രാജ്യം കണ്ട ഏറ്റവും വലിയ ഹണി ട്രാപ്പ് വിവാദം മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ചൂടുപിടിക്കുന്നു; ജൂനിയര്‍ ഉദ്യോഗസ്ഥരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും വ്യവസായികളും ഉള്‍പ്പെടെ 'പെണ്‍കെണി'യില്‍ ആയുധമാക്കിയത് ബോളിവുഡ് നടിമാരെ?

രാജ്യം കണ്ട ഏറ്റവും വലിയ ഹണി ട്രാപ്പ് വിവാദം മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ചൂടുപിടിക്കുകയാണ്. ജൂനിയര്‍ ഉദ്യോഗസ്ഥരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും വ്യവസായികളും ഉള്‍പ്പെടെ 'പെണ്‍കെണി'യില്‍ (ഹണി ട്രാപ്പ്) കുടുങ്ങിയവരുടെ പട്ടിക ഓരോ ദിവസവും നീളുകയാണ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹണി ട്രാപ്പ് റാക്കറ്റ് പെണ്‍കുട്ടികളെ കണ്ടെത്തുന്നത് സംബന്ധിച്ച വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ആർതി ദയാൽ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ൻ (38), ശ്വേതാ സ്വപ്നിയാൽ ജെയ്ൻ (48), ബർഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് ഇതുവരെ പിടിയിലായത്.
ആർതി ദയാൽ, മോണിക്ക യാദവ്, ശ്വേത വിജയ് ജെയ്ൻ, ശ്വേത സ്വപ്നിയാൽ ജെയ്ൻ, ബർഖ സോണി എന്നിവർക്കു മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമുണ്ടായിരുന്നെന്നാണു വിവരം. സെക്രട്ടേറിയറ്റിൽ സ്ഥിരംവന്നുപോകാറുണ്ടായിരുന്ന ഇവർക്കു മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. എട്ടുമാസം മുമ്പ് ഭർത്താവിനെതിരെ സ്ത്രീധനപീഡനക്കേസ് നൽകി വീടു വിട്ടിറങ്ങിയ ആർതി ദയാലാണു ശ്വേതയുമായി ചേർന്ന് ഇങ്ങനെയൊരു സാധ്യത തിരിച്ചറിയുന്നതും പ്രയോജനപ്പെടുത്തി പണമുണ്ടാക്കുന്നതും.
ഭോപാലിലെ ഐഎഎസ് ഓഫിസറുമായുള്ള അടുപ്പം പെൺമാഫിയ സംഘത്തിനു വേരോട്ടമുണ്ടാക്കി. സർക്കാരിന്റെ നിരവധി സ്കീമുകളും ഫണ്ടുകളും ആർതി ദയാലിന്റെ എൻജിഒയ്ക്കായി തരപ്പെടുത്തിയിരുന്നത് ഈ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. 2013, 2018 വർഷങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മുഖ്യപ്രചാരകയായിരുന്നു ശ്വേത വിജയ് ജെയ്ൻ എന്നു ദൃശ്യങ്ങൾ സഹിതം മധ്യപ്രദേശ് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുണോദോയ് ചൗബ ആരോപിച്ചു. ബിജെപിയുടെ യുവജനവിഭാഗമായ യുവമോർച്ചയുമായി ശ്വേതയ്ക്കു ബന്ധമുണ്ടെന്നു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും ആരോപിച്ചു.
ജിത്തു ജിറാട്ടി യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷയായിരിക്കുമ്പോൾ ശ്വേത ജെയ്ൻ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നുവെന്ന ദിഗ് വിജയ് സിങ്ങിന്റെ ആരോപണം ജിത്തു ജിറാട്ടി തള്ളി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ശ്വേത ഇരിക്കുന്ന ചിത്രം കോൺഗ്രസ് പുറത്തുവിട്ടത് ബിജെപിക്കു ക്ഷീണമായി. സാഗർ സ്വദേശിയായ ശ്വേതയ്ക്കു മീനൽ റസിഡൻസിയിൽ ബംഗ്ലാവ് വാങ്ങി നൽകിയത് മുൻ മുഖ്യമന്ത്രിയായിരുന്നു. ബുന്ദേൽഖണ്ഡ്, മാൽവ, നിമാർ എന്നിവിടങ്ങളിൽ നിന്നുള്ള ചില മന്ത്രിമാരോടും ശ്വേതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഘത്തിലെ രണ്ടാം നേതാവായ ശ്വേത സ്വപ്നിയാൽ ജെയ്നിന്റെ ബന്ധം ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിങ്ങുമായിട്ടായിരുന്നു. സിങ്ങിന്റെ ബംഗ്ലാവിലായിരുന്നു ശ്വേതയുടെ താമസം. 35,000 രൂപ വാടക കൊടുത്താണ് അവിടെ കഴിഞ്ഞിരുന്നതെന്നാണു വാർത്തകൾ. ബ്രോക്കർ മുഖേനയാണു വീട് വാടകയ്ക്ക് നൽകിയതെന്നും ഇവർ ഇതേ കോളനിയിലെ മറ്റൊരു വീട്ടിൽ കുറച്ചുനാൾ താമസിച്ചിരുന്നതിനാൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയില്ലെന്നുമാണു ബിജേന്ദ്ര പ്രതാപ് സിങ് പറയുന്നത്.
ബിജെപി എംഎൽഎ ദിലീപ് സിങ്ങ് പരിഹാറിന്റെ വിട്ടിലാണു മുൻപ് ഇവർ താമസിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. നിമാറിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകയാണ് ബർഖ സോണി. കോൺഗ്രസിന്റെ സംസ്ഥാന ഐടി സെൽ അംഗമായ ഇവരുടെ ഭർത്താവിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. രാജ്ഗഡ് സ്വദേശിയായ മോണിക്ക യാദവ് ബിരുദ വിദ്യാർഥിനിയാണ്. സമൂഹത്തിലെ ഉന്നതരും സ്വാധീനമുള്ളവരും ഇവരുടെ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നുവെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടെത്തി. കൂടുതൽ ഇരകൾ പരാതിയുമായി വരുംദിവസങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സംഘത്തിലെ അഞ്ച് യുവതികളും ഒരു പുരുഷനും ഇൻഡോറിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെയാണ് ‘പെൺകെണി’യെ കുറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിയുന്നത്. നാലായിരത്തോളം വീഡിയോ ദൃശ്യങ്ങളാണ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയത്. പ്രമുഖരുടെ നഗ്നദൃശ്യങ്ങൾ, ലൈംഗികചുവയുള്ള ഫോൺ സംഭാഷണം, ചാറ്റുകൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ബോളിവുഡിലെ രണ്ടാംനിര നായികമാരെ ഉപയോഗിച്ചാണ് കെണിയൊരുക്കിയത്. മൂന്നു കോടി രൂപ പ്രതിഫലം വേണം എന്നാരോപിച്ച് ഒരു സംഘം ആളുകൾ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയറുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 6 അംഗ സംഘം അറസ്റ്റിലായത്.
https://www.facebook.com/Malayalivartha