ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍. ഭരണഘടനച്ചട്ടങ്ങള്‍ മറികടന്നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്ന 11 ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.
ജസ്റ്റിസുമാരായ എ.എസ് കൗള്‍, ആര്‍. സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവായ്, സൂര്യ കാന്ത് എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 എ എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.
ജമ്മുകശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിക്കുന്ന നിയമവും കേന്ദ്രം കൊണ്ടുവന്നിരുന്നു. ഇവ ചോദ്യം ചെയ്ത് 11ഹരജികളാണ് സുപ്രിം കോടതിക്ക് മുന്നിലുള്ളത്. കേന്ദ്ര തീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ്. കേന്ദ്രതീരുമാനത്തിന് കശ്മീര്‍ ജനതയുടെ അനുമതിയില്ല. 2019ലെ ജമ്മുകശ്മീര്‍ പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും ഹര്‍ജികള്‍ വാദിക്കുന്നു.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസനൈന്‍ മസൂദി എന്നിവര്‍ക്ക് പുറമെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാക്കളായ ഷാ ഫൈസല്‍, ഷഹ്ല റാഷിദ്, അഭിഭാഷകരായ ഷാക്കിര്‍ ഷബീര്‍, എം.എല്‍ ശര്‍മ, സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി എന്നിവരുള്‍പ്പെടെ 12 ഹരജിക്കാരാണുള്ളത്.
അഭിഭാഷകനായ എസ്.എല്‍ ശര്‍മയാണ് ആദ്യം ഹര്‍ജി നല്‍കിയത്. രാഷ്ട്രപതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ആറിനു തന്നെ ശര്‍മ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ക്ക് പുറമെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, അന്യായ തടവുകള്‍ എന്നിവ ചോദ്യം ചെയ്തുള്ള ഹര്‍ജികളും ഈ ബഞ്ച് പരിഗണിക്കും.
https://www.facebook.com/Malayalivartha