ഞെട്ടലോടെ ലോകം... പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം, ഇറാനിൽ അന്തിമ സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ഒന്നുകിൽ ഒരു നല്ല കരാറിൽ എത്തും, അല്ലെങ്കിൽ അവരെ ആയിരം നരകങ്ങളിലേക്ക് ചവിട്ടി മെതിക്കും

ഇന്ത്യയുമായി ബന്ധം ശക്തമാക്കാൻ അമേരിക്ക. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ പ്രത്യേക നിർദ്ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ 'സേവാ തീർത്ഥ്' ഹാളിൽ വെച്ച് നടന്ന അതീവ പ്രാധാന്യമുള്ള കൂടിക്കാഴ്ചയിലാണ് റൂബിയോ ഈ ക്ഷണം കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ഒരു മണിക്കൂറിലധികം നീണ്ട ചർച്ച നടത്തി. വരും ദിവസങ്ങളിൽ തന്നെ പ്രധാനമന്ത്രിയുടെ വാഷിംഗ്ടൺ സന്ദർശനം ഉണ്ടായേക്കുമെന്നാണ് യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കിയത്.
തൻറെ കന്നി ഇന്ത്യൻ സന്ദർശനത്തിനായി ശനിയാഴ്ച രാവിലെയാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയത്. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് അദ്ദേഹം ആദ്യം ഇറങ്ങിയത്. അവിടെ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച 'മിഷനറീസ് ഓഫ് ചാരിറ്റി'യുടെ ആഗോള ആസ്ഥാനമായ മദർ ഹൗസും, അതിനോട് ചേർന്നുള്ള നിർമ്മല ശിശുഭവൻ എന്ന അനാഥാലയവും അദ്ദേഹം സന്ദർശിച്ചു. ഭാര്യ ജെന്നറ്റ് റൂബിയോ, യുഎസ് അംബാസഡർ സെർജിയോ ഗോർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ 14 വർഷത്തിനിടയിൽ ഒരു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത് ഇതാദ്യമായാണ്. കൊൽക്കത്തയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഉച്ചയോടെ ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയിരിക്കുന്ന റൂബിയോ ഞായറാഴ്ച ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ഹൈദരാബാദ് ഹൗസിൽ വെച്ച് വിപുലമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്കയിൽ നിന്നുള്ള എൽഎൻജി, അസംസ്‌കൃത എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും, ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫ് നയങ്ങളെക്കുറിച്ചും ഇരുവരും സംസാരിക്കും. തുടർന്ന് അദ്ദേഹം ആഗ്ര, ജയ്പൂർ എന്നീ നഗരങ്ങളും സന്ദർശിക്കുന്നുണ്ട്. മേയ് 26-ന് ഡൽഹിയിൽ വെച്ച് നടക്കുന്ന ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ 'ക്വാഡ്' വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക സമ്മേളനത്തിലും മാർക്കോ റൂബിയോ പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാൻ ക്വാഡ് യോഗം വലിയ ഊന്നൽ നൽകുമെന്നാണ് സൂചന.
അതേസമയം ഇറാനുമായി മൂന്ന് മാസം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഒരു അന്തിമ സമാധാന കരാറിലേക്ക് വളരെ വേഗത്തിൽ അടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ശനിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി ട്രംപ് വെളിപ്പെടുത്തിയത്. ഈ കരാറിലൂടെ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഇറാൻ ആണവായുധം നിർമ്മിക്കുന്നത് പൂർണ്ണമായും തടയാൻ ഇതിലൂടെ സാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. തങ്ങൾ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയാൽ മാത്രമേ കരാറിൽ ഒപ്പുവെക്കൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ഈ സമാധാന ചർച്ചകളിൽ അനുകൂലമായ പുരോഗതിയുണ്ടായതായി അമേരിക്കയും ഇറാനും ഒരുപോലെ സമ്മതിക്കുന്നുണ്ട്. നിലവിലെ നിർദ്ദിഷ്ട കരാർ ഒരു രൂപരേഖ മാത്രമാണെന്നും യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനാണ് തങ്ങൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
സാമ്പത്തിക ഉപരോധങ്ങൾ നീക്കുക എന്നത് തങ്ങളുടെ പ്രധാന ആവശ്യമാണെന്ന് വ്യക്തമാക്കിയ ഇറാൻ, ആണവ വിഷയങ്ങളിലെ കൂടുതൽ വിശദമായ ചർച്ചകൾ അടുത്ത 30 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ മാത്രമേ നടക്കൂ എന്നും സൂചിപ്പിച്ചു. സ്ട്രാറ്റജിക് പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യവും ഈ ചർച്ചകളുടെ ഭാഗമാണ്. അതേസമയം ഞായറാഴ്ചയോടെ തന്റെ ഉപദേശകരുമായി ചർച്ച നടത്തി കരാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ട്രംപ് മറ്റൊരു അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയും കരാർ ഒപ്പിടാതിരിക്കുകയും ചെയ്താൽ ഇറാന് മേൽ വീണ്ടും ശക്തമായ സൈനിക ആക്രമണം ആരംഭിക്കുമെന്നും മറ്റൊരു രാജ്യവും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള വലിയ പ്രത്യാഘാതം ഇറാൻ നേരിടേണ്ടി വരുമെന്നും ട്രംപ് കടുത്ത ഭാഷയിൽ ഓർമ്മിപ്പിച്ചു.
ആറ് ആഴ്ചകൾക്ക് മുൻപ് പ്രഖ്യാപിച്ച താല്ക്കാലിക വെടിനിർത്തലിന് ശേഷം സമാധാന ശ്രമങ്ങളും സൈനിക ഭീഷണികളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്ന നയമാണ് അമേരിക്ക സ്വീകരിക്കുന്നത്. ശനിയാഴ്ച ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി ട്രംപ് ടെലിഫോണിലൂടെ ചർച്ച നടത്തിയിരുന്നു. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഈജിപ്ത്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഈ കരാർ അംഗീകരിക്കാൻ ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. കരാർ നടപ്പിലായാൽ അടുത്ത 30 മുതൽ 60 ദിവസത്തിനുള്ളിൽ കൂടുതൽ വിശദമായ ചർച്ചകൾ നടക്കുമെന്നും സ്ഥിരമായ സമാധാനം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കരാർ ഒപ്പിട്ടില്ലെങ്കിൽ ഇറാന് മേൽ വലിയ തോതിലുള്ള വ്യോമാക്രമണം വീണ്ടും തുടങ്ങുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പദവിയിൽ നിന്നും തുളസി ഗബ്ബാർഡ് രാജിവെച്ചു. 2026 മെയ് 22നാണ് ഗബ്ബാർഡ് തന്റെ രാജി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമർപ്പിച്ചത്. തന്റെ ഭർത്താവായ എബ്രഹാം വില്യംസിന് ബാധിച്ച അപൂർവമായ അസ്ഥി അർബുദത്തെ തുടർന്ന് അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനാണ് താൻ ഈ പദവി ഒഴിയുന്നതെന്ന് ഗബ്ബാർഡ് വ്യക്തമാക്കിയിട്ടുള്ളത്. ട്രംപിന്റെ രണ്ടാം ഭരണകൂടത്തിൽ നിന്നും രാജിവെക്കുന്ന നാലാമത്തെ കാബിനറ്റ് അംഗമാണ് തുളസി ഗബ്ബാർഡ്. ഇതിനോടകം തന്നെ അറ്റോർണി ജനറൽ പാം ബോണ്ടി, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, ലേബർ സെക്രട്ടറി ലോറി ഷാവേസ്-ഡിറെമർ എന്നിവർ വിവിധ കാരണങ്ങളാൽ രാജിവെച്ചിരുന്നു.2026 ജൂൺ 30ഓടെ തുളസി ഗബ്ബാർഡ് ഔദ്യോഗികമായി സ്ഥാനമൊഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗബ്ബാർഡിന്റെ രാജി സ്വീകരിച്ച പ്രസിഡന്റ് ട്രംപ്, അവർ തന്റെ ഭരണകാലത്ത് മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്നാണ് പ്രതികരിച്ചത്. തുളസി ഗബ്ബാർഡിന് പകരം ആരോൺ ലൂക്കാസ് നാഷണൽ ഇന്റലിജൻസ് ആക്ടിംഗ് ഡയറക്ടറായി ചുമതലയേൽക്കുമെന്ന് ട്രംപ് തന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി വിശദമാക്കി. ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു തുളസി ഗബ്ബാർഡിന്റെ പ്രവർത്തന കാലം. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇന്റലിജൻസ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലും ട്രംപ് ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായി തുളസി ഗബ്ബാർഡിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2025 ഫെബ്രുവരിയിലാണ് തുളസി ഗബ്ബാർഡ് ഈ പദവിയിൽ നിയമിതയായത്.
അതേസമയം ഭഗവദ്ഗീതയിൽ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്ത അമേരിക്കൻ കോൺഗ്രസിലെ ആദ്യത്തെ ഹിന്ദു അംഗം കൂടിയായിരുന്നു തുളസി ഗബ്ബാർഡ്. 2020ൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന അവർ പിന്നീട് ഡെമോക്രാറ്റിക് പാർട്ടി വിട്ട് ട്രംപിന് പിന്തുണ നൽകുകയായിരുന്നു.
അതേസമയം തങ്ങളുടെ ഏറ്റവും വലിയതും ശക്തിയേറിയതുമായ സ്റ്റാർഷിപ്പ് പരീക്ഷണ പറക്കലിൽ സ്പേസ് എക്സിന് വൻ തിരിച്ചടി. പുതിയ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണ പറക്കലിന് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ശനിയാഴ്ച നടന്ന ഈ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് വിക്ഷേപണ വാഹനം തീഗോളമായി മാറിയത്. സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ആറാമത്തെ പരീക്ഷണ പറക്കലായിരുന്നു ഇത്. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി അന്തരീക്ഷത്തിലൂടെ തിരികെ ഇറങ്ങുന്ന ഘട്ടം വരെ എല്ലാം ആസൂത്രണം ചെയ്തതുപോലെയാണ് നടന്നത്. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ നിശ്ചിത സ്ഥാനത്ത് പതുക്കെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റോക്കറ്റിന് പെട്ടെന്ന് തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ വൻ സ്ഫോടനത്തോടെ തകരുകയുമായിരുന്നു.
റോക്കറ്റിൽ നിന്നും തത്സമയം സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിൽ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ കത്തിയമരുന്നത് വ്യക്തമായി കാണാം. ഈ സ്ഫോടനം ഒരു പരാജയമായല്ല മറിച്ച് പരീക്ഷണത്തിന്റെ ഭാഗമായാണ് സ്പേസ് എക്സ് കണക്കാക്കുന്നത്. റോക്കറ്റിന്റെ ലാൻഡിംഗ് കപ്പാസിറ്റിയും അതിന്റെ താപ പ്രതിരോധ കവചങ്ങളും എത്രത്തോളം ശക്തമാണെന്ന് പരിശോധിക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. മുൻപത്തെ പരീക്ഷണങ്ങളെ അപേക്ഷിച്ച് കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ ഘട്ടങ്ങളിലൂടെ റോക്കറ്റ് കടന്നുപോയെന്നും ലഭിച്ച വിവരങ്ങൾ ഭാവിയിലെ ദൗത്യങ്ങൾക്ക് വലിയ ഗുണമുണ്ടാക്കുമെന്നും സ്പേസ് എക്സ് വക്താക്കൾ അറിയിക്കുന്നത്. മനുഷ്യനെ ചൊവ്വയിലേക്കും ചന്ദ്രനിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് സ്റ്റാർഷിപ്പ്.
