കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് തന്റെ സുരക്ഷയില്‍ ആശങ്കയില്ല. അതിനാല്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകളെ തന്റെ സുരക്ഷാ ചുമതലയില്‍ നിന്ന് അദ്ദേഹം നീക്കി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് തന്റെ സുരക്ഷയില്‍ ആശങ്കയില്ല. അതിനാല്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകളെ തന്റെ സുരക്ഷാ ചുമതലയില്‍ നിന്ന് അദ്ദേഹം നീക്കി. സി.ആര്‍.പി.എഫിനായിരിക്കും ഇനി അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അമിത്ഷാ നല്‍കിയതായാണ് വിവരം. റോ അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭീഷണിയുള്ള കേന്ദ്രമന്ത്രിയാണ് അമിത് ഷാ. അദ്ദേഹം ആഭ്യന്തരമന്ത്രിയായ ശേഷം പലരുടെയും സുരക്ഷ വെട്ടിച്ചുരുക്കിയിരുന്നു.
ഒന്നാം മോദി മന്ത്രിസഭയില്‍ രാജ്‌നാഥ് സിംഗും അതിന് മുമ്പ് പി.ചിദംബരവും സുശീല്‍കുമാര്‍ ഷിന്‍ഡെയും ശിവരാജ് സിങ് ചൗഹാനും എന്‍.എസ്.ജിയാണ് സുരക്ഷയൊരുക്കിയിരുന്നത്. ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചെങ്കിലും അമിത് ഷാ അത് നിരസിച്ചതായാണ് വിവരം. 100 പാരമിലിറ്ററി കമാന്‍ഡോകളുടെ സംരക്ഷണമാണ് അമിത് ഷായുടെ ഓഫീസിലും ഔദ്യോഗിക വസതിയിലും ഏര്‍പ്പെടുത്തിയത്. വീടിന് പുറത്ത് ഡല്‍ഹി പൊലീസ് കാവലുണ്ട്. രാജ്യത്തിന്റെ ഏത് ഭാഗത്തും അമിത്ഷാ പങ്കെടുക്കുന്ന പരിപാടികളുടെ സുരക്ഷാ ചുമതല ലോക്കല്‍ പൊലീസിനാണ്. അമിത്ഷായുടെ ഗുജറാത്തിലെ വീടിനും സുരക്ഷയുണ്ട്. ഭാര്യയും മക്കളും അടക്കമുള്ള അടുത്തബന്ധുക്കള്‍ക്കും സുരക്ഷയുണ്ട്.
ഡല്‍ഹിയിലെ കൃഷ്ണമേനോന്‍ മാര്‍ഗിലെ 6 എയിലാണ് അമിത്ഷാ താമസിക്കുന്നത്. ഇസഡ് പ്ലസ് സുരക്ഷയാണ് അമിത്ഷായ്ക്ക് നല്‍കുന്നത്. വീട്ടിലും ഓഫീസിലും യാത്രയിലും അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്‌സണ്‍ സുരക്ഷയാണ് നല്‍കുന്നത്. കാശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ 370 അനുച്ഛേദം എടുത്ത് കളഞ്ഞതിന് പിന്നാലെ അമിത്ഷായ്ക്ക് സുരക്ഷാ ഭീഷണി വര്‍ദ്ധിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സംഘടനകളില്‍ നിന്നാണ് ഭീഷണിയുള്ളത്. അത് കൂടി കണക്കിലെടുത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ ആവശ്യം. എന്നാല്‍ കൂടുതല്‍ സുരക്ഷയൊരുക്കിയാല്‍ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന നിലപാടിലാണ് അമിത്ഷാ.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര ഉള്‍പ്പെടെ 13 വി.വി.ഐ.പികളുടെ സുരക്ഷ ഡല്‍ഹി പൊലീസ് പിന്‍വലിച്ചിരുന്നു. വാദ്രയുടെ അമ്മ മൗരിന്‍ വാദ്ര, സിബിഐ ഡയറക്ടര്‍ ആയിരുന്ന അലോക് വര്‍മ എന്നിവരുടെ ഉള്‍പ്പെടെ സുരക്ഷയാണ് പിന്‍വലിച്ചത്. വാദ്രയുടെ അമ്മയ്ക്ക് ആറ് പൊലീസുകാരാണ് കാവല്‍ നിന്നിരുന്നത്. സുരക്ഷാ ചുമതലയില്‍ ഒഴിവാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിലെ ക്രമസമാധാനപാലനത്തിനായി നിയോഗിച്ചു. 464 വിവിഐപികള്‍ക്കാണ് ഡല്‍ഹി പൊലീസിന്റെ വിവിധ കാറ്റഗറിയിലുള്ള സുരക്ഷ നല്‍കുന്നത്. അതില്‍ 398 പേര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷ നല്‍കുന്നത്. ബാക്കിയുള്ള 66 പേര്‍ക്ക് പൊലീസ് ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശപ്രകാരവും സുരക്ഷ നല്‍കുന്നു. 77,000 അംഗബലമുള്ള ഡല്‍ഹി പൊലീസിലെ 10,400 പേരും വിഐപി സുരക്ഷയ്ക്കായി നിയോഗിക്കപ്പട്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha