മുന്ന വധക്കേസില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു പ്രതികളെയും വെറുതെ വിട്ടു

പാലക്കാട് മുന്ന വധക്കേസില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു പ്രതികളെയും വെറുതെ വിട്ട് എറണാകുളം സിബിഐ പ്രത്യേക കോടതി. കേസില്‍ ആരോപണവിധേയരായ മുന്‍ മണ്ണാര്‍ക്കാട് എംഎല്‍എയും സിപിഐ നേതാവുമായിരുന്ന പി.കുമാരന്റെ സഹോദരനും അബ്കാരി കോണ്‍ട്രാക്ടറുമായ പി.വിജയന്‍, കുമാരന്റെ മകന്‍ പി.കെ.സുധീര്‍, വിജയന്റെ മാനേജരായിരുന്ന ജോര്‍ജ് മംഗളം എന്നിവരെയാണ് കോടതി വെറുതെവിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേ സമയം, മുന്നയുടെ മരണം കൊലപാതകം തന്നെയാണെന്നും കോടതി വിലയിരുത്തി.
അതേ സമയം, പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ നേരിട്ടുള്ള തെളിവുകളൊന്നുമില്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. കേസ് പൂര്‍ണമായും സാഹചര്യത്തെളിവുകളെ മാത്രമാണ് ആശ്രയിക്കുന്നത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങളുമായി പ്രതികളെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചിട്ടില്ല എന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്കെതിരെയുള്ള കുറ്റം സംശയരഹിതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി കുറ്റവിമുക്തരാക്കുന്നു എന്നും കോടതി വ്യക്തമാക്കി. ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും ഇത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. പുതിയതായി റേഞ്ച് പിടിച്ച മുന്ന സാമ്പത്തികഭാരം താങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്തു എന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ പിന്നീട് മുന്നയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് 199ല്‍ സിബിഐക്ക് കൈമാറിയത്.
1992 ഏപ്രില്‍ 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അബ്കാരി ബിസിനസുകാരനായ കെ.ജി.മുന്നയെ പാലക്കാട് ശ്രീകൃഷ്ണപുരത്തിന് സമീപം തൂവശ്ശേരി കുന്നില്‍ നിര്‍ത്തിയിട്ടിരുന്ന അംബാസഡര്‍ കാറിന്റെ മുന്‍സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ണാര്‍ക്കാട് മേഖലയിലെ കള്ളുഷാപ്പ് ലേലവുമായി ബന്ധപ്പെട്ട് അബ്കാരി രംഗത്തുണ്ടായ കടുത്ത ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നായിരുന്നു തുടക്കം മുതലുള്ള ചര്‍ച്ചകള്‍. ഇതിനെ സാധൂകരിക്കുന്ന വിധത്തിലാണ് സിബിഐയുെട കണ്ടെത്തലുണ്ടായതും. അബ്കാരി കരാറുകാരായിരുന്ന പി.വിജയനും പി.കെ. സുധീറും 1992ലെ അബ്കാരി ലേലത്തില്‍ മണ്ണാര്‍ക്കാട്/ശ്രീകൃഷ്ണപുരം റേഞ്ചുകളിലെ ഷാപ്പുകള്‍ ലേലം പിടിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ മുന്നയ്ക്ക് 1.5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു എന്ന് സിബിഐ പറയുന്നു. തുടര്‍ന്ന് മുന്ന ഇതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ഏപ്രില്‍ 10ന് പെരിന്തല്‍മണ്ണയില്‍ വെച്ച് പണം കൈമാറുകയും ചെയ്തു. ഈ തുക തിരികെ വാങ്ങാന്‍ പെരിന്തല്‍മണ്ണയിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ വച്ച് പ്രതികള്‍ മുന്നയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കത്തിന് ശേഷം കാറില്‍ പോയ മുന്നയെ പാതായ്ക്കരയില്‍ വെച്ച് തടഞ്ഞുനിര്‍ത്തി കാറിന്റെ ജാക്കി ലിവര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് തെളിവ് നശിപ്പിക്കുന്നതിനായി കാറിന്റെ ഡിക്കിയിലും മുന്‍ സീറ്റിലുമായി മൃതദേഹം കൊണ്ടുപോയി തൂവശ്ശേരിക്കുന്നില്‍ വെച്ച് പാമോയിലും സ്പിരിറ്റും ഒഴിച്ച് കാറിന് തീയിട്ട് കത്തിച്ചു എന്നുമായിരുന്നു സിബിഐ കണ്ടെത്തല്‍.
മുന്‍ എംഎല്‍എ പി.കുമാരന്‍, മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 21 പേരെ പ്രതിചേര്‍ത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2011ല്‍ വിചാരണ ആരംഭിച്ച കേസില്‍ ദീര്‍ഘകാലം നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പലരും കൂറുമാറി. കൊലപാതകം നേരിട്ട് കണ്ടെന്ന പ്രധാന സാക്ഷിയുടെ മൊഴി ദോഹയില്‍ പോയി വീഡിയോയില്‍ പകര്‍ത്തി കോടതിയില്‍ ഹാജരാക്കിയെങ്കിലും പിന്നീട് ഇയാളും മൊഴി മാറ്റിപ്പറഞ്ഞു. സാക്ഷിമൊഴികളിലെ പരസ്പരവിരുദ്ധതയും വ്യക്തമായ തെളിവുകളുടെ അഭാവവും കണക്കിലെടുത്താണ് ദീര്‍ഘകാലത്തെ വിചാരണയ്ക്ക് ശേഷം സിബിഐ കോടതി പ്രതികളെ കുറ്റമുക്തരാക്കിയത്. അതേ സമയം, മുന്നയുടെ മരണം പൊള്ളലേറ്റോ ശ്വാസം മുട്ടിയോ അല്ലെന്നും മറിച്ച് തലയ്‌ക്കേറ്റ മാരകമായ ക്ഷതം മൂലമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാക്ഷിമൊഴികള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തിയതില്‍ നിന്നാണ് ഈ കണ്ടെത്തല്‍. അതുകൊണ്ടു തന്നെ മുന്നയുടേത് ആത്മഹത്യയോ അപകടമരണമോ എന്ന വാദം പൂര്‍ണമായി തള്ളിക്കളയുകയും ഒരു കൊലപാതകം തന്നെയെന്ന് കോടതി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























