വധ ഭീഷണിയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി

ഉത്തരാഖണ്ഡില്‍ വധ ഭീഷണിയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി ഉത്തരാഖണ്ഡ് ലൈവ് എന്ന യൂട്യൂബ് ചാനല്‍ വഴി വാര്‍ത്തകള്‍ പുറത്തെത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍ രാജീവ് പ്രതാപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തരകാശി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് രാജീവ് പുറത്തുകൊണ്ടുവന്ന വാര്‍ത്തകളെ തുടര്‍ന്ന് ഇദ്ദേഹത്തിന് വധഭീഷണി ഉണ്ടായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു. എന്നാല്‍ കുടുംബത്തിന്റെ ആരോപണം തള്ളുകയാണ് പൊലീസ്. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
എന്നാല്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് തിടുക്കം കാട്ടുകയാണെന്നും അതിനായി അതിവേഗം നിഗമനങ്ങളിലേക്ക് പൊലീസ് എത്തുകയാണെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. രാജീവിന്റെ കണ്ണിലും തലയിലും അടക്കം ശരീരത്തില്‍ പലയിടത്തും പരിക്കുകളുണ്ട്. രാജീവിന്റെ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ പൊലീസ് തങ്ങള്‍ക്ക് കൈമാറിയില്ല. രാജീവിനൊപ്പം അവസാനം ഉണ്ടായിരുന്നുവെന്ന് പറയുന്ന സോഭന്‍ സിങ് ജോലി ചെയ്യുന്ന സ്‌റ്റേഷനിലെ പൊലീസുകാരാണ് കേസ് അന്വേഷിക്കുന്നതെന്നും കുടുംബം പറയുന്നു. ഇത്തരമൊരു അന്വേഷണം കൊണ്ട് എന്ത് കാര്യമെന്നും അവര്‍ ചോദിച്ചു.
സെപ്തംബര്‍ 18ന് രാജീവ് പ്രതാപിനെ കാണാതായിരുന്നു. തൊട്ടടുത്ത ദിവസം രാജീവിനെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സെപ്തംബര്‍ 28 ന് ജോഷിയാരാ ബാരേജിന് സമീപത്താണ് രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജീവ് അമിതമായി മദ്യപിച്ചിരുന്നുവെന്നും ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതാണ് അപകടകാരണമെന്നും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വാദിക്കുന്നു.
ഡിഎസ്പി ജനക് പന്‍വറിന്റെ നേതൃത്വത്തിലാണ് കേസില്‍ പ്രത്യേക അന്വേഷണം നടക്കുന്നത്. ഉത്തരകാശിയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സോബന്‍ സിങിനെ കാണാന്‍ രാജീവും ക്യാമറമാന്‍ മന്‍വീര്‍ കലൂഡയും വന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് മൂവരും ചേര്‍ന്ന് മദ്യപിച്ചുവെന്നാണ് പൊലീസ് വാദം. ശേഷം ക്യാമറമാന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. സോബന്‍ സിങും രാജീവും മാര്‍കറ്റ് പരിസരത്തേക്ക് കാര്‍ ഓടിച്ച് പോയി. ഇവിടെ നിന്ന് ബസ് സ്റ്റാന്റിന് സമീപത്തെ ഹോട്ടലിലേക്ക് പോയി. രാത്രി 11 മണിയോടെ രാജീവ് മാത്രം ഹോട്ടലില്‍ നിന്ന് പുറത്തേക്ക് വന്നു. ഈ സമയത്ത് ഇദ്ദേഹം മദ്യപിച്ച് ലക്കുകെട്ടാണ് നടന്നതെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പറയുന്നു. അധികം വൈകാതെ സോഭന്‍ സിങും ഇവിടേക്ക് വന്നു. ഇരുവരും കാറില്‍ കയറിയ ശേഷം സോഭന്‍ സിങ് പുറത്തേക്കിറങ്ങി. പിന്നീട് കാറിലിരുന്ന രാജീവിനോട് സോഭന്‍ സിങ് കാറിന് പുറത്ത് നിന്ന് സംസാരിച്ചു. പിന്നാലെ രാജീവ് കാര്‍ ഓടിച്ച് പോയി. അവസാനമായി സെപ്തംബര്‍ 18 ന് രാത്രി 11.38 ന് ഗംഗോത്രി പാലത്തിന് സമീപത്താണ് രാജീവ് സഞ്ചരിച്ച കാര്‍ കണ്ടത്.
ഗംഗോത്രി പാലത്തില്‍ നിന്ന് 600 മീറ്റര്‍ താഴെ നിന്നും അടുത്ത ദിവസം രാജീവിന്റെ കാര്‍ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. അന്ന് രാത്രി മനേറി അണക്കെട്ട് തുറന്നിരുന്നുവെന്നും അതിശക്തമായ ഒഴുക്കില്‍ രാജീവിന്റെ മൃതദേഹം ഒഴുകിപ്പോയതാകാമെന്നുമാണ് പൊലീസ് ഭാഷ്യം. വയറിലും നെഞ്ചിലുമായുണ്ടായ പരിക്കിനെ തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവവും ഞെട്ടലുമാണ് മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
https://www.facebook.com/Malayalivartha