അതേസമയം തന്നെ വിമർശിക്കുന്നവർ ഉന്നയിക്കുന്ന അധിക്ഷേപങ്ങളിൽ താൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് ‘ബുദ്ധിശൂന്യൻ’ എന്ന് വിളിക്കുന്നതാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ തന്നെ ഒരു ‘മിടുക്കനായ ഏകാധിപതി’ എന്ന് വിശേഷിപ്പിച്ചാൽ അതിൽ യാതൊരു എതിർപ്പുമില്ലെന്നും ട്രംപ് പറഞ്ഞു. ന്യൂയോർക്കിൽ നടന്ന ഒരു റാലിയിൽ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റവും ജനങ്ങളുടെ ജീവിതച്ചെലവും ചർച്ച ചെയ്യേണ്ട റാലിയിലാണ്, തന്റെ മാനസികാരോഗ്യം സംബന്ധിച്ച വിവാദങ്ങൾ ഉയർന്നപ്പോൾ ഡോക്ടറുമായി നടത്തിയ സംഭാഷണം ട്രംപ് പങ്കുവച്ചത്. ‘‘അവർ എന്നെ ഏറ്റവും മോശമായ രീതിയിലാണ് ആക്രമിച്ചത്. അവൻ ഒരു ബുദ്ധിശൂന്യനാണ് എന്ന് അവർ പറഞ്ഞു.അവർ എന്നെ മിടുക്കനായ ഒരു ഏകാധിപതി എന്ന് വിളിച്ചാൽ എനിക്ക് കുഴപ്പമില്ല, പക്ഷേ ബുദ്ധിശൂന്യൻ എന്ന് വിളിക്കുന്നത് എനിക്ക് സഹിക്കാനാകില്ലെന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു. വിമർശകരുടെ വായടപ്പിക്കാൻ എന്തെങ്കിലും പരിശോധനയുണ്ടോ എന്ന് ഡോക്ടറോട് ചോദിച്ചപ്പോൾ കോഗ്നിറ്റീവ് ടെസ്റ്റ് (മാനസിക ശേഷി പരിശോധന) ഉണ്ടെന്നായിരുന്നു മറുപടി. മുൻപ് ഒരു പ്രസിഡന്റും ഈ പരിശോധനയ്ക്ക് വിധേയരായിട്ടില്ലെന്നും ഡോക്ടർ പറഞ്ഞു. ഈ ടെസ്റ്റിലെ ചോദ്യങ്ങൾ ആദ്യം എളുപ്പമുള്ളതാണെങ്കിലും അവസാന ഭാഗത്തേക്ക് കടക്കുമ്പോൾ കഠിനമാകുമെന്നും ട്രംപ് വിശദീകരിച്ചു. താൻ മൂന്ന് തവണ ഈ പരിശോധന വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.
കൂടാതെ, പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവർക്കും കോഗ്നിറ്റീവ് ടെസ്റ്റ് നിർബന്ധമാക്കണമെന്നും അദ്ദേഹം തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴി പറഞ്ഞു. ബരാക് ഒബാമ, ജോ ബൈഡൻ എന്നിവരെപ്പോലെയുള്ളവർ തിരഞ്ഞെടുക്കപ്പെടുന്നത് തടയാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങൾക്കെതിരെ പ്രമുഖ മെഡിക്കൽ വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് എഴുതിയെന്ന് പറയുന്ന ‘മോൺട്രിയൽ കോഗ്നിറ്റീവ് അസസ്‌മെന്റ്’ എന്നത് ഡിമൻഷ്യ (മറവിരോഗം) പോലുള്ള രോഗങ്ങൾ കണ്ടെത്താനുള്ള പ്രാഥമിക പരിശോധന മാത്രമാണെന്ന് ടഫ്റ്റ്‌സ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഡോ. ഹെൻറി ഡേവിഡ് എബ്രഹാം വ്യക്തമാക്കുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ മൂന്ന് തവണ ഈ ടെസ്റ്റ് നടത്തേണ്ടി വന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ മാനസിക ശേഷി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ മുൻ പ്രഫസർ ഡോ. ജോൺ ഗാർട്നറും ആരോപിച്ചു.
https://www.facebook.com/Malayalivartha























