ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

അമ്പലപ്പുഴയില്‍ ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൊലീസ്. കുഞ്ഞ് റെയില്‍വേ ട്രാക്കിലേയ്ക്ക് ഓടിക്കയറി വരുന്നത് കണ്ടുവെന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതുകണ്ട് ട്രെയിനിന്റെ വേഗത കുറയ്ക്കാന്‍ ലോക്കോ പൈലറ്റ് ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിന്റെ മരണത്തില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.
കുഞ്ഞിന്റെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. സംശയങ്ങള്‍ ഒരുപാടുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. ഉയരത്തിലുള്ള ട്രാക്കിലേയ്ക്ക് കുറ്റിച്ചെടികള്‍ക്കിടയിലൂടെ കുട്ടി എങ്ങനെയെത്തിയെന്നതായിരുന്നു നാട്ടുകാരുടെ സംശയം. അറിയുന്ന പരിധിക്കപ്പുറം പോകാത്ത കുട്ടി ഇത്രയും ദൂരം നടന്ന്, കയറ്റമുള്ള വഴിയിലൂടെ കയറി ട്രാക്കിലെത്തിയെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് പ്രദേശവാസിയായ യുവതി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇന്നലെ വൈകുന്നേരമാണ് അമ്പലപ്പുഴ കക്കാഴം പുതുവല്‍ വിനീതിന്റെ മകന്‍ ത്രിണവ് ട്രെയിന്‍ തട്ടി മരിച്ചത്. വൈകിട്ട് ആറുമണിയോടെ കൊല്ലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മെമു ട്രെയിന്‍ തട്ടുകയായിരുന്നു.
https://www.facebook.com/Malayalivartha

























