ബിനീഷ് കോടിയേരി സി പി എം രാഷ്ട്രീയം ഉപേക്ഷിക്കുമോ? കേരളം ഇക്കാര്യം സജീവമായി ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു ദിവസമായി... കോടിയേരിയുടെ മകനോട് പകരം വീട്ടുന്നതിൽ അസ്വസ്ഥരാണ്..

ബിനീഷ് കോടിയേരി സി പി എം രാഷ്ട്രീയം ഉപേക്ഷിക്കുമോ? കേരളം ഇക്കാര്യം സജീവമായി ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു ദിവസമായി. എം.വി ഗോവിന്ദൻ പിണറായി വിജയന്റെ നിർദ്ദേശം നടപ്പിലാക്കാൻ കിണഞ്ഞുശ്രമിക്കുന്നതിനിടയിൽ കണ്ണൂരിലെ സി പി എം പാർട്ടിയുടെ പ്രിയപ്പെട്ട സെക്രട്ടറിയായിരുന്ന കോടിയേരിയുടെ മകനോട് പകരം വീട്ടുന്നതിൽ അസ്വസ്ഥരാണ്.കണ്ണൂരിൽ സി പി എമ്മിന്റെ അച്ചുതണ്ടിന് കാര്യമായ തകരാർ സംഭവിച്ചിരിക്കെ നീക്കങ്ങൾ സശ്രദ്ധം വീക്ഷിക്കുകയാണ് ബി ജെ പി. കണ്ണൂരിൽ സി പി എമ്മിന്റെ തകർച്ച ആസന്നമായിരിക്കെയാണ് ബിനീഷ് കോടിയേരി കലാപ കൊടി ഉയർത്തിയത്. ബിനീഷ് കോടിയേരിക്ക് അംഗത്വം നൽകുന്നത് സംസ്ഥാന നേതൃത്വം പരിശോധിച്ചിട്ട് മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദ്ദേശം നൽകിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ബിനീഷ് കോടിയേരിക്ക് അംഗത്വം നൽകാത്തത് സംബന്ധിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയായാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. ബിനീഷിന് അംഗത്വം നൽകണമെന്ന് പറയുന്നവർ ഫലം വന്നശേഷം അദ്ദേഹമിട്ട കുറിപ്പ് ശ്രദ്ധിച്ചിരുന്നോയെന്നും അതും നോക്കി വേണം അംഗത്വം നൽകണമെന്ന് ആവശ്യപ്പെടാനെന്നും ഗോവിന്ദൻ തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽ വിമർശിച്ചു.പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിൽ പുനഃപരിശോധനയില്ലെന്ന് സംസ്ഥാന സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. പി.ബിയുടെ അംഗീകാരം വാങ്ങിയിരുന്നതായും പാർട്ടി യോഗങ്ങളിൽ വിമർശനമെന്നത് മാധ്യമ സൃഷ്ടിയാണെന്നും ഗോവിന്ദൻ പറഞ്ഞു. സെക്രട്ടറിക്ക് നേരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച ചോദ്യത്തിന് ഞങ്ങളെയല്ലാതെ പിന്നെ ആരെ വിമർശിക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. അതേസമയം, ഇന്നു മുതൽ താഴെ കമ്മിറ്റികളിലെ തീരുമാനങ്ങൾ വിലയിരുത്തും.
പിണറായിക്കെതിരെയുള്ള വിമർശനങ്ങളാണ് ബിനീഷും നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട പരാജയത്തിന് പിന്നാലെയാണ് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയത് . പുഷ്പനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ കോടിയേരി എത്തിയ ചിത്രത്തിനൊപ്പം 'ഒരേയൊരു കോടിയേരി' എന്നെഴുതിയാണ് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്.അതേസമയം, തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ 99 സീറ്റ് ലഭിച്ച് എൽ.ഡി.എഫിന് ഇത്തവണ 35 സീറ്റാണ് ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തുവന്നു. സംസ്ഥാനത്ത് ഉണ്ടായത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽനിന്ന് വോട്ടുകൾ ചോർന്നത് ഗൗരവത്തോടെ കാണുന്നു.
കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.മുൻ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തിരുത്തൽ പ്രക്രിയകൾ നടന്നെങ്കിലും അവ ഫലപ്രദമായില്ലെന്നതിൽ പാർട്ടിക്കുള്ളിൽ വിമർശനമുയരുന്നതിനിടെയാണ് ഗോവിന്ദന്റെ പ്രതികരണം. ജനപിന്തുണ വീണ്ടെടുക്കാൻ പാർട്ടി സംഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരും. ഓരോ മണ്ഡലത്തിലും പ്രദേശത്തും എന്തു സംഭവിച്ചുവെന്ന് പരിശോധിച്ച ശേഷം പരാജയത്തിന്റെ അടിസ്ഥാനം വ്യക്തമാകൂവെന്ന് അദ്ദേഹം പറഞ്ഞു.കണ്ണൂരിലെ പാർട്ടിയുടെ ഉരുക്കുകോട്ടകൾ തകർന്നടിഞ്ഞത് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. മുമ്പും തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണത്തെ ആഘാതം വലുതാണ്. വോട്ടുകളുടെ ഏകീകരണം പരാജയത്തിന് പിന്നിലുണ്ടോയെന്ന ചോദ്യത്തിന് അതും പരിശോധനയുടെ ഭാഗമാണെന്നായിരുന്നു മറുപടി. പരാജയത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പാർട്ടിയെയും മുന്നണിയെയും ദിശാബോധത്തോടെ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ബിനീഷ് കോടിയേരിയെ പാർട്ടിയിൽ സജീവമാക്കാതെ മാറ്റി നിർത്തിയിരിക്കുന്നത് എന്തിനെന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ചോദ്യം ഉയർന്നു. ജില്ലാ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ചിൽ മുൻപ് അംഗമായിരുന്നു ബിനീഷ്. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പാർട്ടിയെ ശരിയായ രീതിയിൽ പ്രതിരോധിക്കുന്നുണ്ടെങ്കിലും പ്രവർത്തിക്കാൻ പാര്‍ട്ടി അവസരം നല്‍കുന്നില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കെ സംഘടനയെ നയിച്ചതുപോലെ ഇപ്പോഴത്തെ നേതൃത്വത്തിനു കഴിയുന്നില്ലെന്നും വിമർശനമുണ്ടായി.ബിനീഷ് കോടിയേരിയെ തിരുവനന്തപുരത്തെ സാംസ്കാരിക പരിപാടിക്ക് ക്ഷണിച്ച ശേഷം പിന്നീട് ഒഴിവാക്കിയതാണ് ജില്ലാ കമ്മിറ്റിയിൽ ഈ വിഷയം ഉയരാൻ കാരണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിക്ക് ബിനീഷ് കോടിയേരിയെ ക്ഷണിച്ചിരുന്നു. ഇതേക്കുറിച്ച് അറിയിച്ച് തലസ്ഥാനത്തെ പ്രധാന നേതാവ് ബിനീഷിനോടൊപ്പം ഉള്ള ചിത്രം പങ്കുവച്ചതോടെ ഒഴിവാക്കാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു.
ഇവരോടൊക്കെയാണോ സൗഹൃദം എന്നും അന്ന് ജില്ലാ നേതൃത്വത്തിലുള്ള നേതാക്കന്‍മാരിലൊരാള്‍ ഫോട്ടോ പങ്കുവെച്ച നേതാവിനോട് ചോദിക്കുകയും ചെയ്തിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ചില സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി ബിനീഷ് പ്രചാരണത്തിന് ഇറങ്ങിയെങ്കിലും ഔദ്യോഗിക പ്രചാരണത്തിന് സിപിഎം ക്ഷണിച്ചിരുന്നില്ല. പിണറായിയും ഗോവിന്ദനും ഏറെ നാളായി കോടിയേരിയുടെ കുടുംബത്തിനെതിരെ തിരിഞ്ഞിരുന്നു. കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയുടെ സഹോദരനെ ട്രിവാൻഡ്രം ക്ലബിലെ പണം വച്ച്ചീട്ടുകളിയിൽ പിടികൂടിയത് സി പി എം നിർദ്ദേശ പ്രകാരമായിരുന്നു. മനോരമ ഓൺലൈനിൽ വിനോദിനി നൽകിയ അഭിമുഖം പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകം വിനോദിനിക്ക് പണി കൊടുക്കാൻ സി പി എം തീരുമാനിച്ചു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും എ കെ ജി സെൻററും ഒരേ മനസോടെയാണ് പ്രവർത്തിച്ചതെന്ന് കോടിയേരി ഭക്തർ വിശ്വസിക്കുന്നു. കോടിയേരിക്ക് തലസ്ഥാനത്ത് പൊതുദർശനം നടത്തിയില്ലെന്ന് മാത്രമല്ല വിനോദിനി പറഞ്ഞത്. സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി പരാമർശങ്ങൾ വിനോദിനി നടത്തി. കോടിയേരി ഒരിക്കലും ഇത്തരത്തിൽ സംസാരിച്ചിട്ടില്ല. കോടിയേരി ഉണ്ടായിരുന്നെങ്കിൽ വിനോദിനിയും ഇത്തരത്തിൽ സംസാരിക്കുമായിരുന്നില്ല.അഭിമുഖം പുറത്തുവന്ന് ഏതാനും മണിക്കൂറുകൾ സി പി എം കാത്തു .വിനോദിനി അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾ നിഷേധിക്കുമോ എന്ന് സി പി എം നോക്കി. എന്നാൽ പരാമർശങ്ങൾ പിൻവലിക്കാതിരുന്നതോടെ പാർട്ടിയും സർക്കാരും ആ തീരുമാനമെടുത്തു. വിനോദിനി പരാമർശം പിൻവലിച്ചിരുന്നെങ്കിൽ ആരോപണം മനോരമയുടെ തലയിൽ ഇരിക്കുമായിരുന്നു.
വിനോദിനിയുടെ ബന്ധുവിൻ്റെ ചീട്ടുകളി പാർട്ടിക്ക് മുമ്പേ അറിയുമായിരുന്നു. കോടിയേരിയുടെ അളിയനായതു കൊണ്ടു മാത്രമാണ് ഇത്രയും കാലം സി പി എം വിട്ടുകൊടുത്തത്. കോടിയേരി ഇടപെട്ടാണ് ചീട്ടുകളിയിൽ പിടിച്ചയാളെ എം.ഡിയാക്കിയത്. ഇപ്പോഴും വിനോദിനിയും മക്കളും പറയുന്ന കാര്യങ്ങളൊക്കെ തങ്ങൾ നടത്തുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഇക്കാര്യം വിനോദിനിയും സമ്മതിക്കുന്നുണ്ട്. കോടിയേരിയുടെ ഫോണിനെ കുറിച്ച് വിനോദിനി പറഞ്ഞത് ഇപ്രകാരമാണ്."അത് എന്റെ കയ്യിലുണ്ട്. ഒന്നു രണ്ടു കാര്യത്തിന് പാർട്ടി നേതാക്കളെ ബന്ധപ്പെടേണ്ടി വന്നപ്പോൾ അതിൽ നിന്നാണ് വിളിച്ചത്. പെട്ടെന്ന് എടുക്കുമല്ലോ. മുഖ്യമന്ത്രിയെ വിളിച്ചതും ആ നമ്പരിൽനിന്നാണ്. അദ്ദേഹം കൈകൊണ്ടു തൊട്ട ഒരു സാധനവും ഞാൻ കളഞ്ഞിട്ടില്ല. എല്ലാം നിധി പോലെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. പേന, കണ്ണട, ചെരുപ്പ്, ബാഗ്, വാച്ച്, കട്ടിൽ എല്ലാം അതുപോലെത്തന്നെ ഉണ്ട്. ആരുമില്ല. ഞാൻ ഒറ്റപ്പെട്ടു. എന്നാൽ അതിന്റെ പേരിൽ എനിക്കു സങ്കടമില്ല. ബാലകൃഷ്ണേട്ടൻ ഇല്ലാതായിപ്പോയതിന്റെ സങ്കടമേ എനിക്കുള്ളൂ. എല്ലാവരും വന്ന് എന്റെ കാര്യം അന്വേഷിക്കണം എന്ന ആഗ്രഹമൊന്നും എന്റെ ചിന്തയിലേ ഇല്ല. അവരൊന്നും വരുന്നില്ലല്ലോ, അല്ലെങ്കിൽ പാർട്ടി.. അതൊന്നും ആലോചിക്കാറേ ഇല്ല.
