റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് പകരക്കാരെ ഏര്‍പ്പെടുത്തി ഇനി റേഷന്‍ വാങ്ങാം

റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് പകരക്കാരെ ഏര്‍പ്പെടുത്താനുള്ള സംവിധാനത്തിനു തുടക്കം. ഗുരുതര രോഗത്താല്‍ കിടപ്പിലായവര്‍, 65 വയസ്സിനുമേല്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി റേഷന്‍ കടകളില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ മാത്രമുള്ള കാര്‍ഡുടമകള്‍ക്കും അംഗങ്ങള്‍ക്കും പകരക്കാരെ ഏര്‍പ്പെടുത്തി റേഷന്‍ വാങ്ങാം.
പകരക്കാരെ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഗുണഭോക്താവ് ഉള്‍പ്പെട്ട റേഷന്‍ കടയിലെ കാര്‍ഡിലെ അംഗങ്ങള്‍ക്കേ പകരക്കാരാകാന്‍ കഴിയൂ.പകരക്കാരനാകുന്ന വ്യക്തി ആധാറും, മൊബൈല്‍ നമ്പറും റേഷന്‍ കാര്‍ഡുമായി ചേര്‍ത്തിരിക്കണം. റേഷന്‍ കട ലൈസന്‍സികളോ കുടുംബാംഗങ്ങളോ പകരക്കാരാകാന്‍ പാടില്ല. പകരക്കാരെ ഏര്‍പ്പെടുത്തേണ്ടവര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷിക്കണം. രേഖ പരിശോധിച്ച് സപ്ലൈ ഓഫിസര്‍ പകരക്കാരെ ഉള്‍പ്പെടുത്തി ഉത്തരവു നല്‍കും.
പൊതുവിതരണം പൂര്‍ണമായി 'ഇപോസ്' മുഖേന ബയോമെട്രിക് സംവിധാനത്തിലൂടെയാക്കിയതോടെ അസുഖങ്ങളാലും അവശതകളാലും കടകളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് റേഷന്‍ ലഭിക്കാത്ത അവസ്ഥ ഒഴിവാക്കാനാണ് പകരം സംവിധാനം ഒരുക്കിയത്.
https://www.facebook.com/Malayalivartha