സങ്കടക്കാഴ്ചയായി... താഴെ വീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ബസിൽ കയറുന്നതിനിടെ താഴെ വീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കോങ്ങാട് എൻഎസ്എസ് നഗർ കരുണയിൽ ഗോപീകൃഷ്ണൻ എം.പിയുടെയും ബീന എസ്സിന്റെയും മകൾ ഗൗരി ജി. കൃഷ്ണയാണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിനിയാണ്. ഇന്നലെ രാവിലെ കോങ്ങാടിനടുത്ത് ചെല്ലിക്കലിലാണ് അപകടം ഉണ്ടായത്.
രാവിലെ കോളജിലേക്ക് പോകുന്നതിനായി ചെല്ലിക്കലിൽ വെച്ച് സ്വകാര്യ ബസ്സിൽ കയറുകയായിരുന്നു ഗൗരി. ഇതിനിടയിൽ ഒരു ഷൂ അഴിഞ്ഞ് റോഡിലേക്ക് വീണു. ബസ് മുന്നോട്ട് എടുക്കുന്ന സമയത്തായിരുന്നു ഇത്.
താഴെ വീണ ഷൂ എടുക്കുന്നതിനായി വിദ്യാർഥിനി ബസ്സിൽ നിന്നും താഴേക്ക് ഇറങ്ങാൻ ശ്രമിക്കുകയും കാൽതെറ്റി റോഡിലേക്ക് വീഴുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ വിദ്യാർഥിനി മരണപ്പെട്ടു. അപകടവിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha























