കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ സീലിംഗ് തകര്‍ന്നുവീണ് യാത്രക്കാര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലെ സീലിംഗ് തകര്‍ന്നുവീണ് യാത്രക്കാര്‍ക്ക് പരിക്ക്. കോഴിക്കോട് മാവൂര്‍ റോഡിലെ പ്രധാന കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇവിടെ ബസ് കാത്തിരുന്ന കായംകുളം കിരിക്കാടി കിഴക്കേലമൂട് വീട്ടില്‍ മധു(58), വയനാട് മാനന്തവാടി ചെറുപുഴ കോക്കണ്ടത്തില്‍ ഹൗസില്‍ അജിത്ത് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ തലയിലുണ്ടായ മുറിവുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.
മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റിന് താഴെ ഘടിപ്പിച്ച ജിപ്‌സം സീലിംഗ് ഇളകിവീഴുകയായിരുന്നു. മാനന്തവാടി, തൊട്ടില്‍പ്പാലം ബസുകളെത്തുന്ന പതിമൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് സമീപമാണ് സീലിംഗ് അടര്‍ന്നുവീണത്. കാത്തിരിപ്പുകേന്ദ്രത്തില്‍ അധികം യാത്രക്കാരില്ലാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ സീലിംഗും അടര്‍ന്നുവീഴുമെന്ന സ്ഥിതിയിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സീലിംഗും പൊട്ടിവീണിരുന്നു. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സമാനമായ സ്ഥിതിതന്നെയാണ്.
നിത്യേന നിരവധി യാത്രക്കാരാണ് ഈ ദുരിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്നത്. ബലക്ഷയം ഉള്ളതിനാല്‍ ബഹുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലകള്‍ വാടകയ്ക്ക് കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യവും നിലവിലുണ്ട്.
2021ല്‍ മദ്രാസ് ഐഐടി നടത്തിയ പഠനത്തില്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, കെട്ടിടം പാട്ടത്തിനെടുത്തിരിക്കുന്ന അലിഫ് ബില്‍ഡേഴ്‌സും സര്‍ക്കാരും (കെടിടിഎഫ്‌സി) തമ്മില്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ നിയമതര്‍ക്കങ്ങള്‍ തുടരുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
https://www.facebook.com/Malayalivartha



























