വാഹനക്കടത്തിലൂടെ വന്ന വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പരും വ്യാജം

ഭൂട്ടാന്‍ വാഹനക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ വ്യാജനമ്പറില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നുവെന്ന് കസ്റ്റംസ് സംഘം. 40 ഭൂട്ടാന്‍ വാഹനങ്ങള്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം പിടിച്ചെടുത്തിരുന്നു. അതിന്റെ പരിശോധന നടത്തവേയാണ് വ്യാജ രജിസ്‌ട്രേഷന്‍ നമ്പറുകളും ശ്രദ്ധയില്‍പ്പെട്ടത്.
കേരളത്തില്‍ 220 ഭൂട്ടാന്‍ വാഹനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പല പ്രമുഖരും നിയമം ലംഘിച്ച് കൊണ്ടുവന്ന വാഹനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും രഹസ്യ കേന്ദ്രങ്ങളിലേക്കും മാറ്റിയിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതരസംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനം മറ്റൊരു സംസ്ഥാനത്ത് എത്തിച്ചാല്‍ ഒരു മാസത്തിന് ശേഷം ആ സംസ്ഥാനത്തെ നികുതിയടക്കണം. ഒരു മാസം കഴിഞ്ഞാല്‍ രജിസ്‌ട്രേഷനും എടുക്കണം. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് വ്യാജന്മാര്‍ വ്യാജനമ്പറില്‍ വിലസുന്നത്.
ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കില്ല. ഭൂട്ടാന്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കരസേനയുടെ ലോജിസ്റ്റിക് കൈകാര്യം ചെയ്യുന്ന ഹിമാചലിലെ '9 ഫീല്‍ഡ് ഓര്‍ഡനന്‍സ് ഡിപ്പോ' വിറ്റതായി വ്യാജരേഖയുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha