പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനത്തിൽ പ്രത്യേക പൂജകള്‍ നടത്തി ഭാര്യ യശോദബെന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനത്തിൽ പ്രത്യേക പൂജകള്‍ നടത്തി ഭാര്യ യശോദബെന്‍. ദന്‍ബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ യശോദബെന്‍ പ്രധാനമന്ത്രിക്കായി പ്രത്യേക പൂജകള്‍ നടത്തി. 500 വര്‍ഷത്തിലേറെ പഴക്കമുണ്ട് ക്ഷേത്രത്തിന്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യശോദബെന്‍ ക്ഷേത്രത്തിലെത്തിയത്. പശ്ചിമബംഗാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കല്യാണേശ്വരി ക്ഷേത്രം ഏറെ പ്രസിദ്ധമാണ്.
സഹോദരനും സെക്രട്ടറിക്കുമൊപ്പമാണ് യശോദബെൻ ക്ഷേത്രത്തില്‍ എത്തിയത്. പൂജകള്‍ക്കായി 201 രൂപയാണ് യശോദ ബെന്‍ നല്‍കിയത്. ശിവ പ്രതിമയിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം 101 രൂപ ദക്ഷിണയും അവര്‍ നല്‍കി.
ക്ഷേത്രത്തിലെ പൂജാരിയായ ബില്‍ട്ടു മുഖര്‍ജിയാണ് യശോദബെന്നിനായി പൂജകള്‍ ചെയ്തത്. കാളീ ദേവിക്കായി രാജാ ലക്ഷ്മണ്‍ സെന്‍ നിര്‍മ്മിച്ച ക്ഷേത്രമാണ് അസന്‍സോളിലെ കല്യാണേശ്വരി ക്ഷേത്രം.
അതേസമയം ഗുജറാത്തില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മോദി, എല്ലാ ജന്മദിനത്തിലുമെന്നപോലെ ഇന്നും അമ്മ ഹീരാബെന്നിനൊപ്പം കുറച്ച് സമയം ചെലവഴിക്കും. തുടര്‍ന്ന് സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ഏകതാ പ്രതിമയും സന്ദര്‍ശിക്കും. 'നമാമി നര്‍മദാ മഹോത്സവം' ഉദ്ഘാടനം ചെയ്യുന്ന മോദി കേവഡിയായിലെ ചടങ്ങില്‍ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ സ്കൂളുകളിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ പ്രവാഹമാണ്.
https://www.facebook.com/Malayalivartha