മധുവിന്റെ കൊലപാതകത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു ; അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തും

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപണത്തെ തുടർന്ന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മജിസ്ട്രേറ്റ് തല അന്വേഷണം ആരംഭിച്ചു. ഹൈകോടതി നിര്‍ദ്ദേശ പ്രകാരം മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം. രമേശാണ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചത്.
മധുവിനെ പിടികൂടിയ മുക്കാലി വനമേഖലയിലും, മര്‍ദിച്ച മറ്റു സ്ഥലങ്ങളിലുമെല്ലാം മജിസ്ട്രേറ്റ് സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും. കൂടാതെ മധുവിന്റെ അമ്മ മല്ലി, സഹോദരിമാര്‍ എന്നിവരില്‍ നിന്നും മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തും.
നാട്ടുകാര്‍ പിടികൂടിയ മധുവിനെ മര്‍ദിച്ച് അവശനാക്കി പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ സ്റ്റേഷനിലേക്ക് പോവുന്ന വഴിയില്‍ മധു മരിക്കുകയായിരുന്നു. ഇക്കാര്യത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ആയതിനെ തുടർന്ന് പോലീസുകാർക്ക് മരണത്തിൽ ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ടോ എന്നും അന്വേഷിക്കും.
https://www.facebook.com/Malayalivartha
























