മെന്റ് ക്വാട്ടേഴ്‌സിലാണ് ജുനൈസും കുടുംബവും താമസം. പി.വി. അന്‍വര്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫായിരുന്നു. ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നിയമസഭാ മന്ദിരത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്നതാണ്. തുടര്‍ന്ന് നാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യും.
പരേതനായ കുഞ്ഞബ്ദുള്ളയുടെയും ആയിഷ വടക്കോടന്റെയും മകനാണ്. ഭാര്യ: റസീന (അദ്ധ്യാപിക, തിരുവനന്തപുരം). മക്കള്‍: നജാദ് അബ്ദുള്ള (ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി), നിഹാദ് അബ്ദുള്ള (ആറാം ക്ലാസ് വിദ്യാര്‍ത്ഥി). ജുനൈസിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അനുശോചനം രേഖപ്പെടുത്തി. ബത്തേരി ചുങ്കം കബറിസ്ഥാനിലാണ് കബറടക്കം.
"
https://www.facebook.com/Malayalivartha