ബാലകൃഷ്ണേട്ടന്റെ നഷ്ടം മാത്രമാണ് എന്റെ പ്രശ്നം. മറ്റുള്ളവരുടെ പരിഗണന എന്റെ പ്രശ്നമല്ല. വളരെ ആത്മാർഥമായി തന്നെ പറയുകയാണ്." ഇതാണ് വിനോദിനിയുടെ വാക്കുകൾ. " ദേഷ്യംകൊണ്ടു പറയുന്നതല്ല, സത്യമാണ്. എനിക്കൊരു കുഴപ്പവുമില്ല, ഞാൻ ഒന്നും പ്രതീക്ഷിക്കാറില്ല. മനുഷ്യന്മാർക്കെല്ലാം വലിയ തിരക്കല്ലേ. അപ്പോൾ ആർക്കാണ് എന്നെ ആലോചിക്കാൻ നേരം ഉണ്ടാകുക. ബാലകൃഷ്ണേട്ടൻ ഉണ്ടെങ്കിൽ ശരി. അതില്ലാതെ എന്നെ എന്തിനാണ് ആലോചിക്കുന്നത്. അതിന്റെ ആവശ്യമില്ലല്ലോ.വല്ലപ്പോഴും ആരെങ്കിലും വരും. സുഖമാണോ എന്ന് അവർ ചോദിക്കുമ്പോൾ എനിക്കു വിഷമം വരും. സുഖം എന്നത് ഇനി ഇല്ലല്ലോ. അതെല്ലാം എന്റെ ജീവിതത്തിൽനിന്നു പോയി. ഞാൻ ജീവിച്ചിരിപ്പുണ്ട് എന്നു മാത്രമേ ഉള്ളൂ. ഉറക്കംതന്നെ തീരെ കുറവാണ്. അങ്ങനെ പുറത്തു പോകാറുമില്ല. ആകപ്പാടെ നാലു പരിപാടികളിലാണ് ഇതിനിടെ പങ്കെടുത്തത്. അതിൽ രണ്ടും അദ്ദേഹവുമായി ബന്ധപ്പെട്ടതായിരുന്നു.
പിന്നെ തലശേരിയിൽനിന്ന് തിരുവനന്തപുരത്തേക്കു വരും, തിരിച്ചുപോകും. ബാലകൃഷ്ണേട്ടന്റെ ഓർമകളുമായി ഒതുങ്ങിക്കൂടുന്നെന്നു മാത്രം.' ഈ വാക്കുകളിലും വിനോദിനി പാർട്ടിയെ പരോക്ഷമായി വെല്ലുവിളിക്കുന്നു.ട്രിവാൻഡ്രം ക്ലബ്ബിൽ പണംവച്ച് ചീട്ടുകളിച്ചതിനു പൊലീസ് പിടിയിലായവരിൽ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയും ഉൾപ്പെട്ടു എന്ന വാർത്ത പുറത്തു വന്നപ്പോൾ അത് കോടിയേരിയുടെ മച്ചമ്പിയാണെന്ന് ആർക്കും മനസിലായില്ല.എന്നാൽ പ്രതി വിനോദിനിയുടെ സഹോദരനാണെന്ന വിവരം പുറത്തുവിട്ടത് സി പി എം വൃത്തങ്ങൾ തന്നെയാണ്. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം ഡി എസ്.ആർ.വിനയകുമാർ അടക്കം 9 പേരാണ് അറസ്റ്റിലായത്. 7.5 ലക്ഷം രൂപയും കണ്ടെത്തി. വിനയകുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനാണ് വിനയകുമാറെന്ന് പൊലീസ് പറഞ്ഞു.
സെക്രട്ടറിയറ്റ് ജീവനക്കാരനായ ജയകൃഷ്ണൻ, സിമന്റ് വ്യാപാരിയായ ശങ്കർ, പ്രവാസിയായ ഷിഹാസ്, റിയൽ എസ്റ്റേറ്റ് ബിസിനസുകാരായ അഷറഫ്, ആന്റണി, വ്യാപാരിയായ വിനോദ്, ഐടിഐ ഇൻസ്ട്രക്ടർ സീതാറാം, വ്യാപാരിയായ മനോജ്, എസ്.ആർ.വിനയകുമാർ എന്നിവരാണ് ചീട്ടു കളിക്കുന്നതിനിടയിൽ മ്യൂസിയം പോലീസിന്റെ പിടിയിലായത്.മ്യൂസിയം പോലീസിനെ ട്രിവാൻഡ്രം ക്ലബിലേക്ക് അയച്ചത് ആരാണെന്ന് ബിനീഷ് കോടിയേരിക്കറിയം.എന്നാൽ അവർ നിശബ്ദത പാലിക്കുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ബിനീഷിനും പണി കിട്ടും.പണംവച്ച് ചീട്ടുകളിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് ക്ലബ്ബിൽ റെയ്ഡ് നടത്തിയത്. പൊലീസെത്തിയപ്പോൾ ചീട്ടുകളി നടക്കുകയായിരുന്നു. ക്ലബ്ബിലെ അഞ്ചാം നമ്പർ മുറിയിൽനിന്നാണ് സംഘത്തെ പിടികൂടിയത്. വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. വിനയകുമാറിന്റെ പേരിലാണ് മുറിയെടുത്തതെന്ന് ക്ലബ്ബ് അധികൃതരും പൊലീസിനോട് പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ പൊതുദര്‍ശനം സംബന്ധിച്ച് ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത് വന്നത് കാര്യങ്ങളെ കൂടുതൽ ഗുരുതരമാക്കി. അതെല്ലാം പാര്‍ട്ടി മുന്‍പേ ചര്‍ച്ച ചെയ്ത വിഷയമാണെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. കോടിയേരിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിനോദിനി കഴിഞ്ഞദിവസം പറഞ്ഞത്. വിനോദിനിയുടെ സഹോദരനെ ചൂതാട്ടത്തിന് പിടികൂടിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രതികരണം കോടിയേരി കുടുംബത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി.കോടിയേരിയുടെ ദീർഘകാല പ്രവർത്തന മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് അദ്ദേഹത്തിന്‍റെ ഭൗതികശരീരം എത്തിക്കേണ്ടതായിരുന്നുവെന്നും ആ വിലാപയാത്ര ആരാണ് അട്ടിമറിച്ചതെന്നും രാഹുൽ ചോദിച്ചു.
ആരുടെ ധൃതിയാകാം കോടിയേരിക്ക് അർഹമായ ആ യാത്രമൊഴിയെ നിഷേധിച്ചിട്ടുണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു. ആ സങ്കടം വിനോദിനി കോടിയേരി പങ്കുവച്ച ദിവസം തന്നെ അവരുടെ സഹോദരനും യുണൈറ്റഡ് ഇൻഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ എം ഡിയുമായ എസ് ആർ വിനയകുമാറിനെ ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചൂതാട്ടം നടത്തിയതിന് പൊലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാമെന്നും രാഹുൽ പരിഹസിച്ചു. ഇത്തരം യാദൃശ്ചികതകളെ ഭയന്നാണ് സി പി എമ്മിലെ ജീർണ്ണതകളെ പറ്റി ആ പാർട്ടിയിലെ പല നേതാക്കളും മൗനമായിരിക്കുന്നതെന്നും മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. ഇത്തരം യാദൃശ്ചികതകളെ ഭയന്നാണ് സി പി എമ്മിലെ ജീർണ്ണതകളെ പറ്റി ആ പാർട്ടിയിലെ പല നേതാക്കളും മൗനമായിരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.
ഇതിനിടെ വിനോദിനിയെ പിന്തുണച്ച് പിണറായി വിമർശകനും മുൻ ദേശഭമാനി എഡിറ്ററുമായ ജി.ശക്തിധരൻ രംഗത്തെത്തി. ഇത് സർക്കാരിന് കൂടുതൽ തലവേദനയായി. കേരളത്തിലെ അഞ്ചുലക്ഷത്തിലേറെ പാർട്ടി അംഗങ്ങൾ ഈ സമുന്നത നേതാവിനോട് കാട്ടിയ മാപ്പർപ്പിക്കാത്ത നിന്ദയെ എങ്ങിനെ കണ്ടില്ലെന്നു നടിക്കുന്നു എന്നാണ് ശക്തിധരൻ ചോദിച്ചത് . ഒരു പോളിറ്റ് ബ്യുറോ അംഗം മരിച്ചിട്ട് അതിലൊരു അനുശോചന ദുഃഖാചരണം പോലും നടത്താത്ത ചരിത്രം ഉണ്ടായിട്ടുണ്ടോ? മരണാനന്തര ചടങ്ങുകളിൽ പോലും അനാദരവല്ലേ കാട്ടിയത് ? മുഖ്യമന്ത്രിയുടെ മക്കൾക്കും കുടുംബാംഗങ്ങൾക്കും വിദേശത്തെ ഉല്ലാസയാത്ര വൈകും എന്നതിന്റെ പേരിലല്ലേ ഈ അനാദരവ് കാട്ടിയത് . മനുഷ്യൻ എപ്പോൾ മരിക്കും എന്ന് ആർക്കുംഉറപ്പിക്കാനാവില്ല. നാളെ ഈ മുഖ്യമന്ത്രിക്ക് ഇങ്ങിനെ ഒരു ദുര്യോഗം ഉണ്ടാകില്ലെന്ന് എങ്ങിനെ പറയാനാകും?
മൂലധനശേഷിയുള്ള പാർട്ടിക്ക് ആരുമായിരുന്നില്ലേ, ഞങ്ങൾ ചെല്ലപ്പേരിൽ വിളിക്കുന്ന, കോടിയേരി? ഇപ്പോൾ ഒരു വീട്ടമ്മ മാത്രമാണല്ലോ പാർട്ടിക്ക് വിനോദിനി. അതുകൊണ്ടാകും എൺപത്തഞ്ചോളം സംസ്ഥാനകമ്മിറ്റി അംഗങ്ങളിൽ ഒരാളുടെ വായിൽക്കിടന്ന നാവുപോലും വിനോദിനിയുടെയോ മക്കളുടെയോ നെഞ്ചിലെ വേദന കാണാതെപോയത് . ഈ നേതാക്കളിൽ ഏറെപ്പേരും വിവാഹിതരാണ്. പാർട്ടി ഈ കുടുംബത്തോട് കാട്ടിയ കടുത്ത അനീതി അവരൊന്നും അറിയാത്തതല്ല .പക്ഷെ സംസാരിക്കാനുള്ള അവയവം അവർ മരവിപ്പിച്ചു വച്ചിരിക്കുകയാണ് . അതാണ് സോവിയറ്റ് യൂണിയനിലും സംഭവിച്ചത് . കേരളത്തിലും അടിമവ്യവസ്ഥ നിയമം കൊണ്ട് നിരോധിച്ചിട്ടുണ്ട് .പക്ഷെ ഇരട്ടചങ്കൻ വിചാരിച്ചാൽ എപ്പോൾ വേണമെങ്കിലും ആ കരിനിയമം പുനഃസ്ഥാപിക്കും. അതാണ് കോടിയേരിയുടെ കാര്യത്തിൽ കണ്ടത് .
