റീനയുടെയും പെൺകുഞ്ഞുങ്ങളെയും ഇനിയും കണ്ടെത്താനായില്ല; ഭർത്താവ് ജീവനൊടുക്കിയതിൽ പൊലീസിനെതിരെ കുടുംബം

തിരുവല്ലയിൽ നിന്ന് കാണാതായ റീനയുടെയും പെൺകുഞ്ഞുങ്ങളെയും ഇനിയും കണ്ടെത്താനായിട്ടില്ല. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എങ്ങോട്ട് പോയി എന്നതിൽ വ്യക്തതയില്ല. കാണാതായ ഓഗസ്റ്റ് പതിനേഴാം തീയതി തൃശ്ശൂരിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. എന്നാൽ അവിടെ നിന്ന് എങ്ങോട്ട് പോയി എന്ന കാര്യത്തിന് പൊലീസിന് വ്യക്തതയില്ല. അതേസമയം, റീനയുടെ ഭർത്താവ് ജീവനൊടുക്കിയതിൽ പൊലീസിനെതിരെ കുടുംബം ഉടൻ എസ്പിക്ക് പരാതി നൽകും. തിരോധാന കേസന്വേഷണത്തിന്റെ പേരിൽ അനീഷിനെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം.
പുളിക്കീഴ് പൊലീസും പ്രത്യേക അന്വേഷണസംഘവും മാനസികമായി പീഡിപ്പിച്ചെന്നാണ് അനീഷിന്‍റെ കുടുംബം ആരോപിക്കുന്നത്. എന്നാൽ, മൊഴിയെടുക്കൽ മാത്രമാണ് നടന്നതെന്നും അനീഷിനെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നും പ്രത്യേക അന്വേഷണസംഘം വിശദീകരിച്ചു.
ഇന്നലെ വൈകീട്ടോടെയാണ് കവിയൂരിലെ സ്വന്തം വീട്ടിൽ അനീഷ് മാത്യുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 17 ആം തീയതി മുതലാണ് അനീഷിന്‍റെ ഭാര്യ റീനയെയും രണ്ട് പെൺകുഞ്ഞുങ്ങളെയും കാണാതാവുന്നത്. റീനയുടെ സഹോദരന്‍റെ പരാതിയിൽ കേസെടുത്ത പുളിക്കീഴ് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും മൂവരയും കണ്ടെത്താനായില്ല.
ആലുംതുരുത്തി ചന്തയ്ക്ക് സമീപം താമസിച്ചിരുന്ന റീനയെയും മക്കളായ എട്ടുവയസ്സുകാരി അക്ഷരയെയും ആറു വയസ്സുകാരി അല്‍ക്കയേയുമാണ് കാണാതായത്. ഇവരുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പത്ത് ദിവസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. എസ് പി നിയോഗിച്ച പ്രത്യേക സംഘമാണ് ഇവരുടെ തിരോധാനം അന്വേഷിക്കുന്നത്. ഇവരെ കാണാതായി രണ്ട് ദിവസത്തിനുശേഷമാണ് റീനയുടെ ഭര്‍ത്താവ് അനീഷ് മാത്യുവും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയത്. ഇത് അന്വേഷണത്തിന്റെ തുടക്കത്തില്‍ ഏറെ ദുരൂഹതകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ റീനയും മക്കളും എവിടെയോ യാത്ര പോകാന്‍ ഉറപ്പിച്ച രീതിയിലാണുളളത്. റീനയുടെയും മക്കളുടെയും കൈവശം ബാഗുകളുണ്ട്. ഇവര്‍ക്കായുളള അന്വേഷണം സംസ്ഥാനത്തൊട്ടാകെ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മൂന്നുവര്‍ഷം മുന്‍പ് കുടുംബകോടതിയില്‍ അനീഷിനെതിരെ റീന കേസ് നല്‍കിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കിയ ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് താമസിച്ചു വരുമ്പോഴാണ് റീനയെ കാണാതാകുന്നത്. റീനയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്. റീനയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് റീനയുടെ സഹോദരന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha