ശബരിമലയിലെ സ്വർണ്ണ കൊള്ള; ഹിന്ദു സമുദായ സംഘടനകൾ പ്രതിഷേധ സമരത്തിനിറങ്ങണം എന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ശബരിമലയിലെ സ്വർണ്ണ കൊള്ളക്കെതിരെ എൻ.എസ്.എസ്, എസ് എൻ.ഡി.പി തുടങ്ങിയ ഹിന്ദു സമുദായ സംഘടനകൾ പ്രതിഷേധ സമരത്തിനിറങ്ങണം എന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ പങ്കാളിയായ ഹിന്ദു സംഘടനകൾക്കെല്ലാം ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കാനുള്ള ബാദ്ധ്യതയുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് അടിത്തറ പാകിയതും ശബരിമല ക്ഷേത്ര വികസനത്തിന് മുൻകൈ എടുത്തതും 1950-ൽ പ്രഥമ പ്രസിഡണ്ട് മന്നത്തുപത്മനാഭനും, ബോർഡ് അംഗം ആർ. ശങ്കറുമാണ്. അന്ന് മന്നം എൻ. എസ്. എസ് പ്രസിഡണ്ടും ആർ.ശങ്കർ എസ് എൻ.ഡി.പി പ്രസിഡണ്ടുമായിരുന്നു.
1958-ൽ കമ്മ്യൂണിസ്റ്റു ഭരണത്തിൽ ദേവസ്വം ഭരണത്തിൽ ക്രമക്കേടുണ്ടായപ്പോൾ ശക്തമായി സമരരംഗത്തുവന്നത് മന്നവും ശങ്കറുമാണ്. 1962 ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ശബരിമല വികസനത്തിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.
1981-ൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹമോഷണം ഉണ്ടായപ്പോൾ ക്ഷേത്രസംരക്ഷണ സമിതിയോടൊപ്പം സമരരംഗത്ത് സജീവമായി ഉണ്ടായിരുന്നത് അന്നത്തെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയും എസ് എൻ.ഡി.പി ജനറൽ സെക്രട്ടറി എം.കെ. രാഘവനുമാണ്.
https://www.facebook.com/Malayalivartha