പാർട്ടിയുടെ ആരംഭകാലത്തു ഒരു പാട് നിസ്വാർത്ഥരും ധീരരുമായ നേതാക്കൾ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും അവർ പൂർണ്ണ തോതിലുള്ള ദാമ്പത്യ ജീവിതം പിന്തുടരാറില്ലായിരുന്നു . മക്കളുണ്ടായാൽ പാർട്ടിയോട് കൂറ് പുലർത്താൻ അത് വിലങ്ങുതടിയാകും എന്ന് ഭയം ആയിരുന്നു കാരണം. മക്കളുണ്ടാകുന്നതിൽ നിന്നും അവർ പിന്മടങ്ങി. ലൗകിക ജീവിതം ഉപേക്ഷിച്ചു. .അതൊരു വരട്ടുവാദ ജീവിതം ആയിരുന്നു..എന്നാൽ ഇപ്പോഴത്തെ കമ്മ്യുണിസ്റ്റ് ശൈലി അടിമയായി ജീവിച്ചു കാണിക്കുക എന്നതാണ്. അപ്പോൾ പിന്നെ ജീവിതത്തിൽ ഒന്നിനും കുറവുണ്ടാകില്ല. അടിമയാണെന്ന് തെളിയിച്ചുകൊണ്ടിരുന്നാൽ മതി. വിദ്യാഭ്യാസമുള്ള അടിമയെങ്കിൽ മൂല്യം കൂടും . മന്ത്രി എം ബി രാജേഷിനെ കണ്ടിട്ടില്ലേ?. ആദ്യ ജന്മത്തിൽ നിങ്ങൾ ആരായിരുന്നു എം വി ഗോവിന്ദൻ? അടിമകളുടെ രാജാവോ? തലസ്ഥാനത്തു ഞങ്ങൾ സി ഭാസ്കരന്റേയും കോടിയേരിയുടെയും നേതൃത്വത്തിൽ സൃഷ്ടിച്ച ആ ഇടി മുഴക്കങ്ങൾ കേട്ടിട്ടുണ്ടോ?
വിനോദിനിയുടെ അച്ഛൻ രാജുമാഷ് ഒന്നരകാൽ മാത്രം ഉണ്ടായിട്ടും യൂണിവേഴ്‌സിറ്റി കോളജിന് മുന്നിൽ സംഘർഷഭൂമിയിൽ തലശ്ശേരിയിൽ നിന്നെത്തി, ഗുണ്ടകളെ തടഞ്ഞു നിർത്തി ഞങ്ങളെ കണ്ണിലെ കൃഷണമണിപ്പോലെ കയ്യൂക്കു കൊണ്ട് സംരക്ഷിച്ച നാളുകൾ ഞങ്ങൾക്ക് എങ്ങിനെ മറക്കാനാകും. ഒറ്റ ഡി ജി പി മാത്രം വാഴുന്ന കേരള തലസ്ഥാനത്തു നടുറോഡിൽ ഞങ്ങൾക്ക് കൈയ്യൂക്ക് കാണിക്കാൻ ധൈര്യം കിട്ടിയത് രാജുമാഷിനെപ്പോലെയുള്ളവരുടെ ആയോധനകല യുടെ ചങ്കുറപ്പ് കൊണ്ടാണ് . രാജൂ മാഷ് ഒരു പി ടി അദ്ധ്യാപകൻ മാത്രമായിരുന്നില്ല. ശക്തിധരൻ്റെ ഈ വാക്കുകൾക്ക് ചാട്ടുളിയെക്കാൾ ശക്തിയാണ് ഇതിനിടെ ബിനീഷിന് കാര്യം മനസിലായി. തൻ്റെ അമ്മ പറഞ്ഞത് പാർട്ടിക്കെതിരെയാണ് എന്ന വാദം ശരിയല്ലെന്ന് ബിനീഷ് പറഞ്ഞു.അന്ന് അമ്മക്കെതിരെ പറഞ്ഞ ബിനീഷ് ഇന്ന് പാർട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നു.
ഇതാണ് സി പി എം. നാളെ ഒരു പക്ഷേ ഏതൊരു സഖാവിനും ഇത് സംഭവിക്കാം. കാരണം ഇത് പകരം വീട്ടുന്ന പാർട്ടിയാണ്. ചിത്രത്തിലൂടെ കണ്ണോടിച്ചാൽ ഇത് മനസിലാക്കാവുന്നതേയുള്ളു.
https://www.facebook.com/Malayalivartha
























