ബസിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടാല്‍ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

കെ.എസ്.ആര്‍.ടി.സി ബസിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടാല്‍ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ആരും ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും എഴുതി മെനക്കെടേണ്ട ആവശ്യമില്ലെന്നും ഞാന്‍ മന്ത്രിയായിരിക്കുമെങ്കില്‍ നടപടി എടുത്തിരിക്കുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് മന്ത്രി മിന്നല്‍ പരിശോധന നടത്തിയ ബസിലെ ഡ്രൈവറെ സ്ഥലം മാറ്റിയിരുന്നു.
ഈ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഡ്രൈവര്‍ക്കെതിരെ മാത്രമല്ല, അത് പരിശോധിക്കാതെ വിട്ടവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ഗണേഷ് കുമാര്‍ വിശദീകരിച്ചു. തെറ്റ് കണ്ടാല്‍ തെറ്റ് തന്നെയാണ്. ജീവനക്കാരുടെ നെഞ്ചത്ത് കയറുകയാണെന്ന് പറയരുതെന്നും ഗണേഷ് വിശദീകരിച്ചു.
ബസിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ടതിനാണ് ഇന്ന് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ ബസ് തടഞ്ഞുനിര്‍ത്തി ഗതാഗതമന്ത്രി ജീവനക്കാരെ ശാസിച്ചിരുന്നു. വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ ചുമതലയുളള ഡ്രൈവറെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിനാണ് സംഭവം. കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന.
ബസിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തില്‍ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ മന്ത്രി തടഞ്ഞു നിര്‍ത്തി. ബസിന്റെ മുന്നില്‍ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരിക്കലും കെഎസ്ആര്‍ടിസി ബസുകള്‍ ഇങ്ങനെ വൃത്തികേടാക്കരുതെന്നും പൊതുഗതാഗത സംവിധാനമാണെന്നും ജീവനക്കാരോട് പറഞ്ഞാണ് മന്ത്രി മടങ്ങിപ്പോയത്. തുടര്‍ന്നാണ് ഇപ്പോള്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha