ചികിത്സാ പിഴവില്‍ നടപടിയെടുക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് 9 വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തില്‍ അന്വേഷണവും തുടര്‍ നടപടിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ ഉചിത നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇത്തരം സാഹചര്യത്തില്‍ കൈ മുറിച്ച് മാറ്റാതെ തന്നെ മുറിവ് ഭേദമാക്കുവാന്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ട്. ഇത്തരം അവസ്ഥയില്‍ കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ദിവസം തോറും എത്തുന്ന രോഗികളുടെ ശരീര അവയവങ്ങള്‍ മുറിച്ച് മാറ്റാതെ തന്നെ ചികിത്സ നല്‍കി ഭേദമാക്കി വിടുന്ന സാഹചര്യം നിലവിലുണ്ട്. അതിനാല്‍ വിനോദിനിക്ക് ആവശ്യമായ മുഴുവന്‍ ചികിത്സയും പൂര്‍ണ്ണമായി നല്‍കാതെ വളരെ വേഗം കുട്ടിയുടെ കൈയുടെ മുട്ടിന് താഴെ മുറിച്ച് മാറ്റിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് എതിരെയും സമഗ്ര അന്വേഷണവും നടപടിയും വേണമെന്നാണ് അഡ്വ. കുളത്തൂര്‍ ജയ്‌സിങ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കളിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് – പ്രസീത ദമ്പതികളുടെ മകളായ ഒന്‍പത് വയസ്സ് പ്രായമുള്ളതും നാലാം ക്ലാസ്സില്‍ പഠിക്കുന്നതുമായ വിനോദിനിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെ നിന്ന് കൈക്ക് പ്ലാസ്റ്റര്‍ ഇട്ട് കുട്ടിയെ പറഞ്ഞയച്ചു. ദിവസങ്ങള്‍ കഴിഞ്ഞതും പരുക്ക് പഴുത്ത് ദുര്‍ഗന്ധം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. ഇതേ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇവിടെ വച്ച് കുട്ടിയുടെ കൈമുട്ടിന് താഴത്തെ ഭാഗം ഡോക്ടര്‍മാര്‍ മുറിച്ച് മാറ്റി.
സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയതായി കാണിച്ച് കുട്ടിയുടെ മാതാ പിതാക്കള്‍ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയും ആരോഗ്യമന്ത്രി പാലക്കാട് ജില്ലാ ആശുപത്രി അധികൃതര്‍ക്ക് എതിരെ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. മതിയായ ചികിത്സ പൂര്‍ണ്ണമായി നല്‍കുന്നതിന് മുമ്പ് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് അഡ്വ. കുളത്തൂര്‍ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha